വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ഇൻഷുറൻസ് എടുക്കണമെന്ന് ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ആവശ്യപ്പെടാറുണ്ട്. ചിലപ്പോൾ അതൊരു നിർബന്ധമാകാറുമുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മാതാപിതാക്കൾ മക്കളുടെ പഠനാവശ്യത്തിന് വായ്പ എടുക്കുമ്പോൾ പലർക്കും ഇൻഷുറൻസ് കൂടി എടുക്കാനാകില്ല. 

മോഡൽ എഡ്യൂക്കേഷൻ ലോൺ

പ്രധാനമായി രണ്ടു തരം വിദ്യാഭ്യാസ വായ്പകളാണ് കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് നൽകുന്നത്. ഇതിൽ റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റേയും നിർദ്ദേശപ്രകാരം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ തയാറാക്കി  ബാങ്കുകൾ വഴി നൽകുന്ന വിദ്യാഭ്യാസ വായ്പയാണ് മോഡൽ എഡ്യൂക്കേഷൻ ലോൺ.  ഇതനുസരിച്ച് നാല് ലക്ഷം വരെയുള്ള വായ്പക്ക് ഈടൊന്നും നൽകേണ്ടതില്ല. നാലിന് മേൽ ഏഴര ലക്ഷം വരെയുള്ള വായ്പ ആണെങ്കിൽ മാതാപിതാക്കൾ കൂടാതെ ബാങ്കിന് സമ്മതമായ മറ്റൊരു ജാമ്യക്കാരനെ കൂടെ നൽകണം. ഏഴര ലക്ഷത്തിനു മുകളിലാണ് വായ്പ തുകയെങ്കിൽ മറ്റു ഈടുകൾ ആവശ്യപ്പെടാം. 

Representative Image. Photo Credit : Tero Vesalainen / Shutterstock.com

ബാധ്യത കുടുംബത്തിനോ?

ഇത്തരം വായ്പകൾ എടുക്കുമ്പോൾ, വിശേഷിച്ച് ഈടൊന്നും നൽകാത്ത വായ്പയാണെങ്കിൽ, വായ്പ തുകയിൽ കുറയാത്ത രീതിയിൽ വിദ്യാർത്ഥിയുടെ പേരിൽ ഒരു ലൈഫ് ഇൻഷുറൻസ് എടുക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെടാറുണ്ട്.  വായ്പ കാലാവധി മുഴുവനും നിലനിൽക്കുന്ന രീതിയിലുള്ള ഇൻഷുറൻസ് ആണ് നിർദ്ദേശിക്കുക.  പഠന സമയത്തോ അല്ലെങ്കിൽ വായ്പ നിലനിൽക്കുന്ന സമയത്തോ വിദ്യാർത്ഥിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ വായ്പ അടച്ചു തീർക്കാനുള്ള ബാധ്യത കുടുംബത്തിന് വന്നു ചേരാതിരിക്കുവാനാണ് ഇങ്ങനെ ഇൻഷുറൻസ് എടുക്കണം എന്ന് പറയുന്നത്. ഇൻഷുറൻസ് പ്രീമിയം അടക്കാനുള്ള തുകയും ബാങ്കുകൾ വായ്പയായി നൽകുന്ന പതിവുണ്ട്. വളരെ കുറഞ്ഞ പ്രീമിയത്തിൽ ആണ് ഇത്തരം ഇൻഷുറൻസ് പദ്ധതികൾ ലഭിക്കുക. 

Representative Image. Photo Credit : bankrx/iStock

ഇങ്ങനെ ഇൻഷുറൻസ് സംരക്ഷണം എടുക്കുന്നത് നല്ലതാണ് എന്നിരിക്കലും, ഈ വായ്പ പദ്ധതിയിൽ പറയുന്നത് വിദ്യാർത്ഥിക്കും മാതാപിതാക്കൾക്കും സമ്മതമാണെങ്കിൽ മാത്രം ഇൻഷുറൻസ് എടുത്താൽ മതിയെന്നാണ്. ഇൻഷുറൻസ് എടുക്കണമെന്ന് ബാങ്ക് നിർബന്ധിക്കുവാനോ വായ്പ നൽകുന്നതിന് ഇതൊരു നിബന്ധനയായി വയ്ക്കുവാനോ പാടില്ല. 

വിദ്യാലക്ഷ്മി വായ്പ പദ്ധതി

രണ്ടാമത്തേത്, കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് ബാങ്കുകൾ വഴി നടപ്പിലാക്കിയിട്ടുള്ള വിദ്യാലക്ഷ്മി വായ്പ പദ്ധതിയാണ്. ഈ പദ്ധതിയനുസരിച്ചാണ് വായ്പ എടുക്കുന്നതെങ്കിൽ, ഇൻഷുറൻസ് എടുക്കണമോ വേണ്ടയോ എന്നത് വിദ്യാർത്ഥിയുടെയോ മാതാപിതാക്കളുടെയോ തീരുമാനമല്ല, വായ്പ നൽകുന്ന ബാങ്കുകളുടെ തീരുമാനമാണ്. വായ്പ നൽകാനുള്ള നിബന്ധനയായി ഇൻഷുറൻസ് എടുക്കണമെന്ന് വയ്ക്കാം എന്ന് സാരം.  ഇവിടെയും ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ വായ്പയായി നൽകും.

എന്തായാലും ഇൻഷുറൻസ് പരിരക്ഷ എന്നത് അപ്രതീക്ഷിത ആപൽഘട്ടങ്ങളിൽ നിന്നുള്ള സാമ്പത്തികമായ ആശ്വാസമാണ്.  അതിനാൽ വായ്പയുമായി ആവശ്യമുള്ള ഇൻഷുറൻസ് നിബന്ധനകൾ പാലിക്കുന്നതാണ് ബാങ്കിനെ പോലെ ഇടപാടുകാർക്കും നല്ലത്.

English Summary:

This article explores the necessity of insurance cover when availing an education loan in India, focusing on the Model Education Loan and Vidyalakshmi schemes. It clarifies the bank’s role, loan amounts, collateral requirements, and the benefits of insurance protection for both borrowers and lenders.