സംസ്ഥാനത്ത് അരിവില ഉയർന്ന നിലയിൽ തുടരുന്ന പശ്ചാത്തലത്തിൽ, വിപണിയിൽ വിലക്കയറ്റം തടയുന്നതിനായി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി അരി വിതരണം ചെയ്യാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) തീയതികൾ പ്രഖ്യാപിച്ചു. വൻകിട
മൊത്തവ്യാപാരികൾക്കും സപ്ലൈകോ അടക്കമുള്ള സർക്കാർ ഏജൻസികൾക്കും അധിക സ്റ്റോക്കുള്ള അരി ലേലത്തിലൂടെ നൽകുന്ന സംവിധാനമാണിത്. കേരളത്തിൽ ഇന്നും കർണാടകയിൽ 30-നുമാണ് ഇ-ലേലം നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ പച്ചരി മാത്രം; കർണാടകയിൽ പുഴുക്കലരിയും
കേരളത്തിലെ എഫ്സിഐ ഗോഡൗണുകളിൽ നിന്ന് നിലവിൽ പച്ചരി മാത്രമാണ് ലേലത്തിൽ ലഭ്യമാകുന്നത്. സംസ്ഥാനത്ത് പുഴുക്കലരിക്കാണ് കൂടുതൽ ആവശ്യക്കാരുള്ളതെന്നിരിക്കെ, ഇത് തിരിച്ചടിയാകും.
എന്നാൽ കർണാടകയിലെ എഫ്സിഐ ഗോഡൗണുകളിൽ നിന്ന് പുഴുക്കലരിയും ലേലത്തിൽ സ്വന്തമാക്കാൻ സാധിക്കും. സ്വകാര്യ വ്യാപാരികൾക്ക് കിലോഗ്രാമിന് 28.90 രൂപ നിരക്കിലും, സർക്കാർ ഏജൻസികൾക്ക് കിലോഗ്രാമിന് 23.20 രൂപ നിരക്കിലുമാണ് എഫ്സിഐ അരി നൽകുന്നത്.
റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ
എഫ്സിഐയിൽ നിന്ന് കിലോഗ്രാമിന് 23.20 രൂപയ്ക്ക് വാങ്ങുന്ന അരി, ഗതാഗതച്ചെലവുകൾ കൂടി ഉൾപ്പെടുത്തി കിലോയ്ക്ക് 26 രൂപ നിരക്കിൽ കാർഡ് ഉടമകൾക്ക് നൽകാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഒരു കാർഡ് ഉടമയ്ക്ക് 10 കിലോഗ്രാം വീതം നൽകാനാണ് ആലോചിക്കുന്നത്.
ഇതിലൂടെ സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്തും സമാനമായ രീതിയിലാണ് സപ്ലൈകോ വഴി ഓണത്തിന് അധിക അരി വിതരണം ചെയ്തിരുന്നത്.
അതേസമയം, സ്വകാര്യ മൊത്തവ്യാപാരികൾ 28.90 രൂപയ്ക്ക് വാങ്ങുന്ന അരി, ഗതാഗതച്ചെലവ്, പോളിഷിങ്, ബ്രാൻഡിങ് എന്നിവ പൂർത്തിയാക്കി പൊതുവിപണിയിൽ എത്തിക്കുമ്പോൾ കിലോയ്ക്ക് 5 രൂപ വരെ വില വർധിക്കാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

