സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (വി) നടപ്പാക്കുന്ന 360 കോടി ഡോളറിന്റെ (ഏകദേശം 30,000 കോടി രൂപ) മെഗാ 4ജി, 5ജി വികസന പദ്ധതിയിൽ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടെന്ന് ഫിൻലൻഡ് കമ്പനിയായ നോക്കിയ. അടുത്ത മൂന്നുവർഷംകൊണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയിൽ വോഡഫോൺ ഐഡിയയ്ക്കൊപ്പം ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങും സ്വീഡിഷ് കമ്പനിയായ എറിക്സണും സഹകരിക്കും.
മൂന്നുവർഷം കൊണ്ട് 55,000 കോടി രൂപയുടെ മൂലധന വികസന പദ്ധതികൾ വോഡഫോൺ ഐഡിയ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് 30,000 കോടി രൂപയുടെ 4ജി, 5ജി സാങ്കേതികവിദ്യയുടെ വികസനം. ഓഹരി വിൽപനയിലൂടെ അടുത്തിടെ 24,000 കോടി രൂപ വോഡോഫോൺ ഐഡിയ സമാഹരിച്ചിരുന്നു. നിലവിൽ മറ്റ് രണ്ട് സ്വകാര്യ ടെലികോം കമ്പനികളും (റിലയൻസ് ജിയോ, ഭാരതി എയർടെൽ) രാജ്യത്ത് 5ജി സേവനം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി.
വോഡഫോൺ ഐഡിയ ഇപ്പോഴും 4ജിയിൽ തുടരുകയാണ്. ഇതുമൂലം കമ്പനികൾക്ക് വൻതോതിൽ വരിക്കാരെയും നഷ്ടപ്പെട്ടിരുന്നു. ഈ പ്രതിസന്ധികളിൽ നിന്ന് അതിവേഗം കരകയറുക ലക്ഷ്യമിട്ടാണ് വികസനപദ്ധതികളിലേക്ക് വോഡഫോൺ ഐഡിയ കടക്കുന്നത്. നിലവിലെ 4ജി സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കുക, ഇപ്പോഴും 4ജി ലഭ്യമാകാത്ത പ്രദേശങ്ങളും സേവനം ലഭ്യമാക്കുക, 5ജി സേവനത്തിലേക്ക് അതിവേഗം കടക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നോക്കിയ, സാംസങ്, എറികസൺ എന്നിവയുമായി വോഡഫോൺ ഐഡിയയുടെ സഹകരണം. രാജ്യത്തെ ഓരോ ടെലികോം സർക്കിളുകളിലും പ്രത്യേക സേവനമായിരിക്കും ഈ കമ്പനികൾ വോഡഫോൺ ഐഡിയയ്ക്ക് നൽകുക.
4ജി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് പുറമേ 5ജിയിലേക്കും വോഡഫോൺ ഐഡിയ എത്തുന്നതോടെ ഈ രംഗത്ത് ടെലികേം കമ്പനികൾക്കിടയിൽ മത്സരം ശക്തമാകുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ 5ജി സേവനത്തിന് ഔദ്യോഗികമായി രണ്ടുമാസത്തിനകം തുടക്കമിടുമെന്ന് വോഡഫോൺ ഐഡിയ (Read More) അധികൃതർ ഈ മാസമാദ്യം സൂചിപ്പിച്ചിരുന്നു.
പൊതുമേഖലാ കമ്പനിയായ ബിഎസ്എൻഎൽ (Read More) 4ജി സേവനം വ്യാപകമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭാരതി എയർടെല്ലും 4ജി, 5ജി സാങ്കേതികവിദ്യയുടെ വിപുലീകരണത്തിനായി അടുത്തിടെ 100 കോടി ഡോളറിന്റെ കരാർ നോക്കിയ, സാംസങ്, എറിക്സൺ എന്നിവയുമായി ഒപ്പുവയ്ക്കുമെന്ന് (Read More) വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം കേരളത്തിൽ സാങ്കേതികവിദ്യ സജ്ജമാക്കുക നോക്കിയ ആയിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]