അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ പുതിയൊരു കപ്പൽപ്പാത സജീവമാക്കാൻ നടപടികളുമായി യുഎസ്. ഒമാന്റെ തീരത്തോടു ചേർന്ന് ഉപയോഗിക്കാതെ കിടന്നിരുന്ന കടൽ ഇടനാഴിയാണ് രഹസ്യമായി പുതുക്കിയെടുക്കുന്നത്.
സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക വിവരം പുറത്തുവന്നിട്ടുള്ളത്. 28 മീറ്റർ ആഴമുള്ളതാണ് ഈ പുതിയ പാത.
ഇത് കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന്റെ ആഴത്തിന് ഏതാണ്ട് തുല്യമാണെന്നത് ശ്രദ്ധേയമാണ്. ഒമാന്റെ മുസന്ദം ദ്വീപിന്റെ സാന്നിധ്യമുള്ളതിനാലും ചെരിവുള്ള ഭൂപ്രകൃതിയായതിനാലും ഈ പാത ഇറാനിയൻ സൈന്യത്തിന്റെ നിരീക്ഷണത്തിൽപ്പെടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
488 അടി വീതിയുള്ള ഈ കപ്പൽപ്പാതയിലൂടെ വെരി ലാർജ് ക്രൂഡ് കാരിയറുകൾ (വിഎൽസിസി) ഉൾപ്പെടെയുള്ള ലോകത്തെ ഏത് വലിയ കപ്പലുകൾക്കും സുരക്ഷിതമായി സഞ്ചരിക്കാനാകും. ഹോർമുസ് പ്രതിസന്ധി നീണ്ടുപോയാൽ വാണിജ്യക്കപ്പലുകൾക്ക് ഈ പാത വലിയ തോതിൽ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
എന്നാൽ ഈ വിഷയത്തിൽ അമേരിക്കയോ ഒമാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഇറാനിയൻ മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധത്തിന് മുൻപ് തന്നെ കപ്പലുകൾ ഉപയോഗിച്ചിരുന്ന പാതയാണിതെന്നും ഇതിന് 28 മീറ്റർ സ്വാഭാവിക ആഴമുണ്ടെന്നും അതിനാൽ പുതിയ ആഴംകൂട്ടലിന്റെ ആവശ്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. മാത്രമല്ല, ഈ പ്രദേശം ഇറാന്റെ നിരീക്ഷണ പരിധിയിൽ വരുന്നതാണെന്നും അവർ അവകാശപ്പെടുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലോക വ്യാപാരത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുൻപ് ലോക വിപണിയിലേക്കുള്ള മൊത്തം ക്രൂഡോയിലിന്റെ നാലിലൊന്നും കടന്നുപോയിരുന്ന പ്രധാന പാതയായിരുന്നു ഹോർമുസ് കടലിടുക്ക്.
എന്നാൽ നിലവിൽ എണ്ണനീക്കം നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മാസങ്ങളായി നിരവധി കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്.
ഇറാനും അമേരിക്കൻ സൈന്യവും കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതും പല കപ്പലുകളും ആക്രമണങ്ങൾക്ക് ഇരയാകുന്നതും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എൽഎൻജി, എൽപിജി തുടങ്ങിയ അവശ്യ ചരക്കുകളുടെ നീക്കവും ഇതിലൂടെ തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിനിടയിൽ, ഇറാനെതിരെ കൂടുതൽ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് യുഎസ്. ഈജിപ്തിലെ ബാങ്ക് മിസ്റിന്റെ യുഎഇ ശാഖയ്ക്ക് ഉപരോധം ഏർപ്പെടുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്.
ഇറാനെതിരായ പുതിയ സാമ്പത്തിക നടപടികൾ ഇന്ത്യ ഉൾപ്പെടെയുള്ള ഒമ്പത് രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയാണ് ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി.
യുഎഇ രണ്ടാം സ്ഥാനത്തും, തുർക്കി മൂന്നാം സ്ഥാനത്തും, ഇറാഖ് നാലാം സ്ഥാനത്തും, യൂറോപ്യൻ യൂണിയൻ അഞ്ചാം സ്ഥാനത്തുമാണ്. ഇന്ത്യ ഈ പട്ടികയിൽ ആറാം സ്ഥാനത്താണ് നിൽക്കുന്നത്.
പാകിസ്ഥാൻ, റഷ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്. 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 160 കോടി ഡോളറിന്റേതാണ് ഇന്ത്യ-ഇറാൻ ഉഭയകക്ഷി വ്യാപാരം.
2023 ലെ 230 കോടി ഡോളറിൽ നിന്നാണ് ഈ കുറവുണ്ടായിരിക്കുന്നത്. അരി, പഞ്ചസാര, തേയില, മരുന്നുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
മറിച്ച്, പഴങ്ങളും ഉണക്കപ്പഴങ്ങളുമാണ് ഇറാനിൽ നിന്ന് പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇറാന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സമ്മതിക്കുകയുണ്ടായി.
‘‘ഉപരോധം ബാധിച്ചിട്ടില്ലെന്നാണ് ചിലർ പറയുന്നത്. അവരോടൊക്കെ എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല.
ഇറാന്റെ കയറ്റിറക്കുമതി 35% വരെ കുറഞ്ഞിട്ടുണ്ട്’’ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇറാന്റെ എണ്ണ കയറ്റുമതിയിൽ 80% ഇടിവുണ്ടായതായി വിപണി ഗവേഷകരായ കെപ്ലറും സാക്ഷ്യപ്പെടുത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ നേതൃത്വം തയ്യാറാകണമെന്നും നയതന്ത്ര ചർച്ചകൾക്ക് രാജ്യം സന്നദ്ധമാണെന്നും മസൂദ് പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

