മലയാള സിനിമയില്‍ തന്നെ ഒട്ടേറെ പുതുമകളുമായി എത്തിയ സൗബിന് ഷാഹിര്‍, ബേസില്‍ ജോസഫ് ചിത്രം ‘പ്രാവിന്കൂട് ഷാപ്പ്’ തിയേറ്ററുകളില്‍ മൂന്നാം വാരത്തിലേക്ക്. ഒരേസമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ നിറച്ചിരിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഒരു ഷാപ്പില് നടന്ന മരണവും ആ മരണത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളും കേസന്വേഷണവും ഒക്കെയായി ഓരോ നിമിഷവും സസ്പെന്‍സും കൗതുകവും നിറച്ചുകൊണ്ട് മുന്നേറുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതാണ്.
ചിത്രത്തില്‍ ഷാപ്പുടമ ബാബുവായി ശിവജിത്തും ഷാപ്പിലെ ജീവനക്കാരനായ കണ്ണന് എന്ന കഥാപാത്രമായി സൗബിനും കണ്ണന്റെ ഭാര്യ മെറിന്‍ഡയായി ചാന്ദ്നിയും കേസന്വേഷണത്തിനെത്തുന്ന പോലീസ് കഥാപാത്രമായി ബേസിലും ഷാപ്പിലെ പതിവുകാരന് സുനിലായി ചെമ്പന്‍ വിനോദ് ജോസുമാണ് പ്രധാന വേഷങ്ങളിലുള്ളത്.
ഒരു കാലിന് സ്വാധീനക്കുറവുള്ള കണ്ണന് എന്ന കഥാപാത്രത്തെ ഏറെ സ്വാഭാവികതയോടെ സൗബിന് സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. എന്തൊക്കെയോ ദുരൂഹതകള്‍ ഉള്ളില്‍ ഒളിപ്പിച്ചിട്ടുള്ള കഥാപാത്രമായി സൗബിന് മികവുറ്റ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുപോലെ തന്നെ ബേസിലിന്റെ കരിയറിലെ തന്നെ ആദ്യ പോലീസ് വേഷം തികച്ചും പുതുമ നിറഞ്ഞ രീതിയിലാണ് അനുഭവപ്പെട്ടത്. എസ്.ഐ സന്തോഷ് സി.ജെ എന്ന കഥാപാത്രം ബേസിലിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. വയലന്‍സ് ഒട്ടും ഇഷ്ടമില്ലാത്തൊരു പോലീസുകാരന്റെ വേഷം ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ചടുലത പ്രേക്ഷകരിലേക്ക് പകരുന്നതില്‍ ബേസിലിന്റെ പ്രകടനമികവും ഡയലോഗ് ഡെലിവറിയും എടുത്തുപറയേണ്ടതാണ്.
ചെമ്പന്റേയും ചാന്ദ്നിയുടേയും വേഷവും ഏറെ മികച്ച് നില്‍ക്കുന്നതാണ്. മറിമായത്തിലൂടെ മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ നിയാസ് ബക്കര്‍, സിലോണ്‍ എന്ന കഥാപാത്രമായി ചിത്രത്തില്‍ ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. രൂപത്തിലും ഭാവത്തിലുമൊക്കെ തികച്ചും വേറിട്ട രീതിയിലുള്ള മേക്കോവറാണ് നിയാസ് നടത്തിയിരിക്കുന്നത്. ഷാപ്പുടമ ബാബു എന്ന കഥാപാത്രമായി ശിവജിത്തിന്റേയും പെര്‍ഫെക്ട് കാസ്റ്റിങ്ങാണ്. തോട്ട ബിജുവായി ശബരീഷ് വര്‍മ്മയുടേയും പ്രകടനവും കൂടാതെ നിരവധി പുതുമുഖങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയിലുണ്ട്.
‘തൂമ്പ’ എന്ന ഹ്രസ്വ ചിത്രമൊരുക്കി ശ്രദ്ധേയനായ ശ്രീരാജ് ശ്രീനിവാസനാണ് സിനിമയൊരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും പ്രേക്ഷകരില്‍ ഉദ്വേഗം നിറയ്ക്കുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. ഏറെ കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന രീതിയില്‍ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ട് ശ്രീരാജ്. സിനിമയുടെ ആകെയുള്ളൊരു മൂഡ് നിലനിര്‍ത്തുന്നതില്‍ ഷൈജു ഖാലിദ് ഒരുക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഏറെ സഹായകമാണ്. ഒരു ഷാപ്പിന്റേതായ അന്തരീക്ഷവും മറ്റുമൊക്കെ ക്രിയേറ്റ് ചെയ്യുന്നതില്‍ ക്യാമറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന സംഗീതവും സിനിമയുടെ ജീവനാണ്. ഷെഫീഖ് മുഹമ്മദലിയുടെ ചിത്രസംയോജനവും ചിത്രത്തെ ചടുലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. കൗതുകം ജനിപ്പിക്കുന്ന കഥാഗതിയും ഓരോ സെക്കന്‍ഡും ആകാംക്ഷ നിറയ്ക്കുന്ന അവതരണവും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരേവരും ചിത്രത്തെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് തിയേറ്ററുകളില്‍ ഇപ്പോഴും അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]