പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം കുറച്ച് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനം. പലിശഭാരം 3.75-4 ശതമാനമായാണ് കുറച്ചത്.
കഴിഞ്ഞ യോഗത്തിലും 0.25% കുറവ് വരുത്തിയിരുന്നു. യുഎസിൽ വാഹന, ഭവന വായ്പകളുടെയും ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെയും പലിശ കുറയാൻ ഇതോടെ വഴിയൊരുങ്ങി.
പലിശ കുറഞ്ഞത് ആശ്വാസമാണെങ്കിലും ഇനിയുള്ള യോഗങ്ങളിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന സൂചന യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ നൽകിയത് ഓഹരി വിപണികൾക്ക് വൻ പ്രഹരമായി.
സെപ്റ്റംബറിലെ യോഗശേഷം ഒക്ടോബറിലും ഡിസംബറിലും പലിശനിരക്ക് കുറച്ചേക്കുമെന്ന് യുഎസ് ഫെഡ് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇന്നലത്തെ യോഗശേഷം ഡിസംബറിലെ പലിശനിരക്ക് ഇളവിനെക്കുറിച്ച് ജെറോം പവൽ ഒന്നും മിണ്ടിയില്ല.
യുഎസിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മനിരക്കും നിരക്കും കൂടുന്നത് ആശങ്കയാണെന്നും യുഎസ് ഫെഡ് സൂചിപ്പിച്ചു.
മാത്രമല്ല, യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങൾ വാങ്ങി വിപണിയിലേക്ക് പണമൊഴുക്ക് ശക്തിപ്പെടുത്തുന്ന നടപടിയിൽനിന്ന് (ക്യുഇ – ക്വാണ്ടിറ്റേറ്റീവ് ഈസിങ്) പണലഭ്യത നിയന്ത്രിക്കാനുള്ള നടപടിയിലേക്ക് (ക്യുടി – ക്വാണ്ടിറ്റേറ്റീവ് ടൈറ്റനിങ്) കടക്കാനുള്ള യുഎസ് ഫെഡിന്റെ തീരുമാനവും ആഗോളതലത്തിൽ വിപണികളെ ഉലച്ചു.
കോവിഡ് കാലത്ത് ക്യുഇ വഴി 9 ലക്ഷം കോടി ഡോളർ യുഎസ് ഫെഡ് വിപണിയിലിറക്കിയിരുന്നു. ഇതു മെല്ലെ കുറയ്ക്കാനാണ് തീരുമാനം.
ബാലൻസ്ഷീറ്റ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. യുഎസ് പണനയ നിർണയ സമിതിയിലെ (എഫ്ഒഎംസി) ട്രംപിന്റെ നോമിനിയായ സ്റ്റീഫൻ മിറൻ ഇക്കുറിയും എതിർവോട്ട് ചെയ്തു.
പലിശനിരക്ക് അരശതമാനം കുറയ്ക്കണമെന്ന തന്റെ കഴിഞ്ഞ യോഗത്തിലെ നിലപാട് അദ്ദേഹം ആവർത്തിക്കുകയായിരുന്നു. രണ്ടിനെതിരെ 10 വോട്ടുകൾക്കാണ് ഇത്തവണ പലിശനിരക്ക് കാൽശതമാനം കുറച്ചത്. കെൻസസ് സിറ്റി ഫെഡ് പ്രസിഡന്റ് ജെഫറി സ്മിഡും എതിർവോട്ട് ചെയ്തു.
പലിശ കുറയ്ക്കുകയേ വേണ്ട എന്നതായിരുന്നു സ്മിഡിന്റെ നിലപാട്.
ഓഹരികളിൽ വീഴ്ച; കൊറിയയ്ക്ക് കുതിപ്പ്
നേട്ടത്തിലായിരുന്ന യുഎസ് ഓഹരികൾ യുഎസ് ഫെഡിന്റെ പലിശനയ പ്രഖ്യാപനത്തിന് പിന്നാലെ ചുവപ്പണിഞ്ഞു.
ഡൗ ജോൺസ് 0.2% താഴ്ന്നു. എസ് ആൻഡ് പി500 സൂചിക മാറ്റമില്ലാതെ നിന്നു.
എൻവിഡിയയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ നാസ്ഡാക് 0.61% ഉയർന്ന് റെക്കോർഡ് ക്ലോസിങ് പോയിന്റായ 23,958.47ൽ എത്തി. വിപണിമൂല്യം 5 ട്രില്യൻ ഡോളർ കടക്കുന്ന ലോകത്തെ ആദ്യ കമ്പനിയെന്ന നേട്ടം ചിപ് നിർമാതാക്കളായ എൻവിഡിയ സ്വന്തമാക്കി.
