ലോകമാകെ വീണ്ടും കൂട്ടക്കുഴപ്പത്തിലേക്ക്. ലോക വാണിജ്യ-വ്യാപാര രംഗത്തെ പ്രധാനശക്തികളൊക്കെ അതിലുണ്ടെന്നത് ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിലകളെയും സ്വാധീനിക്കുന്നു.
എണ്ണവില കൂടിത്തുടങ്ങി. സ്വർണവില റെക്കോർഡ് ആവേശമെല്ലാം ചോർന്ന് രാജ്യാന്തര വിപണിയിൽ നേരിടുന്നത് കനത്ത തകർച്ച.
ഓഹരി വിപണികളും സമ്മർദത്തിലായി.
∙ ഇസ്രയേൽ-ഹമാസ്
ചർച്ചയ്ക്കായി യുഎസിൽ എത്തിയ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ പുകഴ്ത്തി ഡോണൾഡ് ട്രംപ്. നെതന്യാഹുവിന്റെ പോരാട്ടവീര്യം ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇപ്പോൾ അവശേഷിക്കില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു.
ഹമാസിനെ നിരായുധീകരിക്കണമെന്ന ഇസ്രയേലിന്റെ ആവശ്യത്തെ ട്രംപ് പിന്തുണച്ചു. ഗാസയിൽ രാജ്യാന്തര സമാധാന സേനവേണമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ആയുധങ്ങൾ അടിയറവു വയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി.
∙ വെനസ്വേല-യുഎസ്
അമേരിക്കയിലേക്ക് മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുവെന്ന് ആരോപിച്ച് കരീബിയൻ കടലിൽ അടുത്തിടെ വ്യാപകമായി വെനസ്വേലൻ ബോട്ടുകൾ യുഎസ് കോസ്റ്റ്ഗാർഡ് തകർത്തിരുന്നു. ഇപ്പോഴിതാ വെനസ്വേലയിലേക്ക് കടന്നുകയറി യുഎസ് സേന ആക്രമണം നടത്തിയെന്ന് ട്രംപ് സ്ഥിരീകരിച്ചു.
ബോട്ടുകളിൽ മയക്കുമരുന്ന് നിറയ്ക്കുന്ന കേന്ദ്രം ബോംബിട്ട് തകർത്തെന്നാണ് വാദം. നിക്കോളാസ് മഡുറോ നയിക്കുന്ന വെനസ്വേലൻ ഗവൺമെന്റിനെ ട്രംപ് അടുത്തിടെ ഔദ്യോഗികമായി ‘ഭീകരവാദ സംഘടന’ എന്ന് വിളിച്ചിരുന്നു.
∙ ഇറാൻ-യുഎസ്
ഇറാനുമേൽ ഉപരോധവും ഭീഷണിയും കടുപ്പിച്ചാൽ സമ്പൂർണ യുദ്ധം തുടങ്ങുമെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി.
യുഎസ്, യൂറോപ്പ്, ഇസ്രയേൽ എന്നിവയെ ആക്രമിക്കുമെന്ന ഭീഷണിയാണ് മസൂദ് മുഴക്കിയത്. ഇറാൻ സ്വന്തംകാലിൽ നിൽക്കാൻ ഈ രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ഇതിനിടെ, യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതരുടെ കേന്ദ്രങ്ങൾക്കു നേരെ സൗദി അറേബ്യ ആക്രമണം നടത്തി.
ആണവായുധ നിർമാണം പുനരാരംഭിക്കാനാണ് ഇറാന്റെ പ്ലാനെങ്കിൽ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകി.
കേന്ദ്രബാങ്കിന്റെ ഗവർണർ മൊഹമ്മദ് റേസ ഫർസീൻ ഇതിനിടെ രാജിവച്ചതും ഇറാന് ആഘാതമായി. ഉപരോധവും സാമ്പത്തികമായുള്ള ഒറ്റപ്പെടുത്തലും മൂലം ഇറാന്റെ കറൻസി റിയാൽ ഡോളറിനെതിരെ തകർന്നടിഞ്ഞ പശ്ചാത്തലത്തിലാണ് രാജി.
2015ൽ ഒരു ഡോളറിന് 32,000 റിയാൽ എന്ന തലത്തിലായിരുന്നു മൂല്യം. ഇപ്പോഴിത് ഒരു ഡോളറിന് 14.2 ലക്ഷം റിയാൽ!
∙ റഷ്യ-യുക്രെയ്ൻ
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി യുഎസിൽ എത്തി ട്രംപുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയിട്ടും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തലത്തിലേക്ക് ചർച്ചകളെത്തിയില്ല.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ബോംബ് വർഷം നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചു. റഷ്യയിൽ പുട്ടിന്റെ വീടിനടുത്ത് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യയും ആരോപിച്ചെങ്കിലും അതു പച്ചക്കള്ളമാണെന്ന് സെലെൻസ്കി പറഞ്ഞു.
ഫലത്തിൽ, യുദ്ധം തുടരുകയാണ്; അതു തൽക്കാലം തുടരുകയും ചെയ്യും.
∙ ചൈന-തായ്വാൻ
തായ്വാനെ വളഞ്ഞ് സൈനിക പരേഡ് ഉഷാറാക്കി ചൈന. മേഖലയിൽ വീണ്ടും യുദ്ധസമാന സാഹചര്യത്തിന് കളമൊരുക്കുന്നതാണ് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ ഈ പ്രകോപനം.
