മുംബൈ∙ നിക്ഷേപകർ ആകാംക്ഷയോടെ കാത്തിരുന്ന റിലയൻസ് ജിയോയുടെ ഐപിഒ അടുത്തവർഷം പകുതിയോടെ. റിലയൻസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി വിപണി പ്രവേശം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
ജിയോയുടെ പ്രവർത്തനം രാജ്യാന്തര തലത്തിലേക്കു വ്യാപിപ്പിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ഐപിഒയിലൂടെ 52,200 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യമെന്നാണ് സൂചനകൾ. നിലവിൽ ആൽഫബെറ്റിനും മെറ്റയ്ക്കും ജിയോയിൽ ഓഹരി പങ്കാളിത്തമുണ്ട്. 50 കോടി ഉപയോക്താക്കളെന്ന ലക്ഷ്യം ജിയോ നേടിക്കഴിഞ്ഞതായും കമ്പനി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്.
രാജ്യത്ത് എഐ ഗവേഷണം കൂടുതൽ ശക്തമാക്കുമെന്നും റിലയൻസ് വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ, മെറ്റ എന്നീ വമ്പൻമാരുമായി ചേർന്ന് റിലയൻസ് ഇന്റലിജൻസ് രൂപീകരിക്കാനുള്ള പദ്ധതിയും മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു.
ഡീപ്ടെക് കമ്പനി കൂടിയാക്കി ഗ്രൂപ്പിനെ വളർത്തുകയാണ് ലക്ഷ്യം.
വൻശേഷിയുള്ള ഡേറ്റ സെന്ററുകൾ, ടെക് വമ്പൻമാരുമായും ഓപ്പൺസോഴ്സ് കൂട്ടായ്മകളുമായും ബന്ധം സ്ഥാപിക്കൽ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് എഐ വ്യാപിപ്പിക്കൽ ഇങ്ങനെ നീളുന്നു റിലയൻസിന്റെ പദ്ധതികൾ. മെറ്റയുമായുള്ള സംയുക്ത സംരംഭത്തിൽ 855 കോടി രൂപയായിരിക്കും പ്രാരംഭ ഘട്ടത്തിൽ റിലയൻസ് നിക്ഷേപിക്കുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായാകും റിലയൻസ് ഇന്റലിജൻസ് വരിക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]