
തിയേറ്ററുകൾ സിനിമാസ്വാദകർക്ക് സ്വർഗംതീർത്ത വർഷമാണ് കടന്നുപോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെയും തിയേറ്ററുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയത് വമ്പൻ താരചിത്രങ്ങൾക്കൊപ്പംവന്ന ഒരുകൂട്ടം നവാഗതരുടെ കന്നിച്ചിത്രങ്ങൾകൂടിയാണ്. ആക്ഷൻ-ത്രില്ലർ, ഹൊറർ, കോമഡി, ഫീൽഗുഡ്…തുടങ്ങിയ വിവിധ ഴോണറുകളിൽ എത്തിയ സിനിമകൾ തിയേറ്ററുകളെ ഇളക്കിമറിച്ചു. കാമ്പുള്ള കഥകൾക്ക് പ്രേക്ഷകർ കൈയടിച്ചു, കരുത്തുറ്റ കഥാപാത്രങ്ങളെ അവർ നെഞ്ചിലേറ്റി. പ്രമേയംകൊണ്ടും അവതരണംകൊണ്ടും പുതുമകൾ നൽകി പ്രേക്ഷകരെയും മലയാളസിനിമയെയും ഒരുപോലെ ഞെട്ടിച്ചത് ഈ പുതുമുഖ സംവിധായകരാണ്. രോമാഞ്ചം, നെയ്മർ, പാച്ചുവും അദ്ഭുതവിളക്കും, മധുരമനോഹരമോഹം, ഇരട്ട, പ്രണയവിലാസം, കണ്ണൂർ സ്ക്വാഡ്, ആർ.ഡി.എക്സ്, ഗരുഡൻ, ഫാലിമി, ശേഷം മൈക്കിൽ ഫാത്തിമ, ഫീനിക്സ്…തുടങ്ങിയ ചിത്രങ്ങളിലൂടെ, കൈയടക്കമുള്ള സംവിധാനമികവിലൂടെ പ്രേക്ഷകരെ തിയേറ്ററുകളിൽ പിടിച്ചിരുത്താൻ ഇവർക്ക് കഴിഞ്ഞു. ഏതൊരു തുടക്കക്കാരനും ആഗ്രഹിക്കുന്നതുപോലെ പടം ആവറേജ് വിജയത്തിലെത്താൻ മോഹിച്ചപ്പോൾ മിക്കസിനിമകളും ബ്ലോക്ക്ബസ്റ്റർ ലിസ്റ്റിൽ ഇടംനേടി. മലയാളസിനിമയുടെ പുതിയകാലത്തെ അടയാളപ്പെടുത്തുന്ന ഒരുകൂട്ടം സംവിധായകർ അവരുടെ ആദ്യസിനിമാ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നു.
പുതുമുഖങ്ങളെ അണിനിരത്തി മിനിമം ബജറ്റിൽ സംവിധാനം ചെയ്ത് ഈവർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററടിച്ച സിനിമയാണ് രോമാഞ്ചം. ഹൊറർ കോമഡിയായിട്ടുള്ള കഥയ്ക്ക് മികച്ച ചലച്ചിത്രാവിഷ്കാരം നൽകിയ ജിത്തുമാധവൻ പുതുവർഷത്തിൽ പുത്തൻകഥയുമായി വരാനുള്ള ഒരുക്കത്തിലാണ്. സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറാവാൻ കൊതിച്ചൊരു പെൺകുട്ടിയായിരുന്നു വയനാട്ടുകാരിയായ സ്റ്റെഫി സേവ്യർ. ആ ആഗ്രഹം അവളെ സിനിമയിലേക്ക് തന്നെ വഴികാട്ടി. സിനിമകളിലെ ടൈറ്റിലിൽ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ എന്ന് കാലം എഴുതിച്ചേർത്തു. ഒടുവിൽ ഡിസൈനറിൽനിന്നും സംവിധായികയുടെ വേഷവുമണിഞ്ഞു. പെൺകുട്ടികൾ കല്യാണപ്രായമായിനിൽക്കുന്ന ഒരു മിഡിൽക്ലാസ് കുടുംബത്തിലെ കഥപറഞ്ഞെത്തിയ മധുരമനോഹരമോഹം മികച്ച പ്രതികരണങ്ങളാണ് നേടിയത്. ‘കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 95 സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇനിയും സിനിമകൾ ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം. ഒപ്പം കോസ്റ്റ്യൂം ഡിസൈനിങ്ങും കൊണ്ടുപോവണം. പുതിയ തിരക്കഥയുടെ ചർച്ചകൾ നടക്കുന്നുണ്ട്. ഈ പുതുവർഷത്തിൽ ഞാനേറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയായ ആടുജീവിതം റിലീസാവുമെന്ന സന്തോഷവുമുണ്ട്.’ സ്റ്റെഫി പ്രതീക്ഷകൾ പങ്കുവെക്കുന്നു.
