‘പ്രതിസന്ധിയാണ്, ചില വിഭവങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ല, പ്രിയ കസ്റ്റമേഴ്സ് സഹകരിക്കുമല്ലോ’– കേരളത്തിലെ പല റസ്റ്ററന്റുകളിലും ഇപ്പോൾ ഇങ്ങനെയൊരു അറിയിപ്പു കാണാം. പാചക വാതക പ്രതിസന്ധി കനത്തതോടെ ചായ അടക്കം മലയാളിയുടെ ഇഷ്ട
വിഭവങ്ങളിൽ പലതിന്റെയും വില കൂടുകയാണ്. പല റസ്റ്ററന്റുകളിലും ചായയ്ക്ക് 10–25 ശതമാനം വരെ വില കൂട്ടി.
ചിലയിടങ്ങളിൽ ചായ വില 20 രൂപ വരെയായി. പൊറോട്ട, ബിരിയാണി തുടങ്ങിയവയ്ക്കും ചിലയിടങ്ങളിൽ വില കൂട്ടിയിട്ടുണ്ട്.
പാചക വാതക പ്രതിസന്ധിക്കൊപ്പം തൊഴിലാളിക്ഷാമം രൂക്ഷമായതും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചെന്നാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം.
40 ശതമാനം വാണിജ്യ സിലിണ്ടറുകൾ റസ്റ്ററന്റുകൾക്ക് വേണ്ടി മാറ്റിവച്ചെന്നു പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. സ്വകാര്യ ഏജൻസികളാണ് പിന്നെയുള്ള ആശ്രയം.
മുൻപ് 17 കിലോഗ്രാം സിലിണ്ടറിന് 1,650 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പ്രതിസന്ധി കനത്തതോടെ വില 4,000ത്തിലേക്ക് എത്തി.
വിറകടുപ്പിലേക്ക് മാറിയവർക്കും രക്ഷയില്ല. ഡിമാൻഡ് കൂടിയതോടെ വിറകിനും തീവിലയാണിപ്പോൾ.
ഇതോടെ പിടിച്ചു നിൽക്കാൻ മറ്റു വഴികളില്ലാതെ വില വർധിപ്പിക്കുകയാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. യുദ്ധം തീരുകയും പ്രതിസന്ധി മാറുകയും ചെയ്താൽ വില കുറയ്ക്കാമെന്ന ‘ഓഫർ’ നൽകുന്ന റസ്റ്ററന്റ് ഉടമകളുമുണ്ട്.
ഇതിന് പുറമെയാണ് തൊഴിലാളികളുടെ ക്ഷാമം മൂലമുള്ള പ്രതിസന്ധിയെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ
പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അസം, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭൂരിഭാഗം തൊഴിലാളികളും നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവർ കൂടി പോകുന്നതോടെ റസ്റ്ററന്റ് മേഖല വലിയ പ്രതിസന്ധിയിലാകും.
ഇവർക്ക് പകരക്കാരായി ഇരട്ടി ശമ്പളത്തിൽ തൊഴിലാളികളെ നിയമിക്കേണ്ട അവസ്ഥയാണ്.
ഏപ്രിൽ പകുതിയോടെ തൊഴിലാളികൾ തിരിച്ചെത്തിയാൽ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകൂ. ഭക്ഷണ വില വർധിപ്പിക്കാൻ അസോസിയേഷൻ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ഹോട്ടലുകൾ തുറക്കുന്നു
പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ നല്ലൊരു ശതമാനം റസ്റ്ററന്റുകളും അടച്ചിട്ടിരുന്നു.
അതിൽ ചിലത് അടുത്ത ദിവസങ്ങളിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. എൽപിജിക്ക് പകരം വിറകടുപ്പുകൾ പലയിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്.
മെനുവിലും പരിഷ്ക്കാരം വരുത്തി. എന്നാലും സംസ്ഥാനത്തെ 50 ശതമാനം റസ്റ്ററന്റുകളെങ്കിലും അടഞ്ഞു കിടക്കുന്നുണ്ടെന്നാണ് അസോസിയേഷന്റെ കണക്ക്.
അതേസമയം, ഭക്ഷ്യവിഭവങ്ങളുടെ വില വര്‍ധിച്ചത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.
ജോലിക്കായും മറ്റും മറ്റു നാടുകളിൽ താമസിക്കുന്നവര്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. ഭക്ഷണത്തിന് ഹോട്ടലുകളിൽ കയറിയിറങ്ങേണ്ട
അവസ്ഥ. പലയിടങ്ങളിലും നിയന്ത്രിത മെനുവാണ്.
ഇതിനൊപ്പം വില വർധനയും കൂടിയായതോടെ ബജറ്റ് താളം തെറ്റിയെന്നാണ് പലരും പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