ലോകത്ത് ആദ്യമായി 4 ട്രില്യൻ കടന്നതും എൻവിഡിയ ആയിരുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എഐ) കുതിച്ചുചാട്ടമാണ്, ഈ രംഗത്തെ നിർണായകശക്തിയായ എൻവിഡിയയുടെ ഓഹരികളുടെയും വിപണിമൂല്യത്തിലെയും കുതിപ്പിന് വഴിവച്ചത്. യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സ് പക്ഷേ നിരാശപ്പെടുത്തി.
ഡൗ 0.2%, എസ് ആൻഡ് പി 0.2%, നാസ്ഡാക് 0.3% എന്നിങ്ങനെ ഇടിഞ്ഞു. സാധാരണ വ്യാപാരം അവസാനിച്ചശേഷമാണ് ഇന്നലെ ആൽഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ് എന്നിവ സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടത്.
ആൽഫബെറ്റ് ഓഹരി 6% കയറി. മെറ്റ 8%, മൈക്രോസോഫ്റ്റ് 4% എന്നിങ്ങനെ ഇടിഞ്ഞു.
മെറ്റയുടെ ലാഭവും വരുമാനവും കൂടിയെങ്കിലും ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ നിയമം’ മൂലം 15.93 ബില്യൻ ഡോളറിന്റെ നികുതിബാധ്യത ഉണ്ടായെന്ന് കമ്പനി വ്യക്തമാക്കിയത് ഓഹരികൾക്ക് തിരിച്ചടിയായി.
ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.10% നേട്ടത്തിലാണ്. ഹോങ്കോങ് 0.62% കയറി.
ഷാങ്ഹായ് 0.02% താഴ്ന്നു. യൂറോപ്യൻ വിപണികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്.
ട്രംപിന്റെ കൊറിയൻ ഡ്രാമ!
ദക്ഷിണ കൊറിയൻ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി.
ട്രംപ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കുതിപ്പ്. ഹ്യുണ്ടായ്, കിയ ഓഹരികൾ 12% വരെ കയറി.
ഷിപ്പിങ് കമ്പനിയായ ഹൻവ ഓഷൻ 15%, സാംസങ് ഹെവി ഇൻഡസ്ട്രീസ് 8.33% എന്നിങ്ങനെയും ഉയർന്നു. ഓഹരി സൂചികയായ കോസ്പിയുടെ കുതിപ്പ് 1.37 ശതമാനമാണ്.
കൊറിയൻ ഉൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുനന തീരുവ 15 ശതമാനത്തിലേക്ക് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനുള്ള ‘പ്രത്യുപകാരമായി’ ദക്ഷിണ കൊറിയൻ കമ്പനികൾ യുഎസിൽ 350 ബില്യൻ ഡോളറിന്റെ നിക്ഷേപം നടത്തും. ‘‘ഫിലഡെൽഫിയയിലെ ഷിപ്പ്യാർഡിൽ’’ ദക്ഷിണ കൊറിയയ്ക്ക് ന്യൂക്ലിയർ സബ്മറീനുകൾ നിർമിക്കാനുള്ള അനുമതി ട്രംപ് നൽകിയതും ശ്രദ്ധേയമായി.
ദക്ഷിണ കൊറിയയുടെ ആദ്യ ആണവ അന്തർവാഹിനിയായിരിക്കും ഇത്.
മഞ്ഞുരുകലിന് ട്രംപ്-ഷി മീറ്റിങ്
ലോകം കാതോർക്കുന്ന ട്രംപ്-ഷി കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രത്യേകത. ചൈനയും യുഎസും തമ്മിലെ വ്യാപാര പടലപ്പിണക്കത്തിൽ മഞ്ഞുരുകലുണ്ടാകുമെന്നാണ് പ്രതീക്ഷകൾ.
ചൈന റെയർ എർത്ത് കയറ്റുമതി നിയന്ത്രണത്തിൽ നിന്ന് പിന്മാറിയേക്കും. ചൈനയ്ക്കുമേൽ പ്രഖ്യാപിച്ച 100-155% തീരുവയിൽ നിന്ന് ട്രംപും പിന്മാറും.
അതേസമയം, യുഎസിലേക്ക് എത്തുന്ന ചൈനയുടെ ‘ഫെന്റാനിൽ’ സംബന്ധിച്ച് ഷീയോട് ട്രംപ് ചോദ്യമെറിയും. നേരിട്ടും വളഞ്ഞവഴിക്കും ചൈന ഈ ‘വേദനസംഹാരി’ യുഎസിൽ ‘ഡംപ്’ ചെയ്യുന്നുവെന്ന ആരോപണം ട്രംപ് നേരത്തേ പലവട്ടം ഉയർത്തിയിരുന്നു.
ചുവന്ന് ഗിഫ്റ്റ് നിഫ്റ്റി
മോദി ലോകത്തെ ഏറ്റവും സുന്ദരൻ, കടുപ്പമേറിയ ആൾ എന്നൊക്കെ ട്രംപ് ഇന്നലെ പുകഴ്ത്തിയിരുന്നു.
