മൈസൂരു: സന്ദീപ് കെവ്ലാനി സംവിധാനം ചെയ്ത ‘സ്കൈ ഫോഴ്സ്’ എന്ന ഹിന്ദി സിനിമയ്ക്കുനേരേ കര്‍ണാടകയിലെ കുടക് ജില്ലയില്‍ വ്യാപക പ്രതിഷേധം. മഹാവീരചക്ര അവാര്‍ഡ് ജേതാവും കുടക് സ്വദേശിയുമായ സൈനിക ഉദ്യോഗസ്ഥന് അജ്ജമദ ബി. ദേവയ്യയെ സിനിമയില്‍ തമിഴ് കഥാപാത്രമായി അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം.
ചിത്രത്തിനെതിരേ സാമൂഹികമാധ്യമത്തില്‍ പ്രതിഷേധം വ്യാപകമാണ്. സിനിമ കര്‍ണാടകയില്‍ നിരോധിക്കണമെന്നും അണിയറ പ്രവര്‍ത്തകര്‍ മാപ്പുപറയണമെന്നും ആവശ്യമുയര്‍ന്നു.
1965-ലെ യുദ്ധത്തില്‍ പാകിസ്താനില്‍ ഇന്ത്യ നടത്തിയ ആദ്യ വ്യോമാക്രമണത്തെ ആസ്പദമാക്കിയുള്ള ചിത്രം ജനുവരി 24-നാണ് റിലീസ് ചെയ്തത്. പാകിസ്താന്റെ വിമാനം നശിപ്പിക്കുന്നതിലെ ദേവയ്യയുടെ പങ്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് കഥയെന്ന് സിനിമയില്‍ത്തന്നെ പരാമര്‍ശമുണ്ട്.
ചിത്രത്തില്‍ ദേവയ്യയെ ‘ടി. കൃഷ്ണന് വിജയ്’ എന്ന കഥാപാത്രമായി നടന് വീര്‍ പഹാരിയയാണ് അവതരിപ്പിക്കുന്നത്. തമിഴനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വത്വത്തില്‍ വന്ന മാറ്റം കുടകരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ദേവയ്യയെക്കുറിച്ച് പുസ്തകം എഴുതിയ കൊടവ മക്കട കൂട്ട പ്രസിഡന്റ് ബൊള്ളജിര ബി. അയ്യപ്പ പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സിനിമാനിര്മാതാക്കള് കുടകില്‍ എത്തിയിരുന്നു. സിനിമയുടെ ആദ്യ, അവസാന ക്രെഡിറ്റുകളില്‍ ദേവയ്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കഥയെന്ന് പരാമര്‍ശമുണ്ടെന്നും അയ്യപ്പ പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് ചലച്ചിത്രനിര്‍മാതാക്കള്‍ ദേവയ്യയുടെ കുടുംബവുമായോ എഴുത്തുകാരുമായോ കൂടിയാലോചിച്ചില്ലെന്ന് ദേവയ്യയെക്കുറിച്ച് പുസ്തകം രചിച്ച രമേശ് ഉത്തപ്പ പറഞ്ഞു. കഥ വളച്ചൊടിച്ചതില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്.
യോദ്ധാവിനെ തെറ്റായി ചിത്രീകരിച്ചതിനും കുടകിലെ ജനങ്ങളെ അനാദരിച്ചതിനും പിന്നണിപ്രവര്‍ത്തകര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയ് കുമാര്‍ നായകനായ ചിത്രത്തിന് നിരൂപകരില്‍നിന്നും പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ്. ആദ്യദിവസംതന്നെ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 11.25 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]