കൊച്ചി∙ ഉയർന്ന തീരുവ മൂലം യുഎസിലേക്കുള്ള കയറ്റുമതി കുറയുകയും അങ്ങനെ കയറ്റുമതി വരുമാനം കുറയുമ്പോൾ വ്യാപാരക്കമ്മി വർധിക്കുകയും ചെയ്യുമെന്ന ആശങ്കയാണു രൂപയുടെ റെക്കോർഡ് ഇടിവിനു കാരണം. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരക്കമ്മി.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് 9,000 കോടി ഡോളറിന്റെ വ്യാപാരക്കമ്മി ഉണ്ടായിരുന്നു.
കയറ്റുമതിയിലൂടെ ലഭിക്കുന്ന ഡോളറിനെക്കാൾ കൂടുതൽ ഇറക്കുമതിക്കായി ചെലവഴിക്കേണ്ടിവരും. യുഎസിലേക്കുള്ള കയറ്റുമതി 43% ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.
ഇത് ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്കിൽ ഒരു ശതമാനത്തോളം ഇടിവുണ്ടാക്കുമെന്നും വിലയിരുത്തലുകളുണ്ട്.
കയറ്റുമതി പ്രതിസന്ധികൾക്കൊപ്പം രാജ്യത്തെ ഓഹരി വിപണി പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള വിദേശനിക്ഷേപകരുടെ (എഫ്പിഐ) പിൻമാറ്റവും രൂപയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടുന്നു. ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപകർ ഈ വർഷം ഇതുവരെ 970 കോടി ഡോളറാണു പിൻവലിച്ചത്.
ഡോളർ കൊടുത്തു വാങ്ങിയ ഓഹരികൾ, വിദേശികൾ വിൽക്കുമ്പോൾ നൂറു കണക്കിനു കോടി ഡോളർ ബാങ്കുകളിലൂടെ തിരികെ കൊടുക്കേണ്ടി വരും.
ഇത് ഡോളറിന്റെ ഡിമാൻഡ് പെട്ടെന്ന് ഉയർത്തുകയും രൂപയെ തളർത്തുകയും ചെയ്യും. ഇരട്ടിത്തീരുവ പ്രബാല്യത്തിലായതിനെത്തുടർന്ന് കഴിഞ്ഞ വ്യാപാരവാരത്തിലുണ്ടായ വൻ ഇടിവ് രൂപയെ തളർത്തി.
അതേസമയം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം പലിശനിരക്കു കുറച്ചാൽ ഡോളർ ദുർബലമാകും. ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് വിദേശനിക്ഷേപമെത്താനും വഴിയൊരുങ്ങും.
ഇങ്ങനെ സംഭവിച്ചാൽ രൂപയുടെ നില നേരിയ തോതിൽ മെച്ചപ്പെടും.
ജിഡിപി: ആർബിഐയുടെ കണക്കുകൂട്ടലിനെക്കാൾ ഒരു ശതമാനത്തിലേറെ വളർച്ച
ന്യൂഡൽഹി∙ ആർബിഐ വിലയിരുത്തിയതിനെക്കാൾ ഒരു ശതമാനത്തിലേറെ വളർച്ചയാണ് ആദ്യപാദത്തിൽ രാജ്യം കൈവരിച്ചത്. ഇക്കൊല്ലം രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനം വളർച്ചയും കൈവരിക്കുമെന്നാണ് ആർബിഐയുടെ അനുമാനം.
‘സാമ്പത്തികവളർച്ചയിൽ യുഎസ് തീരുവയുടെ സ്വാധീനം ദീർഘനാൾ നിലനിൽക്കില്ല.
ഇതിന്റെ സ്വാധീനം രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) നിരക്കിൽ പ്രതിഫലിക്കാനാണ് സാധ്യത. നടപ്പുസാമ്പത്തിക വർഷത്തെ ആകെ വളർച്ചനിരക്ക് മുൻപ് പറഞ്ഞതുപോലെ 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിൽ തന്നെയായിരിക്കും.’
– വി.അനന്ത നാഗേശ്വരൻ (കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]