പ്രേക്ഷകരെയും ബോക്സോഫീസിനെയും ഇളക്കിമറിച്ച ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനംചെയ്ത ആർ.ഡി.എക്സ്. നഹാസിന്റെ ആദ്യചിത്രമാണെങ്കിലും തഴക്കംവന്ന സംവിധായകന്റെ മികവ് ആർ.ഡി.എക്സിൽ കാണാമായിരുന്നു. സിനിമയുടെ വിജയത്തിനുശേഷം സോഫിയാ പോൾ നിർമിക്കുന്ന അടുത്ത സിനിമയുടെ ഒരുക്കത്തിലാണ് അദ്ദേഹം. ‘ആർ.ഡി.എക്സ് കണ്ട് കമൽഹാസൻ സാറും വിജയ്സാറുമൊക്കെ അഭിനന്ദനമറിയിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. എടുത്തുചാടി പടംചെയ്യാതെ സമയമെടുത്ത് മനസ്സിനിഷ്ടപ്പെടുന്ന സിനിമ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഇഷ്ടപ്പെട്ട എല്ലാ ഴോണറുകളിലുമുള്ള സിനിമകൾ ചെയ്യണം’
ഷോർട്ട്ഫിലിമുകൾ സംവിധാനംചെയ്ത് സിനിമയിലേക്കെത്തിയ നിതീഷിന്റെ മികച്ചൊരു തുടക്കംതന്നെയായിരുന്നു ഫാലിമി. ‘ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഫാലിമി ബിഗ് സ്ക്രീനിലെത്തിയത്. പ്രേക്ഷകരിൽനിന്നും നല്ല സ്വീകാര്യത ലഭിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. കാത്തിരുന്നാൽ നമ്മുടെ സമയവും തെളിയുമെന്ന് മനസ്സിലായി’
ക്ലീഷേ ഹൊറർ സിനിമകളുടെ ചേരുവകളൊന്നുമില്ലാതെയുള്ള മേക്കിങ്ങാണ് ഫീനിക്സിനെ വേറിട്ടതാക്കിയത്. ഒപ്പം വിഷ്ണു ഭരതൻ എന്ന മിടുക്കനായ സംവിധായകനെക്കൂടി മലയാളസിനിമയ്ക്ക് ലഭിച്ചു. ‘പുതിയവർഷത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് കഥകളുണ്ട് മനസ്സിൽ. പതുക്കെ ഓരോന്നായി ചെയ്തുവരണം. അടുത്ത സിനിമയ്ക്കുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. -‘വിഷ്ണു പറയുന്നു.
നെയ്മറിലൂടെ മലയാളസിനിമയുടെ പുത്തൻപ്രതീക്ഷയായി മാറിയിരിക്കുകയാണ് സംവിധായകൻ സുധി മാഡിസൺ. കൊച്ചിയിൽ ജനിച്ചുവളർന്ന സുധി എഡിറ്റിങ്ങിലൂടെയാണ് സിനിമയെ അടുത്തറിഞ്ഞുതുടങ്ങിയത്. ‘ഇഷ്ടംകൊണ്ട് സിനിമചെയ്തു എന്നതിനപ്പുറം സഹസംവിധായകനാവുകയോ സിനിമയെക്കുറിച്ച് താത്വികമായി സംസാരിക്കാനോ ഒന്നുമറിയില്ലായിരുന്നു. മമ്മൂക്ക പറഞ്ഞതുപോലെ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. ഊണും ഉറക്കവും കളഞ്ഞ് ചെയ്യുന്നൊരു പണിയാണിത്. ആ ഒരു സിനിമ ചിലപ്പോൾ നമ്മുടെ ജീവിതംതന്നെ മാറ്റിമറിക്കും, നെയ്മറിനെപ്പോലെ… ഇപ്പോൾ പുതിയ പ്രോജക്ടിന്റെ എഴുത്തും ചർച്ചയും നടക്കുകയാണ്. ‘ധൃതിയേതുമില്ലാതെ നല്ലസിനിമകൾ സംഭവിക്കാൻ കാത്തിരിക്കുകയാണ് സുധി.
ചെലമ്പച്ചി പാത്തുവിന്റെ സ്വപ്നങ്ങളുമായി എത്തിയ സംവിധായകനാണ് മനു സി. കുമാർ. ഫുട്ബോൾ കമന്റേറ്ററാവാൻ കൊതിക്കുന്ന പെൺകുട്ടിയുടെ കഥ തന്നെയാണ് സിനിമയുടെ പുതുമ. സ്വപ്നസാക്ഷാത്ക്കാരത്തിലേക്കുള്ള ഫാത്തിമയുടെ പ്രയാണം അതിഗംഭീരമായി ചിത്രീകരിക്കാൻ മനുവിന് കഴിഞ്ഞിട്ടുണ്ട്. പതിനേഴുവർഷത്തെ മാധ്യമപ്രവർത്തനത്തിനിടയിൽ കണ്ടൊരു സ്വപ്നമായിരുന്നു മനുവിന് സിനിമ. മനുവിന്റെ രണ്ട് തിരക്കഥകൾകൂടി സിനിമയാവാനുള്ള തയ്യാറെടുപ്പിലാണ്.
വർഷാവസാനമായപ്പോൾ സുരേഷ് ഗോപി-ബിജു മേനോൻ കൂട്ടുകെട്ടിൽ അസാധാരണമായൊരു ക്രൈംതില്ലർ ഒരുക്കി പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അരുൺ വർമ. ആവർത്തിക്കപ്പെടുന്ന പാറ്റേണുകളിൽനിന്ന് മാറിച്ചിന്തിച്ച് പ്രേക്ഷകരെക്കൊണ്ട് കൈയടിപ്പിച്ച ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതായിരുന്നു. ഗരുഡൻ നൽകിയ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അടുത്തസിനിമയിലേക്കുള്ള യാത്രയിലാണ് അരുൺ. ലിസ്റ്റിൻ സ്റ്റീഫനുമായി വീണ്ടും ഒരു സിനിമയ്ക്കുള്ള ഒരുക്കത്തിലാണ്. ‘ഒരു കഥകേട്ട് പെട്ടെന്നുതന്നെ ഓക്കെ പറയുന്നൊരാളല്ല ഞാൻ. എന്നെ പൂർണമായും തൃപ്തിപ്പെടുത്തുന്ന നല്ലകഥകൾ വന്നാലേ സിനിമചെയ്യുള്ളൂ’ അരുണിന്റെ വാക്കുകളിൽ പ്രേക്ഷകർക്കുള്ള ഉറപ്പുകൂടിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]