
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്ത ഘട്ട നിർമാണത്തിനു പാരിസ്ഥിതിക അനുമതി നൽകുന്നതിനു മുന്നോടിയായുള്ള ടേംസ് ഓഫ് റഫറൻസ് ഇന്നു കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി അപ്രൈസൽ കമ്മിറ്റി പരിശോധിക്കും. കമ്മിറ്റിക്കു മുൻപിൽ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കമ്പനി പരിഗണനാ വിഷയങ്ങൾ അവതരിപ്പിക്കും. കമ്മിറ്റി അംഗീകാരം നൽകിയാൽ ഈ പരിഗണനാ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തി പഠനം തുടങ്ങാം. എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ലിമിറ്റഡ് നടത്തുന്ന പഠനം ഡിസംബറോടെ പൂർത്തീകരിക്കാമെന്നാണു പ്രതീക്ഷ.
2027ൽ രണ്ടാം ഘട്ടം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ഈ ഘട്ടത്തിന് ആവശ്യമായ മുഴുവൻ പണവും അദാനി പോർട്സ് മുടക്കും. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വർഷം 40 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്കു വിഴിഞ്ഞം തുറമുഖം എത്തും. വിഴിഞ്ഞം തുറമുഖ പദ്ധതി നാലു ഘട്ടമായി നടപ്പാക്കാനാണു കരാർ വച്ച ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തമായ സാധ്യത കണക്കിലെടുത്താണു 2 ഘട്ടമായി നടപ്പാക്കാൻ അദാനി പോർട്സ് തിടുക്കം കാട്ടുന്നത്. അടുത്ത മേയിലാണു ആദ്യഘട്ടത്തിന്റെ പൂർത്തീകരണ സമയം വച്ചിരിക്കുന്നത്. പാരിസ്ഥിതിക അനുമതി ഡിസംബറിൽ ലഭിച്ചാൽ, ആദ്യഘട്ടം പൂർത്തിയാകുന്നതിനു മുൻപു രണ്ടാം ഘട്ട നിർമാണത്തിലേക്കു കടക്കാനാകും.
Content Highlight: Vizhinjam Port
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]