
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ദീപിക പദുക്കോണ്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ‘ഛപാക്.’ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചാം വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമായിരുന്നു അത്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം 2020-ലാണ് റിലീസ് ചെയ്തത്. അതിനിടെ ദീപികയുടെ ജെ.എന്‍.യു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം സിനിമാ റിലീസ് സമയത്ത് വലിയ ചര്‍ച്ചയായി.
ദീപികയുടെ ജെ.എന്‍.യു. സന്ദര്‍ശനം സിനിമയെ ബാധിച്ചുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സംവിധായിക മേഘ്ന ഗുല്‍സാര്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു മേഘ്നയുടെ പ്രതികരണം. “ഉത്തരം വളരെ വ്യക്തമാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതെ, തീര്‍ച്ചയായും അത് സിനിമയ്ക്ക് പ്രഹരമുണ്ടാക്കി. ആസിഡ് ആക്രമണം എന്ന വിഷയത്തില്‍നിന്ന് ചർച്ച മറ്റൊരിടത്തേക്ക് പോയി. അതുകൊണ്ട് തന്നെ അത് സിനിമയെ സ്വാധീനിച്ചു. അത് നിഷേധിക്കാനാവില്ല.”- മേഘ്ന കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ റിലീസിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് നടി ജെ.എന്‍.യുവിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും ജമ്മു കാശ്മീരിലെ അവകാശ ലംഘനങ്ങളും ഈ സമരത്തിന്റെ വിഷയമായിരുന്നു. സമരം നടന്നുകൊണ്ടിരിക്കേ കാമ്പസില്‍ അമ്പതിലധികം പേര് അടങ്ങുന്ന മുഖംമൂടി സംഘം ഇരുമ്പുദണ്ഡുകളും വടികളും ഉപയോഗിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ചു. തുടര്‍ന്നാണ് ഐക്യദാര്‍ഢ്യവുമായി ദീപിക കാമ്പസിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]