ഓർമ്മകൾ സ്പന്ദിക്കുന്ന വാച്ചാണത്. സിനിമാജീവിതത്തിലെ ധന്യവും ദീപ്തവുമായ നിമിഷങ്ങളോട് ചേർന്നുനിൽക്കുന്ന ഉപഹാരം. “പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ ശ്രദ്ധിച്ചാൽ എന്റെ കയ്യിൽ ഒരു വലിയ സീക്കോ വാച്ച് കെട്ടിയിരിക്കുന്നതു കാണാം, അന്നത്തെ ഇരുപത്തൊന്നുകാരന്റെ തീരെ മെലിഞ്ഞ കയ്യിന് ഒട്ടും ചേർച്ചയില്ലാത്ത ഒന്ന്.”– സത്യൻ അന്തിക്കാടിന്റെ ഓർമ്മ. ”സിന്ദൂരത്തിലെ ‘ഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെയറിയാൻ’ എന്ന പാട്ട് റെക്കോർഡ് ചെയ്ത് കേട്ടയുടൻ സന്തോഷസൂചകമായി നിർമ്മാതാവ് ഡോ ബാലകൃഷ്ണൻ കയ്യിൽനിന്ന് അഴിച്ചെടുത്ത് സമ്മാനിച്ചതാണ്. വർഷങ്ങളോളം ആ വാച്ച് കയ്യിൽ കെട്ടി നടന്നു ഞാൻ. അടുത്തകാലത്താണ് അത് ഉപയോഗിക്കാതായത്, പ്രായാധിക്യം വാച്ചിനെയും ബാധിച്ചു തുടങ്ങിയതോടെ.”
എങ്കിലും, അമൂല്യനിധി പോലെ ആ ഉപഹാരം ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു സത്യൻ, ഇടക്കിടെ എടുത്തുനോക്കാനും കാതോടടുപ്പിക്കാനും വേണ്ടി. പഴയൊരു കാലത്തിന്റെ ഹൃദയമിടിപ്പുകൾ കേൾക്കാം അപ്പോൾ.. സ്നേഹസുരഭിലമായ ഒരു കാലം. “ആ സൂചി അൽപ്പനേരത്തേക്കെങ്കിലും ഒന്ന് ഭൂതകാലത്തേക്ക് തിരിച്ചുവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്തിട്ടുണ്ട്. എത്ര മനോഹരമായ, നടക്കാത്ത സ്വപ്നം എന്നറിഞ്ഞുകൊണ്ടു തന്നെ…”
“ഒരു നിമിഷം തരൂ” എന്ന ഗാനത്തെ കുറിച്ച് ഇന്നും പലരും വികാരവായ്പ്പോടെ സംസാരിക്കുന്നതു കേൾക്കുമ്പോൾ സന്തോഷം തോന്നും സത്യന്, അത്ഭുതവും. എഗ്മൂറിലെ ഡോ. ബാലകൃഷ്ണന്റെ ക്ലിനിക്കിനു പിന്നിലെ ഒരു മുറിയിലിരുന്ന് ഡോക്ടറും സംവിധായകൻ ജേസിയും വിവരിച്ചു തന്ന സിറ്റുവേഷൻ മനസ്സിൽ സങ്കൽപ്പിച്ച് പാട്ടെഴുതുമ്പോൾ അതിത്രത്തോളം ജനപ്രിയമാകുമെന്നോ അര നൂറ്റാണ്ടിനിപ്പുറവും ആസ്വദിക്കപ്പെടുമെന്നോ സങ്കൽപ്പിച്ചിട്ടു പോലുമില്ലല്ലോ അന്നത്തെ യുവഗാനരചയിതാവ്. എഴുതിക്കൊടുത്ത വരികളിൽ നിന്ന് എ.ടി. ഉമ്മർ സൃഷ്ടിച്ച ഈണമാണത്.
