രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന പണനയ യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഒക്ടോബർ 5-7 തീയതികളിൽ നടക്കുന്ന യോഗത്തിൽ പലിശ നിരക്കിൽ 0.25% വർധനവുണ്ടാകുമെന്നും ഇത് 5.5 ശതമാനമായി ഉയർന്നേക്കുമെന്നുമാണ് പ്രവചനം.
ഡിസംബറിലും സമാനമായ രീതിയിൽ നിരക്ക് വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് സർവേയും വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിക്ക് ശേഷം ഇതുവരെ പലിശനിരക്ക് ഉയർത്തിയിട്ടില്ല.
ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ക്രൂഡോയിൽ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ ഇതിനകം തന്നെ പലിശനിരക്ക് കൂട്ടിയിട്ടുണ്ട്. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്തിയതിന് പിന്നാലെ വീണ്ടും വർധനവിന് തയാറെടുക്കുകയാണ്.
ഇന്ത്യയിലും പലിശനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം വിവിധ സാമ്പത്തിക സ്ഥാപനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ വർഷം കുറഞ്ഞത് രണ്ടു തവണയെങ്കിലും നിരക്ക് കൂട്ടണമെന്നാണ് എസ്ബിഐ റിസർച്ചിന്റെ ആവശ്യം.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ ഈ വർഷം 6% ഇടിവുണ്ടായിരിക്കുന്നത് ആർബിഐ ഗൗരവമായി പരിഗണിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പലിശനിരക്ക് കുറവാണെന്നത് വിദേശ നിക്ഷേപകരെ പിൻവലിയാൻ പ്രേരിപ്പിച്ചേക്കാം.
എന്നാൽ ഉയർന്ന പലിശനിരക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും രൂപയുടെ മൂല്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന പലിശനിരക്കുകൾ ഉയർത്തിയേക്കുമെന്ന വ്യക്തമായ സൂചന കഴിഞ്ഞ ഓഗസ്റ്റിലെ പണനയസമിതി യോഗത്തിൽ തന്നെ റിസർവ് ബാങ്ക് നൽകിയിരുന്നു.
കഴിഞ്ഞ നാല് യോഗങ്ങളിലും ആർബിഐ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെയും ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്തയുടെയും പ്രതികരണങ്ങൾ നിരക്ക് വർധന ഉടൻ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആർബിഐയുടെ സഹനപരിധിയായ 4 ശതമാനത്തിന് മുകളിൽ തുടരുന്നതും ഇതിൽ നിർണായകമാണ്. നിരക്ക് വർധന ബാധിക്കുന്നത് എങ്ങനെ?
റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾക്ക് വായ്പയെടുക്കാനുള്ള ചെലവ് വർധിക്കുന്നത് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കും.
ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ (ഇഎംഐ) കാലാവധിയിലോ വർധനവുണ്ടാകാൻ ഇത് ഇടയാക്കും. അതേസമയം, ബാങ്ക് നിക്ഷേപകർക്ക് ഈ നീക്കം ആശ്വാസകരമാകും.
നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കാൻ ഇത് വഴിയൊരുക്കും. 29,000 കോടി രൂപ സമാഹരിക്കാൻ വൻകിട
കമ്പനികൾ
നിരക്ക് വർധന വായ്പാ ചെലവ് കൂട്ടുമെന്നതിനാൽ, പ്രഖ്യാപനത്തിന് മുൻപായി തന്നെ കടമെടുക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യത്തെ പ്രമുഖ കമ്പനികൾ. ഒക്ടോബർ ഏഴിന് മുൻപായി ബോണ്ട് വിൽപനയിലൂടെയും മറ്റുമായി വിവിധ കമ്പനികൾ ചേർന്ന് 29,000 കോടി രൂപയാണ് സമാഹരിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, വേദാന്ത, ഡൽഹി ഇന്റർനാഷണൽ എയർപോർട്, അദാനി എയർപോർട് ഹോൾഡിങ്സ്, ജെഎസ്ഡബ്ല്യു എനർജി തുടങ്ങിയ മുൻനിര സ്ഥാപനങ്ങളാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

