അന്തരിച്ച നടൻ രാജീവ് കപൂറുമായുള്ള സൗഹൃദത്തേക്കുറിച്ച് മനസുതുറന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. രാജ് കപൂർ ഒരുക്കി രാജീവ് കപൂർ നായകനായ രാം തേരി ഗംഗാ മേലി എന്ന ചിത്രത്തിൽ താൻ നായികയായി അഭിനയിക്കേണ്ടിയിരുന്നുവെന്ന് ഖുശ്ബു വിക്കി ലല്വാനിക്ക് നൽകിയ അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു. ആ ചിത്രത്തിൽ അഭിനയിക്കാനെത്തുമ്പോൾ തനിക്ക് 14 വയസേ ഉണ്ടായിരുന്നുള്ളൂവെന്നും ആ കഥാപാത്രം പിന്നീട് ചെയ്തത് മന്ദാകിനിയായിരുന്നെന്നും ഖുശ്ബു ഓർത്തെടുത്തു.
രാം തേരി ഗംഗാ മേലിക്കുവേണ്ടി രാജീവ് കപൂറും താനുമായുള്ള ഫോട്ടോഷൂട്ട് വരെ കഴിഞ്ഞിരുന്നെന്ന് ഖുശ്ബു പറഞ്ഞു. ചിത്രങ്ങൾ രാജ് കപൂറിനെ വളരെ ഇഷ്ടമായെന്നും ഇവളാണ് എന്റെ ഗംഗയെന്ന് പറയുകയും ചെയ്തു. ഗംഗോത്രി ഷെഡ്യൂൾ തീർക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. കനത്ത മഞ്ഞുവീഴ്ചയായതുകൊണ്ട് അത് നടന്നില്ല. അതോടെ ഷൂട്ട് കൊൽക്കത്തയിലേക്ക് മാറ്റി. വേശ്യാലയത്തിൽനിന്നുള്ള രംഗങ്ങൾ അവിടെയാണ് ചിത്രീകരിച്ചതെന്നും ഖുശ്ബു പറഞ്ഞു.
2021-ലാണ് രാജീവ് കപൂർ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ഞെട്ടിപ്പോയെന്നും ഖുശ്ബു പറഞ്ഞു. “ചിമ്പു എന്നാണ് ഞങ്ങൾ രാജീവിനെ വിളിച്ചിരുന്നത്. അന്ന് വിളിച്ചപ്പോൾ അദ്ദേഹം ക്ഷീണിതനായിരുന്നു. കാൽമുട്ടിന് പ്രശ്നമുണ്ടായിരുന്നതുകൊണ്ട് ഒന്നിലേറെ ശസ്ത്രക്രിയകൾ ചെയ്തിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല. ചിമ്പുവിന് തീരെ വയ്യാതിരിക്കുകയാണെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ ഞാൻ മുംബൈയിലുണ്ടായിരുന്നു. ചിമ്പു ഇനി ഇല്ല എന്നാണ് അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചുകൊണ്ട് ബോണി കപൂർ ഫോണിലൂടെ പറഞ്ഞത്.” ഖുശ്ബുവിന്റെ വാക്കുകൾ.
“വലിയതോതിൽ മദ്യത്തിന് അടിപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്നമുണ്ടായിരുന്നു. മദ്യപാനശീലം വലിയൊരു പ്രശ്നം സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ ഈ ശീലം ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചില്ല. കോവിഡിന്റെ സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുതലേന്ന് ഞങ്ങൾ സംസാരിച്ചതായിരുന്നു. കടുത്ത പനി അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു. എങ്കിലും അസുഖമെല്ലാം മാറി ഉടൻ നേരിൽക്കാണാമെന്ന് പറയുകയും ചെയ്തിരുന്നു.” ഖുശ്ബു ഓർമിച്ചു.
ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചത് രാജീവ് കപൂർ ആയിരുന്നെന്ന് ഖുശ്ബു പറഞ്ഞു. വിരലുകളിൽ സ്ഥിരം വെളുത്ത നെയിൽ പോളീഷാണ് താൻ ഉപയോഗിച്ചിരുന്നതെന്നും അത് നല്ല ഭംഗിയുണ്ടെന്ന് രാജീവ് കപൂർ പറഞ്ഞതിനാൽ ജീവിതത്തിൽ ഇന്നോളം ആ പതിവ് തുടർന്നെന്ന് ഖുശ്ബു വ്യക്തമാക്കി. ശബ്ദമുണ്ടാക്കാതെ എങ്ങനെ നടക്കണമെന്ന് തന്നെ പഠിപ്പിച്ചതും അദ്ദേഹമാണെന്ന് ഖുശ്ബു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]