
പേരുപോലെതന്നെ ഫിസിക്കലിന്റെയും (Physical) ഡിജിറ്റലിന്റെയും (Digital) മേന്മകളെ കോർത്തിണക്കിയ മാർക്കറ്റിങ് തന്ത്രമാണ് ഫിജിറ്റൽ മാർക്കറ്റിങ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടു ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കുകയെന്നതാണ് ലക്ഷ്യം. സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ അവ ഉപയോഗിച്ചുനോക്കാതെതന്നെ ഓരോന്നും ചർമത്തിനിണങ്ങുമോ ഇല്ലയോ എന്ന് പരീക്ഷിക്കുന്നതിനായി ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിക്കുന്നത് ഒരുദാഹരണമാണ്. എന്നാൽ ഇത് എങ്ങനെ ലഘുസംരംഭകർക്കു പ്രാവർത്തികമാക്കാം എന്നതാണ് ഇവിടെ ചർച്ചചെയ്യുന്നത്.
1. QR കോഡ്
ഉൽപന്നം ഉപയോഗിക്കേണ്ടതെങ്ങനെ, ഉൽപന്നത്തെക്കുറിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം എന്നിവ QR കോഡ് മുഖേന ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് ഒരു വഴി. QR കോഡ് സൗജന്യമായി നിർമിച്ചെടുക്കാവുന്നതാണ്. ശേഷം ആവശ്യമായ ഇടങ്ങളിലേക്കു ബന്ധിപ്പിക്കുകയെന്നതു മാത്രമാണ് ചെയ്യേണ്ടത്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്ക് വിദഗ്ധസഹായം തേടേണ്ടിവന്നാലും വലിയ ചെലവു വരില്ല.
2. അഭിപ്രായം ഓൺലൈൻ ആക്കാം
സംരംഭത്തെക്കുറിച്ചുള്ള ഉപഭോക്താവിന്റെ അഭിപ്രായം അറിയിക്കാൻ ഒരു ഫീഡ്ബാക്ക് സ്ക്രീൻ വയ്ക്കുകയെന്നതു മികച്ച മാർഗമാണ്. ഇതിലൂടെ ഉപഭോക്താക്കളുടെ അഭിപ്രായം വളരെ വേഗത്തിൽ സംരംഭകന് അറിയാൻ കഴിയും. അതനുസരിച്ചു വേണ്ട മാറ്റങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും സാധിക്കും. ഒപ്പം, അഭിപ്രായം പങ്കുവയ്ക്കാൻ ഒരിടം ലഭിക്കുന്നതു കൊണ്ടുതന്നെ പൊതുഇടങ്ങളിലെ മോശം അഭിപ്രായപ്രകടനങ്ങൾക്ക് ഒരു പരിധിവരെ തടയിടാനാകും. പക്ഷേ, അവിടെ വളരെ വ്യാപകമായ പരാതി വരാത്ത വിധം നിങ്ങളുടെ സേവനം, അഥവാ ഉൽപന്നം മികച്ചതാകാൻ എപ്പോഴും ശ്രദ്ധവേണം.
3. ഇൻസ്റ്റോർ നാവിഗേഷൻ
ഗൂഗിൾമാപ്പുപോലെ സംരംഭത്തിൽ ഏതൊക്കെ ഉൽപന്നങ്ങൾ എവിടെയൊക്കെയാണുള്ളതെന്ന് ഒരു മാപ്പു മുഖേന ഉപഭോക്താവിനെ അറിയിക്കുന്ന രീതിയാണിത്. ഇത് ഷോപ്പിങ് സൗകര്യപ്രദമാക്കുമെന്നു മാത്രമല്ല തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.
4. ലൈവ് സ്ട്രീം ചെയ്യാം
സിസിടിവി ക്യാമറകൾ ഇപ്പോൾ സർവസാധാരണമാണ്. സംരംഭത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ലൈവായി യൂട്യൂബ്പോലെയുള്ള മാധ്യമങ്ങൾ മുഖേന ഉപഭോക്താക്കളിലേക്കെത്തി ക്കുകയെന്നതു പരീക്ഷിച്ചു വിജയിച്ച ഒരു രീതിയാണ്. ആഘോഷനാളുകളിലും മറ്റുമാണ് ഈ രീതി ഏറ്റവും അഭികാമ്യം.
5. ഓഗ്മെന്റഡ് റിയാലിറ്റി
ഓഗ്മെന്റഡ് റിയാലിറ്റിയാണ് ഇപ്പോൾ ഫിജിറ്റൽ മാർക്കറ്റിങ്ങിലെ സൂപ്പർ താരം. യഥാർഥത്തിൽ ഉപയോഗിച്ചു നോക്കാതെതന്നെ ഉൽപന്നത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ഓഗ്മെന്റഡ് റിയാലിറ്റി സഹായിക്കും. കുറഞ്ഞ ചെലവിൽ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനായാൽ നേട്ടമുണ്ടാകും.
മെയ് ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. സംശയങ്ങൾ സമ്പാദ്യത്തിലേക്കു കത്തായോ, വാട്സാപ്പ് സന്ദേശമായോ 92077 49142 എന്ന നമ്പറിലേക്ക് അയയ്ക്കുക.
English Summary:
Dr. Sajid Nasser outlines five innovative phygital marketing methods for small businesses to leverage the power of both online and offline channels. From QR codes to augmented reality, these strategies enhance customer experience, gather valuable feedback, and drive sales growth.