UPDATE AT 10.30AM
∙ സ്വർണവില പ്രതീക്ഷിച്ചതുപോലെ കേരളത്തിൽ ഇന്ന് കൂടുതൽ ഇടിഞ്ഞു
∙ പവൻ വില 2 ദിവസം മുൻപ് 1.31 ലക്ഷത്തിന് മുകളിലായിരുന്നത് ഇന്ന് 1.17 ലക്ഷത്തിലേക്ക് താഴ്ന്നു. വിശദാംശം
വായിക്കാം.
എന്താണ് രാജ്യാന്തര സ്വർണവിലയിലും യുഎസ് സമ്പദ് വ്യവസ്ഥയിലും സംഭവിക്കുന്നത്? വിശദാംശങ്ങൾ താഴെ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ താക്കോൽ ഇനി കെവിൻ വാർഷിന്റെ കൈയിൽ. യുഎസ് ഫെഡിന്റെ ചെയർമാനായി കെവിൻ വാർഷിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
യുഎസ് ഫെഡിന്റെ മുൻ ഗവർണർ കൂടിയാണ് കെവിൻ.
നാഷനൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ്, നിലവിൽ ഫെഡ് ഗവർണറായ ക്രിസ്റ്റഫർ വോളർ, ബ്ലാക്ക്റോക്ക് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസർ റിക്ക് റൈഡർ എന്നിവരെ പിന്തള്ളിയാണ് കെവിൻ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
🇺🇸 President Trump has nominated longtime ally Kevin Warsh to be the next chairman of the Federal Reserve. Warsh is married to billionaire Jane Lauder, making him the son-in-law of Ronald Lauder — the President of the World Jewish Congress.
Warsh has publicly agreed with Trump… കെവിന് നേരത്തേതന്നെ ഈ പദവിയിലേക്ക് സാധ്യത കൽപ്പിച്ചിരുന്നു. നേരത്തേ ഫെഡ് ഗവർണറായിരിക്കേ പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താനും കടുംപിടിത്തം നടത്തിയ ആളായിരുന്നു കെവിൻ.
അതുകൊണ്ടുതന്നെ, ചെയർമാനായി കെവിൻ വന്നേക്കുമെന്ന സൂചനകളെ തുടർന്ന് ഡോളർ ശക്തിയാർജ്ജിക്കുകയും സ്വർണം, വെള്ളി വിലകൾ ഇടിയുകയും ചെയ്തിരുന്നു. ചെയർമാൻ പ്രഖ്യാപനം വന്നതിനുപിന്നാലെ സ്വർണവും വെള്ളിയും കൂടുതൽ ഇടിഞ്ഞു.
ഇന്നലെ ആഗോളതലത്തിൽ ഗോൾഡ്, സിൽവർ ഇടിഎഫുകളും (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ്) ഇടിഞ്ഞിരുന്നു.
കെവിനും സ്വർണവും തമ്മിലെന്ത്?
കെവിൻ വാർഷ് പൊതുവേ പണപ്പെരുപ്പം നിയന്ത്രിക്കാനും പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്താനും വാദിച്ചിരുന്നയാളാണ്. എന്നാൽ, ഏതാനും നാളുകളായി പലിശനിരക്ക് കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്.
എന്നാലും, കെവിൻ വാർഷ് വരുമ്പോൾ പണ്ടത്തെപ്പോലെ വീണ്ടും പലിശനയം കടുപ്പിക്കുമോ എന്ന ആശങ്ക വിപണിക്കും നിക്ഷേപക ലോകത്തിനുമുണ്ട്.
∙ പലിശനിരക്ക് കുറയുന്നതാണ് സ്വർണവിലയെ മേലോട്ട് നയിക്കുക. ∙ പലിശ കുറയുമ്പോൾ യുഎസ് ഗവൺമെന്റിന്റെ കടപ്പത്രം, യുഎസ് ബാങ്കുകളിലെ നിക്ഷേപം എന്നിവ അനാകർഷകമാകും.
ഇവയിലേക്കുള്ള നിക്ഷേപം കുറയും. ഇത് ഫലത്തിൽ ഡോളറിനെ ദുർബലമാക്കും.
∙ എന്നാൽ, വാർഷ് വരുമ്പോൾ മറിച്ചായേക്കാം സംഭവിക്കുന്നതെന്ന് വിപണി ഭയക്കുന്നു. പലിശനിരക്ക് കുറയാനല്ല, കൂടാനാണ് സാധ്യതയെന്ന് കരുതുന്നവരുമുണ്ട്.
∙ ഇതോടെ, ഡോളർ കുതിപ്പ് തുടങ്ങി. സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പും.
ഇതാണ് വിലയിടിയാൻ കാരണം. ∙ ഡോളർ ശക്തമാകുമ്പോൾ സ്വർണം വാങ്ങൽച്ചെലവ് കൂടുമെന്നത് ഡിമാൻഡിനെ ബാധിക്കും.
ഇതും വിലയെ താഴേക്കുനയിച്ചു.
കൂപ്പുകുത്തി സ്വർണവും വെള്ളിയും
വ്യാഴാഴ്ച ഔൺസിന് 5,594.82 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വർണവില ഇന്നലെ 5,000 ഡോളറിലേക്കും ഇന്നൊരുഘട്ടത്തിൽ 4,697 ഡോളറിലേക്കും തകർന്നടിഞ്ഞു. എങ്കിലും ഇപ്പോഴുള്ളത് നില അൽപ്പം മെച്ചപ്പെടുത്തി 4,893.2 ഡോളറിൽ.
