
തിരുവനന്തപുരം: ഗ്രാഫിക്സ് ഉൾപ്പെടെ പുതിയ സങ്കേതങ്ങളിൽ സിനിമാപ്രവർത്തകർക്കുൾപ്പെടെ പരിശീലനത്തിന് വഴിയൊരുങ്ങുന്നു. ചലച്ചിത്രരംഗത്തെ നൈപുണിവികസനത്തിനും അതുവഴി തൊഴിൽ ഉറപ്പാക്കുന്നതിനുമുള്ള കേന്ദ്രസർക്കാരിന്റെ ചാമ്പ്യൻ സർവീസ് സെക്ടറുമായി(സി.എസ്.എസ്.എസ്.) കൈകോർക്കാൻ കേരളവും തീരുമാനിച്ചു. മലയാളസിനിമയിൽ ഇതിന്റെ സാധ്യതപ്രയോജനപ്പെടുത്താൻ 400 കോടിയാണ് സംസ്ഥാനം ആവശ്യപ്പെടുക.
പദ്ധതി കേരളത്തിൽ നടപ്പാക്കിയാൽ സാങ്കേതികരംഗത്തെ മിഴിവിന് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാവും. നിലവിൽ പല മുഖ്യസിനിമകളും ഷൂട്ടിങ്ങിനുശേഷമുള്ള സാങ്കേതികകാര്യങ്ങൾക്ക് വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.
ചാമ്പ്യൻസെക്ടർവഴി കേരളത്തിനു സഹായംകിട്ടിയാൽ നൈപുണിപരിശീലനം നൽകി അരലക്ഷത്തോളംപേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാകുമെന്നാണ് ചലച്ചിത്ര വികസനകോർപ്പറേഷന്റെ പ്രതീക്ഷ.
വിശദമായ ചർച്ചകൾക്ക് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണവകുപ്പിലെ ഫിലിം ഫെസിലിറ്റേഷൻ ഓഫീസർ ലീന ഉടൻ തിരുവനന്തപുരത്ത് എത്തുമെന്ന് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു.
ഐ.ടി. ടൂറിസം ഹോസ്പിറ്റാലിറ്റി, ആരോഗ്യം, ഓഡിയോ വിഷ്വൽ, നിയമം, പരിസ്ഥിതി, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങി 12 മേഖലകളെയാണ് ചാമ്പ്യൻ സെക്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓഡിയോ വിഷ്വൽ വിഭാഗത്തിലാണ് സിനിമയ്ക്ക് സഹായംതേടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]