
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകന് ഇബ്രാഹിം അലി ഖാന്റെ ആദ്യചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്. ‘നാദാനിയാന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷോന ഗൗതമാണ്. ഷോനയുടെ കന്നി സംവിധാന സംരംഭമായ ‘നാദാനിയാന്’ ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നത്.
കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോക്ക് ഓര് റാണി കീ പ്രേം കഹാനി എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഷോനയുടെ കന്നിസംവിധാന സംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത്. ഇബ്രാഹിമിന്റേതായി മൂന്ന് ചിത്രങ്ങളാണ് 2025-ല്‍ റിലീസിനൊരുങ്ങുന്നത്. നാദാനിയാന് പുറമേ, കജോളിനും പൃഥ്വിരാജിനുമൊപ്പം അഭിനയിക്കുന്ന സര്‍സമീന്‍, മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ദിലേര്‍ എന്നിവയും റിലീസിന് തയ്യാറെടുക്കുകയാണ്. ദിലേറിലൂടെ ഇബ്രാഹിമിന്റെ നായികയായി സൗത്ത് സെന്സേഷന് ശ്രീലീല ബോളിവുഡിലേക്ക് എത്തുന്നു എന്നതും വലിയ വാര്‍ത്തയായിരുന്നു.
ഇതില്‍ ഏത് ചിത്രത്തിലൂടെ ആയിരിക്കും ഇബ്രാഹിമിന്റെ സിനിമാ പ്രവേശം എന്ന് ഉറ്റുനോക്കുകയായിരുന്നു ആരാധകര്‍. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നെങ്കിലും ഏത് ചിത്രമായിരിക്കും ആദ്യം റിലീസിനെത്തുക എന്നതില്‍ അവ്യക്തക നിലനിന്നിരുന്നു. ഇതിനിടെയാണ് നെറ്റ്ഫ്ളിക്സ് ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെ നാദാനിയാന് പോസ്റ്റര്‍ പങ്കുവെച്ചത്. ആദ്യപ്രണയത്തിന്റെ നിഷ്കളങ്കതയും അത്ഭുതങ്ങളും അബന്ധങ്ങളുമൊക്കെയാണ് നാദാനിയാന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്ജുന് എന്ന മിഡില്‍ക്ലാസ് പയ്യന്റെയും ആദ്യപ്രണയത്തിന്റെ കഥയാണ് നാദാനിയാന് പറയുക.
അനിയന് ആശംസകളുമായി സാറ അലി ഖാനും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ‘തിളങ്ങാന്‍ സമയമായി എന്റെ പ്രിയപ്പെട്ട സഹോദരാ..’ എന്നാണ് സാറയുടെ കമന്റ്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലെ മക്കളാണ് സാറയും ഇബ്രാഹിമും. പ്രശസ്തനടി അമൃത സിങിനെയാണ് സെയ്ഫ് ആദ്യം വിവാഹം കഴിച്ചിരുന്നത്. 2004-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. മകന്റെ സിനിമാപ്രവേശനത്തെ സംബന്ധിച്ച് ഇരുവരും ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2023-ല്‍ പുറത്തിറങ്ങിയ ആര്‍ച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുഷി കപൂര്‍ സിനിമാ രംഗത്തേക്ക് ആദ്യചുവട് വെച്ചത്. സോയ അക്തറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്. ആമിര്‍ ഖാന്റെ മകന് ജുനൈദിനൊപ്പം ‘ലവ്യപ’ എന്ന ചിത്രമാണ് ഖുഷിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]