കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജിഎസ്ടിയായും ആദായനികുതിയായും അടച്ചത് 4 കോടി രൂപ. എന്നിട്ടും ഉപദ്രവം, പരിഹാസം.
ഇങ്ങനെ സഹിച്ച് ഇന്ത്യയിൽ തുടരാനില്ല.
പുതുവർഷത്തിലെ പ്രധാനലക്ഷ്യമെന്നോണം വേറെ ഏതെങ്കിലും രാജ്യത്തുപോയി രക്ഷപ്പെടാനാണ് പ്ലാനെന്നും വ്യക്തമാക്കി യുവ സംരംഭകൻ സാമൂഹിക മാധ്യമത്തിലിട്ട കുറിപ്പ് വൻ ചർച്ചയായി.
ബെംഗളൂരു ആസ്ഥാനമായ ലോജിസ്റ്റിക്സ് കമ്പനി അഫ്ലോഗ് ഗ്രൂപ്പിന്റെ സ്ഥാപകൻ രോഹിത് ഷറോഫാണ് ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്.
രാജ്യത്തെ നികുതി സംവിധാനമാകെ കുത്തഴിഞ്ഞുവെന്ന് വ്യക്തമാക്കിയാണ് രോഹിത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. രോഹിത് പറയുന്നത് ഇങ്ങനെ:
‘‘കഴിഞ്ഞ 12-18 മാസമായി എന്റെ ബിസിനസുകളിൽ നിന്ന് ഞാൻ 5 ലക്ഷം ഡോളർ ജിഎസ്ടിയായും ആദായനികുതിയായും അടച്ചു.
ഏതാണ്ട് 4 കോടി രൂപ. കൃത്യമായി നികുതി അടയ്ക്കുന്നവരെ എന്നും സംശയത്തോടെ കാണുന്ന ഒരു രാജ്യത്താണ് ഇതെന്ന് ഓർക്കണം.
ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 4-5% പേരാണ് ആദായ നികുതി അടയ്ക്കുന്നത്. എന്നിട്ടും അവരെ നോട്ടിസ് അയച്ചും വിശദീകരണം ചോദിച്ചും പരിശോധന നടത്തിയും പീഡിപ്പിക്കും.
ചെറുകിട സംരംഭകരെയാണ് തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നത്.
ഇങ്ങനെ ഉപദ്രവിക്കുന്നതിൽ ജിഎസ്ടിക്കാരുണ്ട്.
ആദായനികുതിക്കാരുണ്ട്. എന്നിട്ടും ചെറുകിട
സംരംഭകർ നികുതിയും റിട്ടേണും സമർപ്പിക്കുന്നത് തുടരും. ജിഎസ്ടിയും ടിഡിഎസുമൊക്കെ ഫയൽ ചെയ്യാനായി ഓരോ കമ്പനിയും പണംകൊടുത്ത് ആളുകളെ നിയമിക്കും.
ഓരോ മാസവും ജിഎസ്ടി, ഓരോ ത്രൈമാസത്തിലും ടിഡിഎസ്, ഓരോ വർഷവും ആദായനികുതി.
ഇതൊക്കെ കൃത്യമായി അടയ്ക്കും. എന്നാലും ഉപദ്രവം.
നികുതി അടയ്ക്കുന്നതിനേക്കാൾ കഷ്ടപ്പാടാണ് ഈ സംവിധാനവുമായുള്ള പോരാട്ടം. അതുകൊണ്ടുതന്നെ, പല കമ്പനികളും പിടിച്ചുനിൽക്കാനാവാതെ പൂട്ടിപ്പോവുകയാണ്.
ഭൂരിപക്ഷത്തെ സന്തോഷിപ്പിക്കാനാണ് ഇവിടെ നികുതി സംവിധാനങ്ങൾ.
ചെറുകിടക്കാർ ന്യൂനപക്ഷമാണ്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തവർ.
അവരെ കണ്ടില്ലെന്ന് നടിക്കാനും ഒഴിവാക്കാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ, പല ഇന്ത്യക്കാരും ഇപ്പോൾ യുഎഇയിലും യുഎസിലും പോയി വിജയകരമായി ബിസിനസ് നടത്തുകയാണ്.
ഇങ്ങനെ ഇന്ത്യ വിടുന്നവർ വെറുക്കുന്നത് ഇന്ത്യയെയല്ല. ഇവിടുത്തെ നികുതി സംവിധാനമാണ് അവരെ ഇന്ത്യ വിടാൻ നിർബന്ധിതരാക്കുന്നത്.
എനിക്കും മടുത്തു; ‘നല്ലൊരു ഇന്ത്യയെ സൃഷ്ടിക്കുക’ എന്ന ലക്ഷ്യത്തിനായി പ്രയത്നിച്ച് എനിക്കും മതിയായി.
2026ൽ എന്റെ ലക്ഷ്യമെന്നോണം ഇന്ത്യയിൽ നിന്ന് വേറെ എവിടെയെങ്കിലും പോയി ബിസിനസ് വളർത്തണം. ഇങ്ങനെ പറയുന്നതിൽ സങ്കടമുണ്ട്.
എങ്കിലും, ചിലപ്പോഴൊക്കെ സ്വയരക്ഷ പ്രധാനമാണല്ലോ. ഇത് രാജ്യസ്നേഹത്തിന്റെ വിഷയമല്ല, ഇതാണ് യാഥാർഥ്യം.
ഇവിടത്തെ സംവിധാനങ്ങൾ തകർന്നു. ഇവിടെ ശരിക്കുള്ള വികസനമില്ല.
ഇവിടെ ഒരു ഈസ് ഓഫ് ഡൂയിങ്ങുമില്ല’’ – രോഹിത് പറഞ്ഞു.
പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവച്ച് നിരവധി പേർ രംഗത്തെത്തി. ‘‘കാര്യങ്ങളെല്ലാം മെച്ചപ്പെട്ടെന്ന് കരുതിയാണ് ഇന്ത്യയിലേക്ക് മടങ്ങിവന്നത്.
എന്നാൽ ആദായ നികുതി വകുപ്പിൽ നിന്ന് നേരിടേണ്ടി വന്നത് ദുരനുഭവമാണ്’’- ഒരാൾ കുറിച്ചു. ആദായ നികുതി നൽകുന്നവരെ മാത്രം ലക്ഷ്യം വയ്ക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നാണ് വേറൊരാൾ കമന്റിട്ടത്.
ബിസിനസുകാരുടെ ചെറിയ പിഴവുകളെപ്പോലും പണമുണ്ടാക്കാനുള്ള മാർഗമായി കാണുകയാണെന്ന് രോഷം കൊള്ളുന്ന കമന്റുകളുമുണ്ട്.
അതേസമയം, ഇതുവരെ ഒരു ദുരനുഭവം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയും നിരവധിപേർ കമന്റ് ചെയ്തു. നല്ലൊരു ചാർട്ടേഡ് അക്കൗണ്ടന്റിനെ വച്ചാൽ പ്രശ്നമെല്ലാം തീരുമെന്നും അവർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