തായ്വാന് വമ്പൻ തുകയുടെ ആയുധശേഖരം നൽകാൻ അടുത്തിടെ യുഎസ് തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ചൈന കൂടുതൽ പ്രകോപനം സൃഷ്ടിക്കുന്നത്. തായ്വാനെ ചൈന ആക്രമിച്ചാൽ, അത് ജപ്പാനെതിരായ സൈനിക നീക്കമായി കാണുമെന്നും ജാപ്പനീസ് സൈന്യവും കളത്തിലിറങ്ങുമെന്നും പ്രധാനമന്ത്രി സനയ് തകയ്ചി പറഞ്ഞത് ചൈനയെ ചൊടിപ്പിച്ചിരുന്നു.
∙ കരിങ്കടൽ കത്തുന്നു; തിളച്ച് എണ്ണവില
കരിങ്കടലിൽ റഷ്യയുടെ തന്ത്രപ്രധാന എണ്ണത്തുറമുഖമായ നൊവോറോസിയ്ക് ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ തകർത്തത് ക്രൂഡ് ഓയിൽ വില കുതിക്കാൻ ഇടയാക്കി.
റഷ്യ-യുക്രെയ്ൻ സംഘർഷം, വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം എന്നിവയ്ക്ക് പിന്നാലെയാണ് യുക്രെയ്ന്റെ ആക്രമണെന്നത് എണ്ണവിലയെ ചൂടുപിടിപ്പിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.14% കുതിച്ച് 62 ഡോളറിലെത്തി.
ട്രംപിന്റെ കപ്പൽവിലക്ക് മൂലം ഏകദേശം 8,000 കോടി രൂപയുടെ വെനസ്വേലൻ ക്രൂഡ് ഓയിലാണ് കരീബിയൻ കടലിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്നത്.
∙ തകർന്ന് സ്വർണവും വെള്ളിയും
കനത്ത ലാഭമെടുപ്പിനെ തുടർന്ന് വൻ ഇടിവ് നേരിട്ട് സ്വർണം, വെള്ളി വിലകൾ. ഇന്നലെ ഔൺസിന് 4,548 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വർണവില, ഇന്ന് രാവിലെ ഒരുവേള 4,325 ഡോളറിലേക്ക് കൂപ്പുകുത്തി.
200 ഡോളറിലധികമാണ് ഇടിഞ്ഞത്. കേരളത്തിൽ ഇന്നലെ പവന് 4 തവണയായി 2,000 രൂപയിലേറെ കുറഞ്ഞ് വില 1,02,960 രൂപയിൽ എത്തിയിരുന്നു.
ഇന്നും വലിയ കുറവ് പ്രതീക്ഷിക്കാം. രാജ്യാന്തര വെള്ളിവില 8 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്.
ചുവപ്പണിഞ്ഞ് ഓഹരികൾ
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 30 പോയിന്റ് താഴ്ന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്നും സമ്മർദത്തിലായേക്കാം. ഇന്നലെ ഭേദപ്പെട്ട
തുടക്കം കിട്ടിയിട്ടും ഇരു സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്ത് പ്രതിരോധ പദ്ധതിച്ചെലവുകൾക്ക് അംഗീകാരം നൽകുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) 79,000 കോടി രൂപ മതിക്കുന്ന പദ്ധതികൾക്ക് പുതുതായി പച്ചക്കൊടി വീശി. ഇത് കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പെടെയുള്ള പ്രതിരോധ കമ്പനികൾക്ക് നേട്ടമാകും.
സ്വർണവില ഇടിയുന്നത് ജ്വല്ലറി, ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികളെ സമ്മർദത്തിലാക്കി. രൂപ ഇന്നലെ ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 89.98 ആയി.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 2,769 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
വിദേശത്തും നെഗറ്റീവ് കാറ്റ്
∙ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് പുറമേ എൻവിഡിയ ഉൾപ്പെടെ എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികൾ നേരിടുന്ന വിൽപനസമ്മർദവും യുഎസ് സൂചികകളെ നഷ്ടത്തിലാക്കി. എസ് ആൻഡ് പി500, നാസ്ഡാക്, ഡൗ എന്നിവ 0.51% വരെ താഴ്ന്നു.
ഫ്യൂച്ചേഴ്സ് വിപണിയിലും ഉഷാറില്ല.
∙ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ തനിക്ക് ഇപ്പോഴും കഴിയുമെന്ന് ട്രംപ് പറഞ്ഞതും നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.
∙ ഏഷ്യയിൽ ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 0.18% താഴ്ന്നു. എഐ രംഗത്ത് വൻ നിക്ഷേപമുള്ള സോഫ്റ്റ് ബാങ്കിന്റെ ഓഹരി 2% കുറഞ്ഞു.
ഡിജിറ്റൽബ്രിജ് എന്ന കമ്പനിയുടെ ഓഹരികൾ 4 ബില്യൻ ഡോളറിന് ഏറ്റെടുക്കുമെന്ന് സോഫ്റ്റ് ബാങ്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഴ്ച.
∙ ദക്ഷിണ കൊറിയൻ സൂചികയായ കോസ്പി 0.1%, ചൈനയിൽ ഷാങ്ഹായ് 0.03% എന്നിങ്ങനെ താഴ്ന്നു. ഹോങ്കോങ് സൂചിക 0.35% കയറി.
യൂറോപ്യൻ വിപണികളും ആലസ്യത്തിലാണ്. എഫ്ടിഎസ്ഇ 0.20% കയറി.
∙ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ തീരുമാനമാകാത്തത് യൂറോപ്പിൽ പ്രതിരോധ കമ്പനികളുടെ ഓഹരികൾക്ക് നേട്ടമാകുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

