യുഎസ് ഫെഡിന്റെ ചെയർമാനായി ‘കർക്കശക്കാരൻ’ കെവിൻ വാർഷിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ശരിക്കും ഞെട്ടിയത് സ്വർണവും വെള്ളിയും. ആ പേര് കേട്ടപ്പോഴെ സ്വർണം, വെള്ളിവിലകൾ റെക്കോർഡ് തേരോട്ടത്തിന് സുല്ലിട്ട് താഴേക്കിറങ്ങി.
ട്രംപിന്റെ പ്രഖ്യാപനം കൂടി വന്നതോടെ ആഘാതം കനത്തു. ആരാണ് കെവിൻ വാർഷ്? എന്തുകൊണ്ടാണ് സ്വർണവും വെള്ളിയും കെവിനെ ഇങ്ങനെ പേടിക്കുന്നത്?
യുഎസ് ഫെഡിന്റെ മുൻ ഗവർണർ കൂടിയാണ് സ്റ്റാൻഫഡ് സർവകലാശാലയിലെ വിസിറ്റിങ് ഫെലോയുമായ കെവിൻ.
നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ്, നിലവിൽ ഫെഡ് ഗവർണറായ ക്രിസ്റ്റഫർ വോളർ, ബ്ലാക്ക്റോക്ക് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ റിക്ക് റൈഡർ എന്നിവരെ പിന്തള്ളിയാണ് കെവിൻ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്വർണം, വെള്ളി, ഓഹരി, ക്രിപ്റ്റോകറൻസി തുടങ്ങി എല്ലാ മേഖലകളിലും വാർഷ് ‘ഇഫക്ട്’ ഉണ്ടാകും.
കെവിന് നേരത്തേതന്നെ ഈ പദവിയിലേക്ക് സാധ്യത കൽപ്പിച്ചിരുന്നു.
നേരത്തേ ഫെഡ് ഗവർണറായിരിക്കേ പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താനും കടുംപിടിത്തം നടത്തിയ ആളായിരുന്നു കെവിൻ.
അതുകൊണ്ടുതന്നെ, ചെയർമാനായി കെവിൻ വന്നേക്കുമെന്ന സൂചനകളെ തുടർന്ന് ഡോളർ ശക്തിയാർജ്ജിക്കുകയും സ്വർണം, വെള്ളി വിലകൾ ഇടിയുകയും ചെയ്തിരുന്നു. ചെയർമാൻ പ്രഖ്യാപനം വന്നതിനുപിന്നാലെ സ്വർണവും വെള്ളിയും കൂടുതൽ ഇടിഞ്ഞു.
ഇന്നലെ ആഗോളതലത്തിൽ ഗോൾഡ്, സിൽവർ ഇടിഎഫുകളും (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ്) ഇടിഞ്ഞിരുന്നു.
കെവിനും സ്വർണവും തമ്മിലെന്ത്?
കെവിൻ വാർഷ് പൊതുവേ പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താനും വാദിച്ചിരുന്നയാളാണ്. എന്നാൽ, ഏതാനും നാളുകളായി പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്.
എന്നാലും, കെവിൻ വാർഷ് വരുമ്പോൾ പണ്ടത്തെപ്പോലെ വീണ്ടും പലിശനയം കടുപ്പിക്കുമോ എന്ന ആശങ്ക വിപണിക്കും നിക്ഷേപക ലോകത്തിനുമുണ്ട്.
∙ പലിശനിരക്ക് കുറയുന്നതാണ് സ്വർണവിലയെ മേലോട്ട് നയിക്കുക.
∙ പലിശ കുറയുമ്പോൾ യുഎസ് ഗവൺമെന്റിന്റെ കടപ്പത്രം, യുഎസ് ബാങ്കുകളിലെ നിക്ഷേപം എന്നിവ അനാകർഷകമാകും. ഇവയിലേക്കുള്ള നിക്ഷേപം കുറയും.
ഇത് ഫലത്തിൽ ഡോളറിനെ ദുർബലമാക്കും.
∙ എന്നാൽ, വാർഷ് വരുമ്പോൾ മറിച്ചായേക്കാം സംഭവിക്കുന്നതെന്ന് വിപണി ഭയക്കുന്നു. പലിശനിരക്ക് കുറയാനല്ല, കൂടാനാണ് സാധ്യതയെന്ന് കരുതുന്നവരുമുണ്ട്.