ഇന്ത്യയുമായി വൈകാതെ വ്യാപാരഡീൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് പറഞ്ഞതും ഓഹരി വിപണികൾക്ക് ഇന്നലെ നേട്ടമായിരുന്നു. വസ്ത്ര, സമുദ്രോൽപന്ന കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടവും കൈവരിച്ചു.
ഇന്നുപക്ഷേ, സാഹചര്യം അത്ര മെച്ചമല്ല. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 90 പോയിന്റുവരെ ഇടിഞ്ഞത് നിഫ്റ്റിയും സെൻസെക്സും ഇന്ന് നഷ്ടത്തിലേക്ക് യു-ടേൺ അടിച്ചേക്കാമെന്ന ആശങ്കയാണ് തരുന്നത്.
യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചത് ഇന്ത്യയ്ക്ക് അനുകൂലമാകേണ്ടതാണ്.
കാരണം, യുഎസിൽ നിക്ഷേപിക്കുമ്പോൾ ഇനി കാര്യമായ നേട്ടം കിട്ടില്ലെന്നത് ഇന്ത്യ പോലുള്ള വിപണികളിലേക്ക് വിദേശനിക്ഷേപം ഒഴുകാൻ സഹായിക്കും. എന്നാൽ, പലിശയിൽ കടുംപിടിത്തത്തിന്റെ കാലമാണ് ഇനി മുന്നിലുള്ളതെന്നുകൂടി യുഎസ് ഫെഡ് സൂചിപ്പിച്ചത് ആഗോളവിപണികളെ ഉലച്ചിട്ടുണ്ട്.
യുഎസ് ഓഹരികളും ഏഷ്യൻ വിപണികളും ഇടിഞ്ഞതിന്റെ അലയൊലികൾ ഇന്ത്യയിലും വീശിയേക്കാം. ഇനിയൊരു പലിശയിളവ് അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടെന്ന് യുഎസ് ഫെഡ് ഫലത്തിൽ വ്യക്തമാക്കിയത് ഡോളറിന് കരുത്തായിട്ടുണ്ട്.
ഇത് രൂപയ്ക്ക് സമ്മർദമാകും.
ശ്രദ്ധയിൽ ഇവർ
∙ പെപ്സിക്കുവേണ്ടി ഇന്ത്യയിൽ ഉൽപാദനപ്രവർത്തനങ്ങൾ നടത്തുന്ന വരുൺ ബവ്റീജസ്, ഇനി മദ്യവിൽപനയിലേക്കും കടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ∙ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) ലാഭം കഴിഞ്ഞപാദത്തിൽ 53% കുറഞ്ഞു.
∙ ഇലക്ട്രിക് എസ്യുവികൾക്കായി ഡിജിറ്റൽ കീ നിർമിക്കാൻ സാംസങ്ങുമായി മഹീന്ദ്രയുടെ കരാർ. ∙ എൽ ആൻഡ് ടിയുടെ ലാഭം സെപ്റ്റംബർപാദത്തിൽ 16% ഉയർന്നു.
∙ പോളിസിബസാറിന്റെ മാതൃകമ്പനിയായ പിബി ഫിൻടെക്കിന്റെ ലാഭം ഉയർന്നത് 165%.
∙ ഇന്ന് ഐടിസി, എൻടിപിസി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, സ്വിഗ്ഗി, കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, അദാനി പവർ, ബന്ധൻ ബാങ്ക്, ഡാഹർ ഇന്ത്യ, മണപ്പുറം ഫിനാൻസ്, ലോധ ഡവലപ്പേഴ്സ്, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഡിഎൽഎഫ് തുടങ്ങിയവയുടെ പ്രവർത്തനഫലം പുറത്തുവരും.
സ്വർണവും എണ്ണയും
രാജ്യാന്തര സ്വർണവില ചാഞ്ചാട്ടത്തിലാണ്. ഇന്നു രാവിലെയുള്ളത് 40 ഡോളർ താഴ്ന്ന് 3,927 ഡോളറിൽ.
യുഎസിൽ പലിശനിരക്ക് കുറഞ്ഞത് നേട്ടമാകേണ്ടതായിരുന്നെങ്കിലും, ഇനി അടുത്തെങ്ങും പലിശ കുറയില്ലെന്ന വിലയിരുത്തൽ സ്വർണത്തെ താഴേക്കുനയിച്ചു. ക്രൂഡ് ഓയിൽ വിലയും നഷ്ടത്തിലാണുള്ളത്.
ഡബ്ല്യുടിഐ വില 0.41% താഴ്ന്ന് 60.23 ഡോളറിലും ബ്രെന്റ് വില 0.37% നഷ്ടത്തോടെ 64.68 ഡോളറിലും നിൽക്കുന്നു. ക്രൂഡ് വില താഴ്ന്നത് ഇന്ത്യയിലെ എണ്ണക്കമ്പനി ഓഹരികൾക്ക് ഇന്നലെ നേട്ടമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

