
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായി 87ന് താഴേക്ക് ഇടിഞ്ഞു. ഇന്ന് 24 പൈസ താഴ്ന്ന് 87.15ലാണ് രൂപ വ്യാപാരം ആരംഭിച്ചത്.
ഇന്ത്യയ്ക്കെതിരെ യുഎസ് 20 ശതമാനത്തിൽ കുറയാത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പുമാണ് രൂപയ്ക്ക് ആഘാതമായത്. ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്കും തിരിച്ചടിയായി.
എണ്ണക്കമ്പനികൾ അടക്കമുള്ള ഇറക്കുമതിക്കാർ മാസാവസാനമായതിനാൽ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതും രൂപയുടെ വീഴ്ചയുടെ ആക്കംകൂട്ടി.
ഇന്നലെതന്നെ രൂപ 21 പൈസ ഇടിഞ്ഞ് 4 മാസത്തെ താഴ്ചയിൽ എത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾതന്നെ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായിരുന്നു.
എന്നാൽ, തൊട്ടുപിന്നാലെ ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പകരംതീരുവ പ്രഖ്യാപിച്ചത് ചർച്ചകളെ തകിടംമറിച്ചു.
ഇന്ത്യയ്ക്കുമേൽ ട്രംപ് 26% പകരംതീരുവയും 10% അടിസ്ഥാന തീരുവയുമടക്കം മൊത്തം 36% തീരുവയായിരുന്നു പ്രഖ്യാപിച്ചത്. ഇതു പിന്നീട് 3 മാസത്തേക്ക് മരവിപ്പിച്ചു.
ഇന്ത്യ-യുഎസ് പ്രതിനിധികൾ തമ്മിൽ തുടർന്ന് നിരന്തരം ചർച്ചകൾ നടത്തി വ്യാപാരക്കരാറിൽ എത്താനുള്ള ശ്രമത്തിലായിരുന്നു. യുഎസ് പ്രതിനിധികൾ അടുത്തമാസം ഇന്ത്യയിൽ എത്തുന്നുമുണ്ട്.
15 ശതമാനമോ അതിൽക്കുറവോ ആയി തീരുവ കുറയ്ക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ, 20-25% തീരുവ ചുമത്തിയേക്കുമെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്.
ഇത് രൂപയ്ക്ക് ആഘാതമാവുകയായിരുന്നു.
ട്രംപ് 20-25% തീരുവ ചുമത്തിയാൽ ഇന്ത്യയുടെ കയറ്റുമതി മേഖല പ്രതിസന്ധിയിലാകും. ഇത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാനിടയാക്കും.
കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. വദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി.
ഇതു രണ്ടുംകൂടുന്നതാണ് രൂപയ്ക്ക് വിനയാവുക.
രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് ഒരിടവേളയ്ക്കുശേഷം 70 ഡോളർ കടന്നതും രൂപയെ സമ്മർദത്തിലാക്കി. ബ്രെന്റ് വില ബാരലിന് 72 ഡോളർ ഭേദിച്ചു.
ലോകത്ത് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇന്ത്യ പുറത്തുനിന്ന് വാങ്ങുകയുമാണ്.
ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇറക്കുമതിക്കായി കൂടുതൽ ഡോളർ വേണ്ടിവരും. ഡോളറിന് ഇത്തരത്തിൽ എണ്ണക്കമ്പനികളിൽ നിന്ന് ഡിമാൻഡ് കൂടും.
രൂപ തളരും. അതാണ് നിലവിൽ സംഭവിക്കുന്നത്.
ട്രംപിന്റെ താരിഫ് ആയുധം ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയോ വ്യാപാരച്ചർച്ച പൊളിയുകയോ ചെയ്താൽ രൂപ കൂടുതൽ തളർന്നേക്കും.
ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ക്രൂഡ് ഓയിൽ വില ഇനിയും ഉയരുന്നതും തിരിച്ചടിയാണ്.
രൂപ ഓഗസ്റ്റിൽ 87.60 വരെ താഴ്ന്നേക്കാമെന്നും വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ മാർച്ച് 13ന് ആണ് രൂപ ഇതിനുമുമ്പ് 87ന് താഴേക്ക് ഇടിഞ്ഞത്; അന്നുമൂല്യം 87.13 ആയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 10ലെ 87.95 ആണ് റെക്കോർഡ് താഴ്ച.
പ്രവാസികൾക്ക് കോളടിച്ചു
രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവ ഭീഷണിയുള്ളതിനാൽ ഈ മേഖല സമ്മർദത്തിലായി.
∙ രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും.
ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.
∙ ഇറക്കുമതി ഉൽപന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും.
∙ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കും.
∙ വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്. ഇവർ പഠന, യാത്രാച്ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്തേണ്ടിവരും.
∙ അതേസമയം, പ്രവാസികൾക്ക് രൂപയുടെ തളർച്ച നേട്ടമാണ്.
നാട്ടിലേക്ക് കൂടുതൽ പണം അയ്ക്കാനാകുമെന്നാണ് നേട്ടം. ഉദാഹരണത്തിന് കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഒരു ഡോളർ അയച്ചാൽ 85 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 87 രൂപയിലധികമാണ്.
∙ ജിസിസി കറൻസികളായ യുഎഇ ദിർഹം, സദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയർന്നു.
∙ യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം 23.79ൽ എത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]