∙ ഇതോടെ, ഡോളർ കുതിപ്പ് തുടങ്ങി.
സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പും. ഇതാണ് വിലയിടിയാൻ കാരണം.
∙ ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങൽച്ചെലവ് കൂടുമെന്നത് ഡിമാൻഡിനെ ബാധിക്കും.
ഇതും വിലയെ താഴേക്കുനയിച്ചു.
വില കൂടുതൽ താഴ്ചയിലേക്കോ?
നിലവിലെ ഫെഡ് ചെയർമാൻ ജെറോം പവലിന് 2026 മേയ് വരെ കാലാവധിയുണ്ട്. തുടർന്നായിരിക്കും കെവിൻ ചുമതലയേൽക്കുക.
കെവിൻ നേരത്തേ പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശനിരക്കിൽ കടുംപിടിത്തം തുടർന്നിരുന്നെങ്കിലും ഇപ്പോൾ പലിശകുറയ്ക്കണമെന്ന നിലപാടുള്ള ട്രംപിന്റെ പക്ഷത്താണ്.
എങ്കിലും, ചെയർമാനായ ശേഷമുള്ള കെവിന്റെ നിലപാടിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പലിശ കുറയ്ക്കേണ്ടെന്നാണ് തീരുമാനമെങ്കിൽ ട്രംപുമായി ഏറ്റമുട്ടലിന് വഴിതുറക്കും.
നിലവിലെ ചെയർമാൻ ജെറോം പവലും ട്രംപും തമ്മിൽ പലിശയെച്ചൊല്ലി വാക്പോര് ശക്തമായിരുന്നു. കെവിൻ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചേക്കില്ല.
അതുകൊണ്ടുതന്നെ, പലിശനിരക്ക് കുറയാനും അതുവഴി സ്വർണവില തിരിച്ചുകയറാനുമാണ് സാധ്യതയേറെ.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായില്ലെങ്കിലും സ്വർണം മുന്നേറും. മറിച്ച് ഇറാൻ-യുഎസ് ഭിന്നത മാറുകയും റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാവുകയും ചെയ്താൽ സ്വർണവില താഴും.
ഗ്രീൻലൻഡ് വിഷയം, താരിഫ് യുദ്ധം എന്നിവ കെട്ടടങ്ങിയാലും സ്വർണവില താഴേക്കാകും നീങ്ങുക.
ഓരോ മേഖലയുടെയും പ്രതീക്ഷ
∙
സ്വർണം, വെള്ളി
: പലിശ നിരക്ക് ഉയർത്താനുള്ള നടപടി സ്വീകരിച്ചാൽ ഡോളർ ശക്തിപ്പെടും. ഇതു ലോഹങ്ങളുടെ തിളക്കം കുറയ്ക്കും.
∙
ഡോളർ
: ഡോളറിന്റെ തിരിച്ചുവരവിന് പ്രാധാന്യം ലഭിക്കുന്ന നയങ്ങളുണ്ടാകും.
ഡോളർ ഇൻഡക്സിൽ ഇന്നലെ മുന്നേറ്റമുണ്ടായി.
∙
ബിറ്റ്കോയിൻ
: ഉയർന്ന പലിശനിരക്ക് നിക്ഷേപകരെ റിസ്ക് കൂടിയ ക്രിപ്റ്റോ കറൻസികളിലെ താൽപര്യം കുറച്ചേക്കാം. അതേസമയം, ക്രിപ്റ്റോകളോട് വാർഷിന് അനുകൂല നിലപാടാണുള്ളത്. ക്രിപ്റ്റോ വിപണിയിലും ഇന്നലെ തകർച്ച നേരിട്ടു.
∙
ഓഹരി
: ഫെഡ് പലിശ വർധന ഇന്ത്യൻ വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന് ആക്കം കൂട്ടും.
ഓഹരി വിപണികൾ ഇന്നലെ ഇടിഞ്ഞു.
∙
രൂപ
: ഡോളർ ശക്തിപ്പെടുന്നതനുസരിച്ച് രൂപയുടെ മൂല്യമിടിയും. ഡോളറിനെതിരെ 92.02ലേക്ക് ഇന്നലെ മൂല്യം ഇടിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

