സൈബർ ആക്രമണത്തെ തുടർന്ന് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന് (ജെഎൽആർ) 1.5 ബില്യൻ പൗണ്ടിന്റെ (ഏകദേശം 17,500 കോടി രൂപ) വായ്പാ സഹായവുമായി യുകെ ഭരണകൂടം. ഓഗസ്റ്റ് അവസാനവാരമായിരുന്നു ജെഎൽആർ ഹാക്കർമാരുടെ ആക്രമണം നേരിട്ടത്.
ഇതോടെ, കമ്പനിയുടെ പ്ലാന്റുകൾ ഉൽപാദനം നിർത്തിവയ്ക്കുകയും വിതരണശൃംഖലയും കമ്പനിക്ക് നിർമാണഘടകങ്ങൾ വിതരണം ചെയ്യുന്ന ചെറു ബിസിനസ് സംരംഭങ്ങളും കടുത്ത പ്രതിസന്ധി നേരിടുകയുമായിരുന്നു.
ഒക്ടോബർ ഒന്നോടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ജെഎൽആർ. ഉൽപാദനം നിലച്ചതിനാൽ കമ്പനികളും ചെറു ബിസിനസുകളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള സഹായമായാണ് വായ്പ.
ഫാക്ടറികൾ അടച്ചതോടെ കമ്പനി ആഴ്ചയിൽ 50 മില്യൻ പൗണ്ട് വീതം നഷ്ടം നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ശരാശരി 1,000 കാറുകളായിരുന്നു ജെഎൽആർ ഓരോ ദിവസവും നിർമിച്ചിരുന്നത്.
ജെഎൽആറിന്റെ യുകെയിലെ പ്ലാന്റുകളിൽ മാത്രം നേരിട്ട് 30,000 പേർ ജോലി ചെയ്യുന്നുണ്ട്.
വിതരണശൃംഖലയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തോളം പേരും പ്രവർത്തിക്കുന്നു. ചില ചെറുകിട
കമ്പനികൾ ജെഎൽആറിന് മാത്രം നിർമാണഘടകങ്ങൾ വിതരണം ചെയ്ത് പിടിച്ചുനിൽക്കുന്നവയുമായിരുന്നു. ഇന്ത്യൻ കമ്പനിയായ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന ബ്രാൻഡാണ് ജെഎൽആർ.
ബ്രിട്ടനിലെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമാണ്. ജീവനക്കാരുടെയും ചെറു സംരംഭങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് ജെഎൽആറിനു സഹായം നൽകാൻ ബ്രിട്ടൻ തീരുമാനിച്ചത്.
യുകെയ്ക്ക് പുറമേ ഇന്ത്യയിലും ചൈനയിലും സ്ലൊവാക്കിയയിലും ജെഎൽആറിന് പ്ലാന്റുകളുണ്ട്.
ഇവയും സെപ്റ്റംബർ ഒന്നുമുതൽ പ്രവർത്തനസ്തംഭനത്തിലാണ്. ജെഎൽആറിന് സഹായം നൽകുന്നത് യുകെ ബിസിനസ് മന്ത്രി പീറ്റർ കൈൽ സ്ഥിരീകരിച്ചു.
സൈബർ ആക്രമണത്തിന്മേൽ അന്വേഷണം നടക്കുകയാണ്. ഇതൊരു ബ്രിട്ടീഷ് വിഖ്യാത വാഹന ബ്രാൻഡിനു നേരെ മാത്രമല്ല, രാജ്യത്തിന്റെ വാഹന വ്യവസായ മേഖലയ്ക്കുനേരെയുള്ള ആക്രമണമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബ്രിട്ടന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ടാറ്റാ മോട്ടോഴ്സ് ഓഹരികൾ ഇന്ന് 2% വരെ ഉയർന്നു.
672.90 രൂപയിൽ നിന്ന് വ്യാപാരം തുടങ്ങിയ ഓഹരിവില എൻഎസ്ഇയിൽ ഒരുവേള 685 രൂപവരെ എത്തി. എന്നാൽ, പിന്നീട് വിൽപനസമ്മർദവും ദൃശ്യമായി.
ഇന്നത്തെ വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളിൽ ഓഹരിവില വീണ്ടും 674 രൂപയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക
)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]