അമേരിക്കയിൽ നാളെ ഒറ്റദിവസം സർക്കാർ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത് ഒരുലക്ഷം പേർ. വിവിധ വകുപ്പുകളുടെ പുനഃസംഘടനയുടെയും ചെലവുചുരുക്കലിന്റെയും ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ‘സ്വയം വിരമിക്കൽ’ പദ്ധതിപ്രകാരമാണ് കൂട്ടരാജി.
ഗവൺമെന്റിന്റെ ചെലവുകൾക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബിൽ പാസാക്കാൻ എതിർപക്ഷമായ ഡെമോക്രാറ്റുകൾ വിമുഖത കാട്ടുന്നത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് ട്രംപും ഡെമോക്രാറ്റ് നേതാക്കളും തമ്മിൽ ഇന്ന് നിർണായക ചർച്ചയും നടത്തും. ചർച്ച പൊളിഞ്ഞാൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിലേക്ക് അതു നയിക്കുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയും പേർ ഫെഡറൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത്.
പദ്ധതിപ്രകാരം ആകെ രാജിവയ്ക്കുന്നത് 2.75 ലക്ഷം പേരാണ്. ഇവരെ തുടക്കത്തിൽ 8 മാസത്തെ ലീവിലേക്കാണ് പറഞ്ഞുവിടുക.
ഈ 8 മാസവും ശമ്പളം ലഭിക്കും. വിരമിക്കൽ ആനുകൂല്യമായി മൊത്തം 14.8 ബില്യൻ ഡോളറിന്റെ (1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടം നേരിടും.
എന്നാൽ, ഇത്രയും പേർ രാജിവയ്ക്കുന്നതു വഴി പ്രതിവർഷം 28 ബില്യൻ ഡോളർ (2.5 ലക്ഷം കോടി രൂപ) ഗവൺമെന്റിന് ലാഭിക്കാനാകുമെന്നാണ് വൈറ്റ്ഹൗസിന്റെ വിലയിരുത്തൽ.
‘സ്വയം വിരമിക്കൽ പദ്ധതിക്ക്’ (വിആർഎസ്) സമാനമാണ് ട്രംപ് ഭരണകൂടം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ഡിഫറഡ് റെസിഗ്നേഷൻ’ ഓഫർ. ഇതു അംഗീകരിച്ചാണ് 2.75 ലക്ഷം പേർ പടിയിറങ്ങുന്നതും.
അതേസമയം, പലരെയും നിർബന്ധിച്ച് പദ്ധതിയിൽ ചേർക്കുകയുമായിരുന്നു. അതുകൊണ്ടുതന്നെ, പണിപോകുന്ന പലരും അതു രഹസ്യമായി വയ്ക്കാനും താൽപര്യപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ജോലി തേടുന്നതിന് ഈ ‘രഹസ്യാത്മകത’ സഹായിക്കുമെന്ന് അവർ കരുതുന്നു. ഫെഡറൽ സർവീസിൽ തന്നെ വൈകാതെ തിരിച്ചുകയറാനാകുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]