സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൽ അടിസ്ഥാന സൗകര്യ രംഗത്ത് മികച്ച വികസന പ്രവർത്തനങ്ങളാണ് ദൃശ്യമായതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേരളമെമ്പാടും സ്കൂളുകളിലും പശ്ചാത്തല സൗകര്യ രംഗത്തും ഇതു പ്രകടമാണെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിന്റെ ഈ വികസന മുന്നേറ്റത്തിനു പിന്നിലെ നിർണായക ശക്തിയാണ് കിഫ്ബി. സാമ്പത്തികമാന്ദ്യ കാലത്തും കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കിഫ്ബിക്ക് കഴിഞ്ഞു. സ്കൂളുകളിൽ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. തന്റെ മണ്ഡലമായ ചടയമംഗലത്തും പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് 11.75 കോടി രൂപ, ചടയമംഗംലം സബ്-റജിസ്ട്രാർ ഓഫീസ് മന്ദിര നിർമാണത്തിന് 8.20 കോടി രൂപ എന്നിങ്ങനെ കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭിച്ചു.

അമ്പലംകുന്ന്-റോഡുവിള-പോരയിടം റോഡിന് എട്ടുകോടി രൂപ, വിവിധ സർക്കാർ സ്കൂൾ മന്ദിരങ്ങളുടെ നിർമാണത്തിന് 1-3 കോടി രൂപവരെ എന്നിങ്ങനെയെല്ലാം ഫണ്ട് അനുവദിച്ച് കിഫ്ബി നിർണായക പിന്തുണ നൽകി. കടക്കൽ മാർക്കറ്റ് പുതുക്കിപ്പണിയാൻ 3.73 കോടിയാണ് കിഫ്ബി അനുവദിച്ചത്; ഇതിന്റെ നിർമാണം ആരംഭിച്ചു. കേരളത്തിന്റെ വികസനത്തിൽ കിഫ്ബി സാധ്യമാക്കിയത് വലിയ മാറ്റം തന്നെയാണെന്നും മന്ത്രി പറഞ്ഞു.

English Summary:

Significant Progress in Kerala’s Infrastructure, KIIFB’s Role is Crucial, Says Minister J Chinjurani