
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന ആശങ്കയ്ക്ക് പിന്നാലെ വന്ന മറ്റൊരു വാർത്ത ഐടി ലോകത്ത് ആശ്വാസം പകരുന്നു. ഈ വർഷം ടിസിഎസിന്റെ ലോകത്തെമ്പാടുമുള്ള ശാഖകളിൽ ജോലിചെയ്യുന്ന 12,000 പേരെ കമ്പനി പിരിച്ചു വിടുമ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 20,000 പേർക്ക് തൊഴിലൊരുക്കുന്നവെന്നതാണ് ഈ രംഗത്ത് പ്രതീക്ഷയേകുന്നത്. എഐ മേഖലയിൽ ശ്രദ്ധ പതിപ്പിച്ച് തൊഴിലവസരമൊരുക്കാനാണ് ഇൻഫോസിസ് ഒരുങ്ങുന്നത്.
ടിസിഎസ് ആഗോളതലത്തിലുള്ള ജീവനക്കാരിൽ 2 ശതമാനം പിരിച്ചു വിടുമെന്ന വാർത്ത വന്നതോടെ 28,000 കോടി ഡോളർ വാർഷിക വിറ്റുവരവുള്ള ഐടി മേഖലയാകെ ഭീതിയിലാണ്.
അമേരിക്കൻ ഐടി കമ്പനികളുടെ പാത പിന്തുടർന്ന് കൂടുതൽ കമ്പനികൾ ഇന്ത്യയിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുമോ എന്ന ഐടി ജീവനക്കാരുടെ ആശങ്ക ഇന്‍ഫോസിസിന്റെ പുതിയ നീക്കത്തോടെ അസ്ഥാനത്താകും. നാസ്കോം (നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസ്) കണക്കനുസരിച്ചു 2024-25 സാമ്പത്തിക വർഷം ഐടി മേഖലയിൽ നേരിട്ട് ജോലി ചെയ്തിരുന്നത് 5 കോടി 80 ലക്ഷം പേരാണ്.
നീക്കം ശ്രദ്ധേയമാകുന്നു
ഇന്‍ഫോസിസ് പ്രധാനമായും ബിരുദധാരികളെയാണ് ലക്ഷ്യം വയ്ക്കുന്നത്.
അടുത്തിടെ കമ്പനി 17,000 ത്തിലധികം പേരെ നിയമിച്ചിരുന്നു. ഈ വർഷം 20000 പേരെ നിയമിക്കാനാണുദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
എഐ, പുനർവൈദഗ്ധ്യ വികസനം എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. ഇൻഫോസിസ് ഇതുവരെ എഐയിൽ വിവിധതലങ്ങളിലായി രണ്ടേമുക്കാൽ ലക്ഷം ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
ഐടി കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്ന പ്രവണത സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്. ഐടി കമ്പനികൾ എഐയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ മനുഷ്യശേഷിയുടെ ആവശ്യം കുറയുമെന്നും ഇതു മുന്നിൽക്കണ്ടാണ് പിരിച്ചുവിടലെന്നും വിദഗ്ധർ പറയുന്നു.
എന്നാൽ ഐടി കമ്പനികൾ ഇതിനോട് യോജിക്കുന്നില്ല. ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട
നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]