നിലവിൽ 434.45 ഡോളർ നഷ്ടത്തിലാണുള്ളത്. വെള്ളിവില ഔൺസിന് 100 ഡോളറിന് മുകളിൽ നിന്ന് 85.34 ഡോളറിലേക്കും കുത്തനെ ഇടിഞ്ഞിറങ്ങി.
കേരളത്തിൽ ഇന്ന് സ്വർണം, വെള്ളി വിലകൾ വലിയതോതിൽ ഇടിയും.
വ്യാഴാഴ്ച പവന് 8,600 രൂപയിലധികം വർധിച്ചിരുന്നു. ഇന്നലെ 6,000 രൂപയിലധികം ഇടിയുകയും ചെയ്തു.
രാജ്യാന്തര വിപണിയിലെ 434 ഡോളറിന്റെ ഇടിവ് പരിഗണിക്കുമ്പോൾ ഇന്ന് കേരളത്തിൽ പവന് 7,000 രൂപയ്ക്കടുത്ത് കുറയണം. രാവിലെ 9.30ഓടെ ഇന്നത്തെ വില പ്രഖ്യാപനമുണ്ടാകും.
∙ രാജ്യാന്തര സ്വർണവില 4,697 ഡോളറിൽ നിന്ന് കരകയറിയില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിൽ പവന് 10,000 രൂപയ്ക്കടുത്ത് ഇടിയുമായിരുന്നു.
അങ്ങനെയെങ്കിൽ പവൻവില 1.14 ലക്ഷം രൂപയിലേക്ക് കുറയുകയും ചെയ്യുമായിരുന്നു. വ്യാഴാഴ്ച വില 1.31 ലക്ഷം രൂപയായിരുന്നു.
മിന്നലേറ്റ് ഗോൾഡ്, സിൽവർ ഇടിഎഫ്
സ്വർണം, വെള്ളി വിലകൾ ഇടിയുന്നത് ആഭരണപ്രിയർക്ക് ആശ്വാസമാണ്.
എന്നാൽ, സ്വർണത്തിലും വെള്ളിയിലും നിക്ഷേപിച്ചവർക്ക് വിലയിടിവ് ഇരുട്ടടിയുമാണ്. ഇന്ത്യയിൽ ഗോൾഡ് ഇടിഎഫുകൾ 10 ശതമാനത്തിലധികവും വെള്ളി ഇടിഎഫുകൾ 24 ശതമാനത്തോളവും ഇടിഞ്ഞു.
സ്വർണം, വെള്ളി വിലകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗോൾഡ്, സിൽവർ ഇടിഎഫുകളിൽ ‘കെവിൻ വാർഷ്’ ആഘാതത്തെ തുടർന്ന് ലാഭമെടുപ്പ് കനത്തതാണ് വിലയിടിവിന് വഴിവച്ചത്.
രാജ്യാന്തര വെള്ളിവില 1980നു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇന്നലെ നേരിട്ടത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് ഒരു ശതമാനത്തോളം മുന്നേറി 97.15 എന്ന ശക്തമായ നിലയിൽ എത്തിയതും സ്വർണം, വെള്ളി വിലകളെ വീഴ്ത്തി.
ഡോളറിലാണ് സ്വർണം, വെള്ളി രാജ്യാന്തര വ്യാപാരം നടക്കുന്നത്. ഡോളർ കരുത്തുനേടുമ്പോൾ സ്വർണവും വെള്ളിയും വാങ്ങുന്നതിനുള്ള ചെലവുമേറും.
ഇത് ഡിമാൻഡിനെ ബാധിക്കുകയും വില താഴുകയും ചെയ്യും.
വില കൂടുതൽ താഴ്ചയിലേക്കോ?
നിലവിലെ ഫെഡ് ചെയർമാൻ ജെറോം പവലിന് 2026 മേയ് വരെ കാലാവധിയുണ്ട്. തുടർന്നായിരിക്കും കെവിൻ ചുമതലയേൽക്കുക.
കെവിൻ നേരത്തേ പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശനിരക്കിൽ കടുംപിടിത്തം തുടർന്നിരുന്നെങ്കിലും ഇപ്പോൾ പലിശകുറയ്ക്കണമെന്ന നിലപാടുള്ള ട്രംപിന്റെ പക്ഷത്താണ്.
എങ്കിലും, ചെയർമാനായ ശേഷമുള്ള കെവിന്റെ നിലപാടിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പലിശ കുറയ്ക്കേണ്ടെന്നാണ് തീരുമാനമെങ്കിൽ ട്രംപുമായി ഏറ്റമുട്ടലിന് വഴിതുറക്കും.
നിലവിലെ ചെയർമാൻ ജെറോം പവലും ട്രംപും തമ്മിൽ പലിശയെച്ചൊല്ലി വാക്പോര് ശക്തമായിരുന്നു. കെവിൻ അത്തരമൊരു സാഹചര്യം സൃഷ്ടിച്ചേക്കില്ല.
അതുകൊണ്ടുതന്നെ, പലിശനിരക്ക് കുറയാനും അതുവഴി സ്വർണവില തിരിച്ചുകയറാനുമാണ് സാധ്യതയേറെ.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ അയവുണ്ടായില്ലെങ്കിലും സ്വർണം മുന്നേറും. മറിച്ച് ഇറാൻ-യുഎസ് ഭിന്നത മാറുകയും റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാവുകയും ചെയ്താൽ സ്വർണവില താഴും.
ഗ്രീൻലൻഡ് വിഷയം, താരിഫ് യുദ്ധം എന്നിവ കെട്ടടങ്ങിയാലും സ്വർണവില താഴേക്കാകും നീങ്ങുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Karan Singh Arora, X/Pop Base എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

