
എങ്ങനെ മറക്കും! ആ ഗോലി പൊട്ടുന്ന ശബ്ദം, ആ ഗ്യാസ്.., പിന്നെ ഇത്തിരി ഉപ്പും കൂടിയിട്ടു കലക്കിയൊരൊറ്റ കുടി! ആഹാ.. നൊസ്റ്റാൾജിയ. പിള്ളേരെന്നോ വല്യവരെന്നോ വേർതിരിവില്ലാതെ പണ്ടുകാലത്തെ സൂപ്പർഹിറ്റ് ഡ്രിങ്ക്, ..മ്മടെ സ്വന്തം ഗോലി സോഡ, വട്ടപ്പേര് വട്ടുസോഡ. വിപണിയിലെത്തി നൂറ്റാണ്ട് പിന്നിടുമ്പോൾ ഇടക്കാലത്ത് ‘ഫീൽഡ് ഔട്ട്’ ആയെങ്കിലും ഇപ്പോഴിതാ, പുത്തൻ ലുക്കിലും വേറിട്ട ഫ്ലേവറുകളിലും ലോക ഡ്രിങ്ക് വിപണി തന്നെ പിടിച്ചടക്കുകയാണ് ഗോലി സോഡ.
ഏകദേശം 100 വർഷം മുമ്പാണ് ഇന്ത്യയുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ചെറു പീഡികകളിൽ ഗോലി സോഡ വിൽപനയ്ക്കെത്തുന്നത്. പിന്നീട് പെപ്സിയും കൊക്ക-കോളയും ഉൾപ്പെടെയുള്ള ശീതളപാനീയങ്ങളും സോഡയിൽ തന്നെ ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങളും വിപണിയിലെത്തിയതോടെ വട്ടുസോഡയ്ക്ക് പിൻവലിയേണ്ടി വന്നു. നേരത്തേ ചില്ലു കുപ്പിയിലായിരുന്നു ഗോലി സോഡ ലഭിച്ചിരുന്നതെങ്കിൽ അതേ രൂപത്തിൽ പ്ലാസ്റ്റിക് കുപ്പികൾ പലപല ഫ്ലേവറുകളിൽ ഇപ്പോൾ ലഭ്യമാണ്. അതോടെ, പുതുതലമുറയും ഗോലി സോഡയുടെ ഫാൻ ആയി.
ഗോലി സോഡയുടെ ആ പഴയ ഭംഗിയുള്ളതും വേറിട്ടതുമായ കുപ്പി സ്റ്റൈൽ നിലനിർത്തിയാണ് പുത്തൻ പതിപ്പുകളും വിപണിയിലെത്തുന്നത്. പല കമ്പനികളും വിദേശത്തും അവ അതരിപ്പിച്ച് ഹിറ്റാക്കി. ഗോലി പോപ് സോഡയെന്ന പേരിലാണ് യുഎസ്, യൂറോപ്പ്, യുകെ, ഗൾഫ് തുടങ്ങിയ വിപണികളിൽ തരംഗം.
ഭംഗി തന്നെ മാസ്റ്റർപീസ്
സോഡയെക്കാളും ആ കുപ്പിയുടെ രൂപവും ഗോലിയുമാണ് പണ്ടും ഇപ്പോഴും ഏത് തലമുറയുടെയും പ്രധാന ആകർഷണം. ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുന്ന ഡിസൈൻ. കുപ്പിയുടെ കഴുത്തിലാകട്ടെ ഗ്യാസ് തടഞ്ഞുനിർത്തുന്ന ഗോലി. ഈ ഗോലിയിലാണല്ലോ ഗുട്ടൻസ്. ഗോലി ഞെക്കി ചെറിയ ശബ്ദത്തോടെയങ്ങ് കുപ്പി തുറക്കും. 2017ഓടെയാണ് ഗോലി സോഡ വിപണിയിൽ വീണ്ടുമെത്തിയത്. പണ്ട് ഗോലി കുപ്പിയിൽ നിന്ന് പുറത്തെടുക്കാൻ പ്രയാസമായിരുന്നെങ്കിൽ, ഇന്ന് ഗോലി നമുക്ക് കൈയിലെടുക്കാൻ പറ്റും.
ആപ്പിൾ, മിന്റ് മൊഹീറ്റോ, ബ്ലൂബെറി, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ രുചിഭേദങ്ങളിൽ ഇപ്പോൾ ഗോലി സോഡ കിട്ടും. ചെറു കടകൾ, കൂൾബാറുകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം ഗോലി സോഡ ലഭ്യമാണ്. ലോക്കൽ കമ്പനികളുടേത് മുതൽ മൾട്ടിനാഷണൽ കമ്പനികളുടെ വരെ വട്ടുസോഡ ഇപ്പോൾ വിപണിയിലുണ്ട്.
ഗോലി കുപ്പി, ഇംഗ്ലീഷ് കുപ്പി!
ഗോലി സോഡയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതരുതേ… അതങ് ദൂരെ ലണ്ടനാണ്. ഗോലി സോഡക്കുപ്പിക്ക് ‘കോഡ് നെക്ക് ബോട്ടിൽ’ എന്നാണ് പറയുക. 1872ൽ ലണ്ടനിൽ എൻജിനീയറായിരുന്ന ഹിരാം കോഡ് ആണ് ഈ രസകരമായ ബോട്ടിലിന് പിന്നിൽ. അദ്ദേഹം അതിന് പേറ്റന്റും നേടിയിരുന്നു. അക്കാലത്ത്, കാർബണേറ്റഡ് പാനീയങ്ങൾ സീൽ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ആ വെല്ലുവിളി മറികടക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമമാണ് ഗോലിസോഡക്കുപ്പിയുടെ പിറവിക്കുപിന്നിൽ. പിന്നീട് ഈ കുപ്പി ഇന്ത്യയിലെത്തുകയും ഇന്ത്യൻ വട്ടുസോഡ അഥവാ ഗോലി സോഡയായി പെരുമ നേടുകയുമായിരുന്നു.
1924ൽ മദ്രാസിലാണ് ഗോലി സോഡ എത്തുന്നത്. പിന്നീട് കേരളത്തിലും. ആദ്യകാലത്ത് കുപ്പി വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നെങ്കിലും പിന്നീട് ഇന്ത്യയിൽ തന്നെ നിർമാണം തുടങ്ങി. 2014ൽ ‘ഗോലി സോഡ’ എന്ന പേരിൽ തമിഴ് സിനിമ ഇറങ്ങിയതിനു പിന്നാലെ ഈ സോഡ തേടി ആളുകളുടെ അന്വേഷണം വർധിച്ചു. അതോടെയാണ് വിപണിയിലേക്ക് പുനഃപ്രവേശനം ശക്തമായത്. ഇന്ത്യയിൽ പലയിടങ്ങളിൽ കാഞ്ച കുപ്പി, ഗോലി കുപ്പി, സോഡ കുപ്പി എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്.