“പാട്ടെഴുത്തുകാരനാവാൻ മോഹിച്ചു കോടമ്പാക്കത്തേക്ക് വണ്ടികയറിയ ആളല്ല ഞാൻ. സിനിമാ സംവിധാനം തന്നെയായിരുന്നു ആത്യന്തിക ലക്ഷ്യം. അതേസമയം, ചെയ്യുന്ന ഏതു തൊഴിലിനോടും പരിപൂർണ പ്രതിബദ്ധത പുലർത്തണമെന്ന് നിർബന്ധവുമുണ്ട്. പാട്ടെഴുത്തിന്റെ കാര്യത്തിലും ആ നിലപാടിൽനിന്ന് വ്യതിചലിച്ചിട്ടില്ല ഞാൻ. സിന്ദൂരത്തിലെ പാട്ടെഴുതുമ്പോൾ ചെറിയൊരു മത്സരബുദ്ധി കൂടിയുണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ. ഞാനുൾപ്പെടെ അഞ്ചു പേരുണ്ട് ആ പടത്തിൽ ഗാനരചയിതാക്കളായി. ചിലരൊക്കെ പരിചയസമ്പന്നർ. എങ്കിലും നമ്മൾ പിന്നിലായിപ്പോകരുതല്ലോ..”
ഭരണിക്കാവ് ശിവകുമാർ, അപ്പൻ തച്ചേത്ത്, ശശികല മേനോൻ, കോന്നിയൂർ ഭാസ് എന്നിവരായിരുന്നു ‘സിന്ദൂര’ത്തിലെ മറ്റു പാട്ടെഴുത്തുകാർ. “ഇന്നത്തെ സിനിമയുടെ അന്തരീക്ഷത്തിൽ എന്നപോലെ വളരെ ലാഘവത്തോടെ, ചുരുങ്ങിയ സമയത്തിനുള്ളിൽ നിർവഹിക്കാൻ കഴിയുന്ന ഒന്നല്ല അന്ന് ഗാനസൃഷ്ടി. പാട്ടെഴുതി ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ വിശദമായ റിഹേഴ്സലാണ്. ക്ലിനിക്കിനു പിന്നിലെ മുറിയിൽ വന്നിരുന്ന് ദാസേട്ടൻ മനസ്സിരുത്തി പാട്ടു പഠിക്കുന്നത് ഓർമ്മയുണ്ട്. ഗാനസന്ദർഭം മാത്രമല്ല പാടുന്ന കഥാപാത്രവും നടനും ആരെന്നു വരെ ചോദിച്ചു മനസ്സിലാക്കും അദ്ദേഹം. അത് കഴിഞ്ഞു മൂന്ന് ദിവസം കഴിഞ്ഞാണ് റെക്കോർഡിങ്. ഗാനത്തിന്റെ പൂർണ്ണതക്ക് വേണ്ടിയുള്ള ഏകാഗ്രമായ ഒരു യജ്ഞമാണ് അവിടെ നമ്മൾ കാണുക. ഭരണി സ്റ്റുഡിയോയിലെ ഗാനലേഖനവേളയിൽ ഓർക്കസ്ട്ര കണ്ടക്റ്റ് ചെയ്ത ആളെ ഓർമ്മയുണ്ട്, ആർ’കെ’ ശേഖർ.”
സഹസംവിധായകൻ എന്ന നിലയിൽ “സിന്ദൂര”ത്തിന്റെ (1976) ആശയം രൂപപ്പെടുന്ന ഘട്ടം മുതലേ ഒപ്പമുണ്ടായിരുന്നതുകൊണ്ട് കഥാമുഹൂർത്തങ്ങൾ എല്ലാം കാണാപ്പാഠമാണ് സത്യന്. “ഡോക്ടർ പറഞ്ഞുതരുന്ന തിരക്കഥ എഴുതിയെടുക്കുന്ന ജോലിയാണ് അന്നെനിക്ക്. എഴുതിയും വായിച്ചും വെട്ടിയും തിരുത്തിയും കഥയുടെയും കഥാപാത്രങ്ങളുടെയും ആത്മാവുമായി അതിനകം ഇഴുകിചേർന്നിരിക്കും നമ്മൾ. ഡോക്ടറുടെ സുന്ദരിയായ മകളെ പ്രണയിക്കുന്ന ലുക്കീമിയ രോഗിയുടെ റോളിലാണ് ‘സിന്ദൂര’ത്തിൽ വിൻസന്റ്. സിനിമയുടെ ഒരു ഘട്ടത്തിൽ ജയഭാരതിയുടെ കഥാപാത്രം വിൻസന്റിനോട് അപേക്ഷിക്കുന്നുണ്ട് — താലികെട്ടി ഒരു നിമിഷമെങ്കിലും ഒപ്പം ജീവിക്കാൻ സമ്മതിക്കണം എന്ന്. ആ അപേക്ഷയിൽ നിന്നാണ് പാട്ടിന്റെ പല്ലവി ഞാൻ രൂപപ്പെടുത്തിയത്. ഇനി