നനഞ്ഞാലോ ചുരുണ്ടാലോ നശിച്ചുപോകുന്ന പരമ്പരാഗത പേപ്പർ കറൻസികൾക്ക് പകരമായി കൂടുതൽ ഈടുനിൽക്കുന്ന പ്ലാസ്റ്റിക് അഥവാ പോളിമർ നോട്ടുകൾ വരുംകാലങ്ങളിൽ രാജ്യത്ത് പ്രചാരത്തിലാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കറൻസി അച്ചടിക്കാനായി 3.4 കോടി പോളിമർ ഷീറ്റുകൾ വാങ്ങുന്നതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (ബിആർബിഎൻഎംപിഎൽ) ഔദ്യോഗികമായി ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്ത് പോളിമർ നോട്ടുകൾ കൊണ്ടുവരാനുള്ള പ്രാരംഘട്ട ചർച്ചകളും നീക്കങ്ങളും 2009 മുതൽ തന്നെ ആരംഭിച്ചിരുന്നതാണ്.
അന്നത്തെ കാലത്ത് 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുമെന്ന പ്രഖ്യാപനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കൊച്ചിയടക്കം വ്യത്യസ്ത കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള 5 നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല.
നിലവിൽ പുറത്തിറക്കിയിരിക്കുന്ന പുതിയ ടെൻഡർ സമാനമായ രീതിയിലുള്ള ഫീൽഡ് ട്രയലുകൾക്ക് വേണ്ടിയുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പോളിമർ കറൻസി നിലവിൽ വരുന്നു എന്നതുകൊണ്ട് നിലവിലുള്ള പേപ്പർ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ആഗോളതലത്തിൽ ഏകദേശം 60 രാജ്യങ്ങളിൽ പൂർണമായോ ഭാഗികമായോ പോളിമർ നോട്ടുകളുടെ ഉപയോഗമുണ്ട്. ഇതിൽ ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്.
എങ്ങനെ നടപ്പിലാക്കും? പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകളാകും പ്രധാനമായും അച്ചടിക്കുക. രാജ്യത്തെ മൊത്തം കറൻസികളുടെ എണ്ണം പരിശോധിക്കുമ്പോൾ 10, 20 രൂപയുടെ നോട്ടുകളുടെ ആകെ വിഹിതം 24.3 ശതമാനമാണ്.
എണ്ണത്തിൽ വളരെ കൂടുതലാണെങ്കിലും ഈ കറൻസികളുടെ ആകെ മൂല്യം 1.4% മാത്രമാണ് വരുന്നത്. മൂല്യം കുറവാണെങ്കിലും ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന ഈ നോട്ടുകൾ പെട്ടെന്ന് കീറിപ്പോകാനും നശിക്കാനും സാധ്യതയേറെയാണ്.
പോളിമർ കറൻസിയിലേക്ക് മാറുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കും. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉരുക്കിയാണ് പോളിമർ ഷീറ്റുകൾ നിർമ്മിക്കുന്നത്.
എന്തൊക്കെയാണ് പ്രധാന ഗുണങ്ങൾ? നിലവിൽ വർഷം തോറും 4,800 കോടി രൂപ മുതൽ 6,300 കോടി രൂപ വരെയാണ് കറൻസി അച്ചടിക്കുന്നതിനായി റിസർവ് ബാങ്ക് തുക ചെലവഴിക്കുന്നത്. പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ കറൻസി അച്ചടിക്കാൻ 30 മുതൽ 60% വരെ കൂടുതൽ ചെലവ് വരുന്നുണ്ടെങ്കിലും, ഇവയുടെ സേവന കാലാവധി വളരെ കൂടുതലായതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ലാഭമാണ് വിലയിരുത്തപ്പെടുന്നത്.
സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് 2.5 മുതൽ 4 മടങ്ങുവരെ അധിക ആയുസ്സ് പ്ലാസ്റ്റിക് നോട്ടുകൾക്ക് ലഭിക്കും. ലോകത്ത് ആദ്യമായി 1992-96 കാലഘട്ടത്തിൽ പൂർണമായും പോളിമർ കറൻസി വ്യവസ്ഥയിലേക്ക് മാറിയത് ഓസ്ട്രേലിയയാണ്.
വ്യാജമായി നിർമ്മിക്കാൻ വളരെ പ്രയാസമായതിനാൽ രാജ്യത്ത് കള്ളനോട്ടുകളുടെ ഭീഷണി ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ മാറ്റത്തിന് അനുസൃതമായി എടിഎം കൗണ്ടറുകൾ ഉൾപ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളും ഭാവിയിൽ നവീകരിക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

