
തിരുവനന്തപുരം ∙ പ്രമുഖ ഐടി സേവന കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) 2% ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതിനു പിന്നാലെ കേരളത്തിലെ ഐടി പാർക്കുകളിലും ആശങ്ക. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ ടിസിഎസ് സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും ഇവിടെ പുതിയ നിയമനങ്ങൾ നിലച്ചു.
ടിസിഎസിൽ നിയമന ഉത്തരവ് ലഭിച്ചതിനു പിന്നാലെ മറ്റു കമ്പനികളിൽ നിന്നു രാജിവച്ചവരാണ് പ്രതിസന്ധിയിലായത്.
ഇൻഫോപാർക്കിലെ ടിസിഎസിൽ നിയമന ഉത്തരവ് ലഭിച്ചതിനു പിന്നാലെ ജോലിയിൽ പ്രവേശിക്കാനെത്തിയവരോട് ഒക്ടോബർ വരെ കാത്തിരിക്കാൻ നിർദേശം നൽകിയതായി ഐടി മേഖലയിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി അറിയിച്ചു. ചിലരോട് നിയമന ഉത്തരവ് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് നൽകിയത്.
കൊച്ചി ഇൻഫോപാർക്കിൽ ഇതുവരെ 15 പേർ ഇത്തരത്തിൽ നിയമന ഉത്തരവു ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തവരായുണ്ട്.
രാജ്യത്തെ വിവിധ ഐടി പാർക്കുകളിലും ഈ അവസ്ഥയാണ്. മറ്റു സ്ഥാപനങ്ങളിൽ നിന്ന് രാജിവച്ച് ഇറങ്ങുകയും ടിസിഎസിൽ നിയമനം ലഭിക്കാതിരിക്കുകയും ചെയ്തതോടെ പലരുടെയും വായ്പ തിരിച്ചടവുകൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. വിവാഹം തീരുമാനിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട്.
12,000 ജീവനക്കാരെ ബാധിക്കുന്ന തീരുമാനത്തിൽ ജീവനക്കാർക്ക് അനുകൂലമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ, ഐടി മന്ത്രിമാർക്കു നിവേദനം നൽകിയതായി പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]