ചരണം വേണം. മനസ്സിൽ തോന്നുന്ന വരികൾ അപ്പപ്പോൾ ഡയറിയിൽ എഴുതിവെക്കുന്ന ശീലമുണ്ട് അന്നെനിക്ക്. അങ്ങനെ കുറിച്ചുവെച്ച “വെൺമേഘക്കസവിട്ട നീലാംബരം നിന്റെ നീല മിഴി കണ്ടു മുഖം കുനിച്ചു” എന്ന് തുടങ്ങുന്ന ഒരു നാലുവരിക്കവിതയാണ് ഈ പാട്ടിന്റെ ചരണമാക്കി മാറ്റിയെഴുതിയത്: “നീലാംബരത്തിലെ നീരദകന്യകൾ നിൻ നീലമിഴി കണ്ടു മുഖം കുനിച്ചു…”
“നിർമ്മലേ എൻ അനുരാഗം തളിർത്തുവെങ്കിൽ” എന്നെഴുതുമ്പോൾ മനസ്സിലുണ്ടായിരുന്നത് കാമുകിയായ നിമ്മിയുടെ രൂപം തന്നെ. “കൗമാരപ്രായക്കാരനായ ഒരു കാമുകന്റെ കുസൃതിയായിരുന്നു നിർമ്മലേ എന്ന ആ അഭിസംബോധന. ഏറ്റവും വലിയ ദുരന്തം പല തവണ ആ പാട്ട് കേട്ടിട്ടും കാമുകി അത് മനസ്സിലാക്കിയതേയില്ല എന്നതാണ്. വിവാഹിതരായ ശേഷം ഇക്കാര്യം ആവേശത്തോടെ ഞാൻ അവതരിപ്പിച്ചപ്പോഴാണ് ആ നിർമ്മല താൻ തന്നെയായിരുന്നു എന്ന സത്യം എന്റെ ഭാര്യ തിരിച്ചറിഞ്ഞത്. പാട്ട് കേട്ടപ്പോൾ അവൾ വിചാരിച്ചത് സിനിമയിൽ ജയഭാരതിയുടെ കഥാപാത്രത്തിന്റെ പേരാവും നിർമല എന്നാണത്രേ. ശരിക്കും തകർന്നു പോയി. ഇതിലപ്പുറം പാഴായിപ്പോകാനുണ്ടോ ഒരു പ്രണയസന്ദേശം? നല്ലൊരു ഫലിതം കാറ്റിൽ പറത്തിക്കളഞ്ഞല്ലോ എന്ന് പണ്ട് വി.കെ.എൻ. എഴുതിയതാണ് ഓർമ്മവന്നത്…” സത്യൻ ചിരിക്കുന്നു.
‘സിന്ദൂര’ത്തിനു മുൻപ് ഒരൊറ്റ സിനിമക്കേ പാട്ടെഴുതിയിരുന്നുള്ളൂ സത്യൻ, ലവ് ലെറ്റർ (1975). ഡോ. ബാലകൃഷ്ണന്റെ നിർബന്ധമായിരുന്നു അതിനു പിന്നിൽ. ‘കോളേജ് ഗേളി’ൽ സഹസംവിധായകനായി വർക്ക് ചെയ്യുന്ന സമയത്ത് തപാലിൽ സത്യനെ തേടിവന്ന ചന്ദ്രിക വാരികയുടെ ഒരു വൗച്ചർ കോപ്പി യാദൃഛികമായി ഡോക്ടറുടെ കയ്യിൽ കിട്ടുന്നു. മാതൃഭൂമിയുടെ ബാലപംക്തിയിലും ജനയുഗത്തിലും ചന്ദ്രികയിലുമെല്ലാം സത്യൻ ചെറിയതോതിൽ കവിതകൾ എഴുതിയിരുന്ന കാലമാണ്. “ചന്ദ്രികയിൽ അടിച്ചുവന്ന വഴിയമ്പലത്തിലെ പാട്ട് എന്ന കവിത ഡോക്ടർ ശ്രദ്ധിച്ചു. അങ്ങനെയാണ് ‘ലവ് ലെറ്ററി’ൽ രണ്ടു പാട്ടെഴുതാൻ ആവശ്യപ്പെടുന്നത്. അമിതമായ ആവേശമൊന്നും തോന്നിയില്ല. എന്റെ ലക്ഷ്യം സംവിധായകന്റെ കുപ്പായമാണല്ലോ..” സംഗീത സംവിധായകൻ എന്ന നിലയിൽ കെ.ജെ. ജോയിയുടെ ആദ്യചിത്രം കൂടിയായിരുന്നു ‘ലവ് ലെറ്റർ’. എക്കോഡിയനിൽ ജോയ് വായിച്ചു കൊടുത്ത ഈണത്തിനൊപ്പിച്ചു സത്യൻ അന്തിക്കാട് തന്റെ ആദ്യ സിനിമാപ്പാട്ടിന്റെ പല്ലവി എഴുതുന്നു: “സ്വർണമാലകൾ വിണ്ണിൽ വിതറും സ്വപ്നലോലയാം സായാഹ്നമേ..”. അമ്പിളി ആയിരുന്നു ഗായിക.
