വില ഉയരുമ്പോൾ വിറ്റ് കളയാതെ സ്വർണവായ്പയിലൂടെ സാമ്പത്തികാവശ്യങ്ങൾ സാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പണയം വച്ചവർ പലപ്പോഴും വിവിധ കാരണങ്ങളാൽ തുക അടച്ച് സ്വർണം തിരികെ എടുക്കാനാകാത്ത സ്ഥിതിയിലെത്തുന്നു.
ആർബിഐയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജൂൺ മാസം വരെ 122 ശതമാനം വളർച്ചയാണ് സ്വർണ വായ്പയിൽ ഉണ്ടായിട്ടുള്ളത്. വിലയുയരുമ്പോൾ വിറ്റ് കളയാതെ സാമ്പത്തികാവശ്യങ്ങൾ സാധിക്കുന്നതിനുള്ള നല്ലൊരു മാർഗമായാണ് പലരും സ്വർണ വായ്പയെ കാണുന്നത്.
പക്ഷേ വായ്പ മുഴുവനും അടച്ച് തീർത്ത് സ്വര്‍ണം മടക്കി വാങ്ങാനാകാത്തതിനാൽ സ്വർണം തന്നെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. പണയ സ്വർണം തിരിച്ചെടുത്ത് വിറ്റ് ബാധ്യത തീർക്കുകയാണ് ഇതിന് പരിഹാരം.
സ്വർണം വിൽക്കാൻ സഹായം
പണയം വച്ചിട്ടുള്ള സ്വർണം വിൽക്കാൻ സഹായിക്കും എന്ന അവകാശ വാദവുമായി എത്തുന്നവരെയാണ് ഇതിനായി ഇടപാടുകാർ പലപ്പോഴും ആശ്രയിക്കുന്നത്.
ഇടപാട് നടക്കുന്ന ദിവസത്തെ സ്വർണത്തിന്റെ വിൽപ്പന വില കണക്കാക്കിയാണിത് ചെയ്യുന്നത്. പ്രോസസിങ് ഫീസും, ജിഎസ്ടിയും ഉൾപ്പടെയാണിത്.
പണയ ബാക്കി കുറച്ചുള്ള തുക ഇടപാടുകാർക്ക് മടക്കി നൽകുന്നതിനാൽ പലിശ അടയ്ക്കേണ്ട എന്നതിനൊപ്പം കുറച്ചു തുക കയ്യിൽ കിട്ടുമെന്നത് ആശ്വാസവും നൽകുന്നു.
പണയ ബ്രോക്കര്‍ റജിസ്ട്രേഷൻ എടുത്തിട്ടുള്ളവരാണ് ഇങ്ങനെ പണയസ്വർണം വാങ്ങാൻ സഹായിക്കാറുള്ളത്.
പണയം വച്ച സ്ഥാപനത്തിൽ നിന്ന് എടുത്തു നൽകുന്നതിനായി ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ കൂടെ ചെല്ലാറുണ്ട്. കുടിശിക ഒറ്റത്തവണയായി അടച്ചുതീർത്ത് ബാങ്കിൽനിന്നോ പണയ സ്ഥാപനങ്ങളിൽനിന്നോ ഇവർ സ്വര്‍ണം തിരികെ വാങ്ങുന്നു.
എന്നാൽ ഇപ്പോൾ പണയ സ്വർണമെടുത്ത് വിൽക്കാൻ സഹായിക്കാം എന്ന വാഗ്ദാനവുമായി ഒട്ടേറെ തട്ടിപ്പുകളും അരങ്ങേറുന്നുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ജനറൽ സെക്രട്ടറി അബ്ദുൾ നാസർ പറയുന്നു. വഴിയരികിലെ മതിലിലും മറ്റും കാണുന്ന പരസ്യങ്ങളിലൂടെയാണ് ഇടപാടുകാർ തട്ടിപ്പിലേയ്ക്ക് ആകർഷിക്കപ്പെടുന്നത്.
അതിൽ പറഞ്ഞിട്ടുള്ള ഫോൺ നമ്പറല്ലാതെ ആരാണെന്നോ, സ്ഥാപനമേതെന്നോ പോലും അറിയാനാകില്ല. പണയ ബാധ്യതയിൽ നിന്ന് ഒഴിവാകാൻ സഹായിച്ചിട്ട് സ്വർണത്തിന്റെ യഥാർത്ഥമൂല്യത്തേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് സ്വർണം സ്വന്തമാക്കുന്നത് തട്ടിപ്പാണ്.
ഇടപാടുകാരന് കനത്ത നഷ്ടം ഇതിലൂടെ ഉണ്ടെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് അബ്ദുൾ നാസർ വിശദീകരിച്ചു. പണയ ഉരുപ്പടികള്‍ എടുത്തുകൊടുക്കാന്‍ സഹായിക്കുമെന്നുപറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയാണ്.
മാത്രമല്ല സംഘടിതമേഖലയിലുള്ള സ്വർണവ്യാപാരികൾക്ക് ഇത് കനത്ത നഷ്ടം വരുത്തിവയ്ക്കുന്നുമുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള തട്ടിപ്പുകാരും മോഷണ സംഘങ്ങളും ഇത്തരം റാക്കറ്റുകൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെയോ ആർബിഐയുടെയോ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സ്വർണ പണയ സ്ഥാപനങ്ങള്‍ക്കും സ്വകാര്യബാങ്കുകള്‍ക്കും ഇത്തരത്തിൽ സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് അംഗീകാരമില്ലെന്നും അബ്ദുൾ നാസർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]