ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനകളിലൊന്നായ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്ക് വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പച്ചക്കൊടി. ഏതാണ്ട് 9.5 ലക്ഷം കോടി രൂപ മൂല്യം വിലയിരുത്തി 37,700 കോടി രൂപയാകും ഓഹരി വിൽപനയിലൂടെ കമ്പനി സമാഹരിക്കുക.
കഴിഞ്ഞ ജൂൺ 19ന് ആയിരുന്നു വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയ്ക്കുള്ള അപേക്ഷ സമർപ്പിച്ചത്. പൂർണമായും പുതിയ ഓഹരികളായിരിക്കും (ഫ്രഷ് ഇഷ്യൂ) ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയിലുണ്ടാവുക.
27 കോടി ഓഹരികൾ വിറ്റഴിക്കുമെന്നാണ് വിവരം. റിലയൻസ് ഇൻഡസ്ട്രീസ് അടക്കം നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള ഓഹരികൾ വിൽക്കുന്നില്ല എന്നതും പ്രത്യേകതയാണ്.
ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ഇല്ലാത്തതിനാൽ, ഓഹരി വിറ്റുസമാഹരിക്കുന്ന പണം പൂർണമായും കമ്പനിയുടെ വളർച്ചയ്ക്കും വികസനപദ്ധതികൾക്കും ഉപയോഗിക്കാൻ സാധിക്കും. ഐപിഒയിലെ 50% ഓഹരികൾ യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്കായി (ക്യുഐബി) നീക്കിവയ്ക്കും.
35% ചെറുകിട നിക്ഷേപകർക്കും ബാക്കി മറ്റ് നിക്ഷേപകർക്കുമായിരിക്കും നൽകുക.
സമാഹരിക്കുന്ന തുകയിൽ 27,500 കോടി രൂപ ഉപസ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ (ആർജെഐഎൽ) കടം മുൻകൂർ അടച്ചുതീർക്കാൻ വിനിയോഗിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ജിയോ പ്ലാറ്റ്ഫോംസിന്റെ ഭൂരിപക്ഷ ഓഹരിയുടമകൾ (66.43%).
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് ജാധു ഹോൾഡിങ്സ് വഴി 10% ഓഹരികളുണ്ട്. ഗൂഗിളിന് 8% ഓഹരി പങ്കാളിത്തവുമുണ്ട്.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, കെകെആറിന്റെ ഉപസ്ഥാപനം ഒമൈക്രോൺ ഏഷ്യ ഹോൾഡിങ്സ്-2, മുബദലയുടെ ഉപസ്ഥാപനം എംഐസി റെഡ്വുഡ്-1 ആർഎസ്സി, ജനറൽ അറ്റ്ലാന്റിക് സിംഗപ്പൂർ ജെപി, പ്ലാറ്റിനം ജാസ്മിൻ എ 2018 ട്രംസ്റ്റ് തുടങ്ങിയവയും ഓഹരി ഉടമകളാണ്. ജിയോ പ്ലാറ്റ്ഫോംസിന്റെ റിലയൻസ് ഇൻഡസ്ട്രീസിലെ അടക്കം ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികൾക്ക് മികച്ച മൂല്യം ലഭിക്കാൻ ഐപിഒ സഹായിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.
മൊബൈൽ നെറ്റ്വർക്ക്, ഫിക്സഡ് ബ്രോഡ്ബാൻഡ്, ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന റിലയൻസ് ജിയോയ്ക്ക് (ആർജെഐഎൽ) 52.44 കോടി വരിക്കാരുണ്ട്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരാണ് ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
ഇതിനിടെ, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒയ്ക്ക് അനുമതി വൈകാതെ നൽകുമെന്ന് സെബി ചെയർമാൻ തുഹീൻ കാന്ത പാണ്ഡേ അറിയിച്ചു. ഏതാണ്ട് 30,000 കോടി രൂപയാണ് എൻഎസ്ഇ സമാഹരിക്കുക.
ഈ ഐപിഒ പൂർണമായും ഒഎഫ്എസ് ആയിരിക്കും. എസ്ബിഐ, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയാണ് ഓഹരി വിൽക്കുന്നത്.
1491.21 കോടി രൂപ അടച്ച് സെബിയുമായുള്ള പ്രശ്നങ്ങൾ അടുത്തിടെ എൻഎസ്ഇ പരിഹരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