പണ്ടെഴുതിയ പാട്ടുകൾ പലതും ഓർമ്മയിലില്ല എന്ന് സത്യൻ. കാലം പറക്കുകയല്ലേ? കുറച്ചു കാലം മുൻപ് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ പടിഞ്ഞാറേ നടയിലെ ഏതോ മ്യൂസിക് ഷോപ്പിൽനിന്ന് യേശുദാസിന്റെ ശബ്ദത്തിൽ ഒരു പാട്ടൊഴുകുന്നു: ദുഃഖത്തിൻ എരിവെയിൽ നാളം പോലെ, നോവുന്നൊരാത്മാവിൻ തേങ്ങൽ പോലെ. എവിടെയോ കേട്ടു മറന്ന പ്രതീതി. ഞാൻ സംവിധാനം ചെയ്ത പടത്തിലെ പാട്ടാവുമെന്നാണ് കരുതിയത്. പക്ഷെ ഒപ്പമുണ്ടായിരുന്ന നിമ്മി തിരുത്തി: “ഇത് സത്യേട്ടൻ എഴുതിയ പാട്ടാണ്; അസ്തമിക്കാത്ത പകലുകൾ എന്ന ചിത്രത്തിൽ.”
നാല് പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് തിരിച്ചുപോയി അപ്പോൾ സത്യന്റെ മനസ്സ്. ഷർട്ടും മുണ്ടുമണിഞ്ഞു വിയർപ്പിൽ കുളിച്ച് സെറ്റിൽ ഓടിനടന്ന ആ പഴയ മെലിഞ്ഞുണങ്ങിയ സഹസംവിധായകൻ ഒരു നിമിഷം വീണ്ടും ഉള്ളിൽ ഉയിർത്തെണീറ്റ പോലെ. ഒരുപാടു മുഖങ്ങൾ ഓർമ്മയിൽ മിന്നിമറഞ്ഞു. ആ പാട്ട് ചിട്ടപ്പെടുത്തിയ എ.ടി. ഉമ്മർ, രംഗത്തഭിനയിച്ച നസീർ, കെ.പി. ഉമ്മർ, സംവിധായകൻ ഷെരീഫ്…എല്ലാവരും കഥാവശേഷരായി.
സംവിധാനരംഗത്ത് സക്രിയമായ ശേഷം അത്യപൂർവ്വമായേ പാട്ടെഴുതിയിയിട്ടുള്ളൂ സത്യൻ. എങ്കിലും പണ്ടെഴുതിയ പാട്ടുകൾ വല്ലപ്പോഴുമൊക്കെ യാദൃച്ഛികമായി കാതിൽ വന്നു വീഴുമ്പോൾ ഓർക്കും, ഇങ്ങനേയും ഒരു ഭൂതകാലമുണ്ടായിരുന്നല്ലോ തനിക്കെന്ന്…. മലയാളികളിൽ ചിലരെങ്കിലും ആ ഭൂതകാലം ഇന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു എന്നത് സത്യനിലെ ഗാനരചയിതാവിന് ആഹ്ളാദവും അഭിമാനവും പകരുന്ന അറിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]