എം.ടി-ഹരിഹരന്-മമ്മൂട്ടി കൂട്ടുകെട്ടില്‍ 1989-ല്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥ ദൃശ്യ-ശബ്ദ മികവോടെ വീണ്ടും തിയേറ്ററുകളിലെത്താനിരിക്കെ ആവേശം പങ്കുവെച്ച് നടി മാധവി. തന്റെ പ്രിയപ്പെട്ട സിനിമയാണ് വടക്കന്‍ വീരഗാഥയെന്ന് പറഞ്ഞ മാധവി, ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതില്‍ താന്‍ ആവേശഭരിതയാണെന്നും പറഞ്ഞു. ചിത്രത്തിലെ ഉണ്ണിയാര്‍ച്ചയുടെ വേഷം അനശ്വരമാക്കിയ നടിയാണ് ആന്ധ്ര പ്രദേശ് സ്വദേശിനിയായ മാധവി.
‘എന്റെ പ്രിയപ്പെട്ട ചിത്രമായ ഒരു വടക്കന്‍ വീരഗാഥ 4കെ അറ്റ്മോസ് ഡോള്‍ബി സൗണ്ടോടെ വീണ്ടും തിയേറ്ററുകളിലെത്തുന്നുവെന്ന് അറിഞ്ഞതില്‍ ഞാന്‍ ആവേശഭരിതയാണ്. ഇതുപോലൊരു ക്ലാസിക് ചലച്ചിത്രം കാണാനുള്ള അവസരമാണ് ഇന്നത്തെ തലമുറയ്ക്ക് ലഭിച്ചിരിക്കുന്നത്. അവര്‍ അത് ആസ്വദിക്കും എന്നാണ് എന്റെ പ്രതീക്ഷ. ചിത്രം പുറത്തിറങ്ങി ഇത്രയേറെ വര്‍ഷം കഴിഞ്ഞെങ്കിലും ആ ചിത്രീകരണകാലം ഇപ്പോഴും അതേ പുതുമയോടെ എന്റെ മനസിലുണ്ട്.’ -മാധവി പറഞ്ഞു.
‘മാതൃഭൂമി’ ഡയറക്ടറും ചിത്രത്തിന്റെ നിര്‍മ്മാതാവുമായിരുന്ന പി.വി. ഗംഗാധരനേയും ചിത്രത്തിന് തിരക്കഥയൊരുക്കിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരേയും മാധവി അനുസ്മരിച്ചു.
‘എനിക്ക് ഏറെ പ്രിയപ്പെട്ട ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു പി.വി. ഗംഗാധരന്. ഞാന്‍ അഭിനയരംഗത്തുനിന്നും 30 വര്‍ഷത്തോളം വിട്ടുനിന്നപ്പോഴും അദ്ദേഹവും ഭാര്യയും എന്നോട് ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം ഇപ്പോള്‍ നമുക്കൊപ്പമില്ല എന്നതില്‍ വളരെ ദുഃഖമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മൂന്ന് പെണ്മക്കളും അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്.’
‘എം.ടി. വാസുദേവന്‍ നായര്‍ നമ്മളെ വിട്ടുപിരിഞ്ഞുവെന്നതും എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. എന്തൊരു എഴുത്തുകാരനായിരുന്നു അദ്ദേഹം! സാഹിത്യലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.’ -മാധവി പറഞ്ഞു.
‘സംവിധായകന് ഹരിഹരന് എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നെ വിശ്വസിച്ചതിനും ഉണ്ണിയാര്‍ച്ച പോലെ ശ്രദ്ധേയമായ വേഷം തന്നതിനും അദ്ദേഹത്തോട് നന്ദി പറയുന്നു.’
‘എന്നെ അതിശയിപ്പിച്ച നടനാണ് മമ്മൂട്ടി. ഞങ്ങള്‍ ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു ഷോട്ടോ സീനോ ചിത്രീകരിക്കുമ്പോള്‍ ഞങ്ങള്‍ അതിലെ ഓരോ ചെറിയകാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തശേഷമാണ് അഭിനയിച്ചതെന്ന് ഞങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഞങ്ങള്‍ പരസ്പരം അധികം സംസാരിക്കാറില്ലായിരുന്നു.’ -മാധവി പറഞ്ഞു.
‘സംവിധായകന് സീന്‍ വിശദീകരിച്ച് കഴിഞ്ഞാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ ഭാഗം നന്നായി ചെയ്യും. ഞാന്‍ അത് നിരീക്ഷിച്ച ശേഷം അദ്ദേഹം ചെയ്തതിനോട് പ്രതികരിക്കുകയാണ് ചെയ്തിരുന്നത്. അത് എല്ലായ്പ്പോഴും വെല്ലുവിളിയായിരുന്നു, അതുപോലെ സന്തോഷകരവുമായിരുന്നു.’
‘വടക്കന്‍ വീരഗാഥയില്‍ എന്നെ ഏറെ സുന്ദരിയായി ചിത്രീകരിച്ച ക്യാമറമാന് രാമചന്ദ്രബാബുവിനോടും ഞാന്‍ നന്ദി പറയുന്നു. കൂടാതെ എഡിറ്റര്‍ മണി, പാട്ടുകളൊരുക്കിയ രവി തുടങ്ങിയവരോടും. ‘ചന്ദനലേപസുഗന്ധം’ എന്റെ പ്രിയപ്പെട്ട ഗാനമാണ്. എത്ര മനോഹരമായ ഗാനം.’ -മാധവി പറഞ്ഞു. .
മലയാള സിനിമയില്‍ ഐതിഹാസിക സ്ഥാനമുള്ള ‘ഒരു വടക്കന്‍ വീരഗാഥ’ ഫെബ്രുവരി ഏഴിനാണ് വീണ്ടും തിയേറ്ററുകളിലെത്തുന്നത്. എസ് ക്യൂബ് ഫിലിംസ് ആണ് നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ തേച്ചുമിനുക്കി ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ചിത്രം ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലെത്തിക്കണമെന്നത് നിർമ്മാതാവ് പി.വി. ഗംഗാധരന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷെറിനും മക്കളും എസ്.ക്യൂബ് ഫിലിംസ് സാരഥികളുമായ ഷെനൂഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരും പറഞ്ഞിരുന്നു.
1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന് കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ.രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]