കൊച്ചി∙ വലിയ കയറ്റങ്ങളും വലിയ ഇറക്കങ്ങളും കണ്ട 2024–25 സാമ്പത്തിക വർഷത്തിൽ സെൻസെക്സ് സൂചികയുടെ വളർച്ച 5.1%. നിഫ്റ്റി 5.34% ഉയർന്നു. നിക്ഷേപകരുടെ ആസ്തിയിൽ 25.90 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. സെൻസെക്സ് 3763 പോയിന്റും നിഫ്റ്റി 1,192 പോയിന്റുമാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷം സെൻസെക്സ് 14,659.83 പോയിന്റ് (24.85%) ഉയർന്നിരുന്നു. 

സെൻസെക്സ് സൂചിക 85,978.25 പോയിന്റ് എന്ന റെക്കോർഡ് ഉയരം കുറിച്ചത് കഴിഞ്ഞ സെപ്റ്റംബർ 27നാണ്. ഒട്ടേറെ കമ്പനികൾ പ്രാരംഭ വിൽപനയിലൂടെ വിപണിയിലേക്ക് എത്തുകയും ചെയ്തു. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ നടന്നതും ഈ സാമ്പത്തിക വർഷത്തിലാണ്– ഹ്യുണ്ടായ് ഇന്ത്യ ഐപിഒ.

സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ സെപ്റ്റംബർ വരെ നീണ്ടുനിന്ന കാളകളുടെ തേരോട്ടം ഒക്ടോബർ മാസത്തോടെ അവസാനിക്കുന്ന കാഴ്ചയാണു കണ്ടത്. റെക്കോർഡുകൾ തിരുത്തി മുന്നേറിയ വിപണിയിലേക്ക് കാളകൾ രംഗപ്രവേശം ചെയ്തു. വിദേശനിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു. ഒക്ടോബറിൽ മാത്രം സൂചിക 5.82% ഇടിഞ്ഞു. 

ചെറുപ്പക്കാരും വീട്ടമ്മമാരും ഉൾപ്പെടെ ഒട്ടേറെപ്പേർ ഓഹരി വിപണിയിലേക്കു കടന്നുവന്നതാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മറ്റൊരു സവിഷേഷത. നിക്ഷേപകരുടെ എണ്ണം 18 കോടി കടന്നു മുന്നേറി. വിദേശ നിക്ഷേപകരുടെ നിലയ്ക്കാത്ത പിൻമാറ്റത്തിലും വിപണിയെ ഒരു പരിധിവിട്ട് താഴേക്കു പോകാതെ പിടിച്ചുനിർത്തിയത് റീട്ടെയ്ൽ നിക്ഷേപകരാണ്. ചൈനീസ് ഓഹരികൾക്കുണ്ടായ പ്രിയം, പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത കമ്പനികളുടെ പ്രവർത്തനഫലം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലേക്കാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാരയുദ്ധ പ്രഖ്യാപനവുമായി എത്തിയത്. ട്രംപിന്റെ പകരച്ചുങ്കം വിപണിക്ക് ഇടിത്തീ പോലെയായി.

സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 17% നേട്ടമുണ്ടാക്കിയ സൂചികകൾ വൻതിരുത്തലുകൾക്കു ശേഷവും 5 ശതമാനത്തിനു മുകളിൽ നേട്ടം നിലനിർത്തി. സാമ്പത്തിക വർഷത്തിന്റെ അവസാന വ്യാപാര ദിനങ്ങളിൽ വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതും നിക്ഷേപകർക്കു പ്രതീക്ഷ നൽകുന്നുണ്ട്.

നഷ്ടം കുറച്ച് രൂപ

24 പൈസയുടെ നേട്ടത്തോടെ രൂപയുടെ മൂല്യം 85.50ലേക്ക് മെച്ചപ്പെട്ടു. മാർച്ച് മാസത്തിൽ രൂപയ്ക്ക് 2.17% നേട്ടമുണ്ട്. 2018നുശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ നേട്ടമാണിത്. അതേസമയം വിദേശനിക്ഷേപകരുടെ പിൻമാറ്റം മൂലം സാമ്പത്തിക വർഷത്തിലെ രൂപയുടെ മൂല്യത്തിലെ ഇടിവ് 2 ശതമാനത്തിലേറെയാണ്. 2024 ഏപ്രിൽ 2ന് 83.42 ആയിരുന്നു മൂല്യം.

English Summary:

The Indian stock market experienced a year of ups and downs in 2024-25, ultimately gaining 5%. Sensex and Nifty saw significant growth despite challenges from foreign investor withdrawals and global trade tensions.