ഒരു സാമ്പത്തിക വർഷം കൂടി പടിയിറങ്ങുന്നു. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യൻ യുദ്ധവും അടക്കം നിരവധി മാറ്റങ്ങളുണ്ടായ വർഷം കൂടിയാണ് കടന്നുപോകുന്നത്.
ഏപ്രിൽ ഒന്നു മുതൽ പുതിയൊരു സാമ്പത്തിക വർഷവും ആരംഭിക്കും. ഇക്കുറിയും സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ട്.
1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലുത്. ഇതടക്കം ഏപ്രിൽ ഒന്നു മുതൽ സാമ്പത്തിക, ബാങ്കിങ് മേഖലയിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്.
1.ആ കണ്ഫ്യൂഷൻ മാറും
പുതിയ നിയമം അനുസരിച്ച് ‘പ്രീവിയസ് ഇയർ’, ‘അസസ്മെന്റ് ഇയർ’ എന്നീ വ്യവസ്ഥകൾ ഇല്ല.
പകരം ഇനി ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 12 മാസത്തെ ‘ടാക്സ് ഇയർ’ മാത്രം. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം നേടുന്ന വരുമാനം മുഴുവൻ അതതു വർഷത്തെ കണക്കിൽ തന്നെ ഉൾപ്പെടുത്താം.
നികുതി ഫയൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പം മാറാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍ പുതിയ നിയമത്തിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിട്ടില്ല.
2.
റിട്ടേൺ സമർപ്പിക്കേണ്ട തീയതിയിലും മാറ്റം
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട
തീയതികളിലും മാറ്റമുണ്ട്. ഐടിആർ 1, ഐടിആര്‍ 2 പോലുള്ള സ്റ്റാൻഡേർഡ് റിട്ടേൺ സമർപ്പിക്കുന്ന വ്യക്തിഗത നികുതിദായകർ ജൂലൈ 31നു മുമ്പ് ഇതു പൂർത്തിയാക്കണം.
ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകൾക്കും പ്രൊഫഷനലുകൾക്കും ഓഗസ്റ്റ് 31 വരെ സമയമുണ്ട്. ഓഡിറ്റ് ആവശ്യമുള്ള കമ്പനികളും നികുതിദായകരും ഒക്ടോബർ 31ന് മുമ്പ് റിട്ടേൺ സമർപ്പിക്കണം.
പ്രത്യേക കേസുകൾക്ക് നവംബർ 30 വരെയും സമയമുണ്ട്.
3.ഓഹരി ഇടപാടുകൾക്ക് ചെലവ് കൂടും
ഡെറിവേറ്റീവ് വ്യാപാരത്തിന് ബജറ്റിൽ പ്രഖ്യാപിച്ച സെക്യുരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) ഏപ്രിൽ ഒന്നു മുതൽ വർധിക്കും. ഓപ്ഷൻ വ്യാപാരത്തിന്റെ എസ്ടിടി 0.10 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായി കൂടും.
ഫ്യൂച്ചർ വ്യാപാരത്തിന് നൽകേണ്ട നികുതി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും വർധിക്കും.
വിപണിയിലെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് ഇടപാടുകാരെ ബാധിക്കുന്ന മാറ്റമാണിത്.
4.ട്രെയിൻ ടിക്കറ്റ് റീഫണ്ടിൽ മാറ്റം
പുതിയ സാമ്പത്തിക വർഷത്തിൽ ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷൻ ചട്ടങ്ങളിലും മാറ്റമുണ്ട്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പു ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന യാത്രക്കാർക്ക് പരമാവധി റീഫണ്ട് ലഭിക്കും.
72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണെങ്കിൽ യാത്രാ ഫെയറിന്റെ 25 ശതമാനം കുറയ്ക്കും. 24–8 മണിക്കൂറുകൾക്ക് ഇടയിലാണെങ്കിൽ 50 ശതമാനമായിരിക്കും കുറയുക.
എട്ടു മണിക്കൂറിനു ശേഷമുള്ള ക്യാൻസലേഷനു റീഫണ്ട് ലഭിക്കില്ലെന്നും പുതിയ ചട്ടം പറയുന്നു. ട്രെയിൻ യാത്ര പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പു വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാനും വ്യവസ്ഥയുണ്ട്.
നിലവിൽ ചാർട്ട് തയാറാക്കുന്നതിനു മുമ്പു വരെയാണ് ബോർഡിങ് സ്റ്റേഷൻ മാറ്റാൻ കഴിഞ്ഞിരുന്നത്.
5.അപകട ഇൻഷുറൻസിന് നികുതിയില്ല
മോട്ടോര്‍ വാഹന അപകട
ഇൻഷുറൻസിന് ലഭിക്കുന്ന പലിശ ഇനി മുതല്‍ നികുതി രഹിതമായിരിക്കും. ഇത്തരം വരുമാനത്തിന് ടിഡിഎസും ഉണ്ടാകില്ല.
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച തീരുമാനമാണിത്.
6.എൽപിജിക്ക് പുതിയ വില
രാജ്യത്തെ പാചക വാതക വിലയും ഏപ്രിൽ ഒന്ന് മുതൽ മാറും. എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് രാജ്യത്തെ പൊതുമേഖലാ കമ്പനികൾ സാധാരണ പാചക വാതക വില മാറ്റുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി വില വീണ്ടും വർധിക്കുമെന്നാണ് കരുതുന്നത്.
7. പാൻ കാർഡ് നിയമങ്ങളും മാറുന്നു
പാൻ കാർഡിന് അപേക്ഷിക്കേണ്ട
രീതികളും ഏപ്രിൽ ഒന്നു മുതൽ മാറും. നിലവിൽ പാൻ കാർഡ് അപേക്ഷയിൽ ഐഡന്റിറ്റി, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കാൻ ആധാർ കാർഡ് മാത്രം മതിയായിരുന്നു.
ഇനി മുതൽ ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി, 10–ാം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ അധിക രേഖകളും ചേർക്കേണ്ടി വരും. എന്നുവച്ചാൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ മാർച്ച് 31 വരെയേ സാധിക്കൂ.
8.എടിഎമ്മിലും മാറ്റം
എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നതിലും മാറ്റങ്ങളുണ്ട്.
യുപിഐ ആപ്പുകളുപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതും സാധാരണ പണമിടപാടായി രേഖപ്പെടുത്തുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക്. ഇത് പ്രതിമാസ സൗജന്യ എടിഎം പിന്‍വലിക്കലിൽ ഉൾപ്പെടുത്തും.
സൗജന്യ ലിമിറ്റ് കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ ഫീസ് നൽകേണ്ടി വരും.
ബന്ധൻ ബാങ്കിന്റെ സൗജന്യ എടിഎം ഇടപാടുകളിലും മാറ്റമുണ്ട്. മെട്രോ സിറ്റികളിൽ 3 സൗജന്യ എടിഎം ഇടപാടുകൾ നടത്താം.
നോൺ മെട്രോ സിറ്റികളിൽ അഞ്ചെണ്ണം വരെയാകാം. അതുകഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപ ചാർജുണ്ട്.
മതിയായ ബാലൻസ് ഇല്ലാതെ ഇടപാട് മുടങ്ങിയാൽ 25 രൂപയാണ് ഫീസ് നൽകേണ്ടത്.
ചില ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകയിൽ ബന്ധൻ ബാങ്കും മാറ്റം വരുത്തിയിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

