
Q ഒൻപതു പേർക്ക് അവകാശപ്പെട്ട ഞങ്ങളുടെ മൂന്ന് ഏക്കർ പൂർവിക സ്വത്ത് 50 വർഷത്തിലധികമായി വെറുതെകിടക്കുകയാണ്. ഭാഗപത്രപ്രകാരം 1904ലാണ് അസൽ ആധാരം. 1919ൽ എന്റെ അമ്മ ജനിക്കുംമുൻപാണ് ഒരു ഭാഗപത്രം. അവകാശികളിൽ ഒരാളുടെ പേരിൽ മുതൽപേർ എന്നു കാണിച്ച് 2025 മാർച്ചുവരെ നികുതി കൊടുത്തിട്ടുണ്ട്. സബ് റജിസ്റ്റർ ഓഫിസിൽ ആധാരപ്പകർപ്പ് ചോദിച്ചപ്പോൾ 1920–21ലെ തീപിടുത്തത്തിൽ നശിച്ചു എന്നു പറഞ്ഞു. ഇപ്പോൾ ഞങ്ങൾ 9 പേർക്ക് ഈ ഭൂമി ഭാഗിക്കണം. എന്താണു ചെയ്യേണ്ടത്?
A ജില്ലാ റജിസ്ട്രാറെ സമീപിച്ച് അവിടെ രേഖകൾ ഉണ്ടോ എന്നു തിരക്കുക. അവിടെ രേഖകളില്ലാത്ത പക്ഷം ലഭ്യമായ രേഖകൾവച്ച് കോടതിയെ സമീപിച്ച് ഉത്തരവു വാങ്ങുക. അതിനായി കീഴ്ക്കോടതിയിലെ അഭിഭാഷകന്റെ സേവനം തേടുക.
ഒരു സെന്റിന് ഫീസ് അടച്ചാൽ മതിയോ?
Q എനിക്ക് 26 സെന്റ് നികത്തുഭൂമിയുണ്ട്. ഇളവു ബാധകമായ 25 സെന്റ് കഴിഞ്ഞ് ഒരു സെന്റ് സ്ഥലത്തിന്റെ ഫീസ് അടച്ചാൻ മതിയോ?
A സുപ്രീം കോടതിയുടെ മൗഷമി ആൻ ജേക്കബിന്റെ വിധിയുടെ അടിസ്ഥാനത്തിൽ 25 സെന്റ് കവിഞ്ഞാൽ മുഴുവൻ ഭൂമിക്കും ഫീസ് അടയ്ക്കണം.പോസ്റ്റ് മാറ്റാൻ എന്തുചെയ്യണം?
Q എന്റെ പുരയിടത്തിലേക്കുള്ള വഴിയിൽ വാഹനം കയറുന്നതിനു തടസ്സമായി ഇലക്ട്രിക് പോസ്റ്റുണ്ട്. 50 വർഷമായി എന്റെയടക്കം 5 വീട്ടിലേക്കുള്ള കണക്ഷൻ അതിലൂടെയാണ്. മറ്റു നാലു കണക്ഷനുകളും പുരയിടം മറികടന്നാണു പോകുന്നത്. ഈ പോസ്റ്റും കൈവയറുകളും എനിക്ക് ഏറെ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മറ്റു നാലു പേരും സ്വതന്ത്രമായ മറ്റു സഞ്ചാരവഴികൾ ഉള്ളവരും അതിലൂടെ കണക്ഷൻ വലിക്കാൻ സാധിക്കുന്നവരുമാണ്. എഡിഎമ്മിനും കലക്ടർക്കും പരാതി നൽകിയിട്ടും നടപടിയായില്ല. ഇലക്ട്രിക് പോസ്റ്റുകളും സർവീസ് വയറുകളും മാറ്റാൻ എന്താണ് ഇനി ചെയ്യേണ്ടത്?
A പോസ്റ്റ് മാറ്റാൻ നിങ്ങൾ ഇലക്ട്രിസിറ്റി സെക്ഷനിലാണ് സമീപിക്കേണ്ടത്. പോസ്റ്റ് മാറ്റാൻ അസിസ്റ്റന്റ് എൻജിനീയർക്ക് അപേക്ഷ എഴുതി നൽകുക.
പട്ടയത്തിന് നിയമപ്രാബല്യം കിട്ടുമോ?
Q 1985ൽ ഞാൻ തീറാധാരമായി വാങ്ങിയ വസ്തുക്കൾക്ക് 1980ൽ പട്ടയം ലഭിച്ചിട്ടുണ്ട്. അക്കാര്യം പറയാതെയാണ് റജിസ്റ്റർ ചെയ്തു നൽകിയത് എങ്കിലും പിന്നീട് തീറ് തന്ന ആൾ ഈ പട്ടയം ഞങ്ങളെ ഏൽപിച്ചിട്ടുണ്ട്. അതിനു നിയമപ്രാബല്യം ഉണ്ടോ?
A പട്ടയത്തിന് നിയമപ്രാബല്യമുണ്ട്. എന്നാൽ അത് സാധുവാകണമെങ്കിൽ ആധാരത്തിൽ ഉൾപ്പെടുത്തണമായിരുന്നു. പട്ടയം കിട്ടിയ വ്യക്തിയിൽനിന്ന് അത് എഴുതി വാങ്ങുക.
Q പാരമ്പര്യ സ്വത്തു വിറ്റുകിട്ടിയ ലാഭംകൊണ്ടു സ്വന്തമായ മറ്റൊരു സ്ഥലത്തു വീടുവച്ചാൽ ആ വ്യക്തിക്ക് ഇൻകംടാക്സ് ഒഴിവായിക്കിട്ടുമോ?
A താമസത്തിനായുള്ള രണ്ടു കെട്ടിടത്തിനുവരെ നിബന്ധനകൾക്കു വിധേയമായി നികുതി ഇളവു ലഭിക്കും. നികുതി നിയമത്തിലെ നല്ലൊരു അഭിഭാഷകനെയോ ടാക്സ് പ്രാക്ടീഷനറെയോ കാണുക.
ഏപ്രിൽ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. നിങ്ങളുടെ സംശയങ്ങൾക്ക് ചോദ്യത്തെ ആസ്പദമാക്കിയും നിലവിലെ നിയമം അടിസ്ഥാനമാക്കിയുമാണ് മറുപടി നൽകുന്നത്. നിയമത്തിൽ മാറ്റമുണ്ടായാൽ നടപടിക്രമങ്ങളും മാറാം. സംശയങ്ങൾ സമ്പാദ്യത്തിലേക്കു കത്തായോ, വാട്സാപ്പ് സന്ദേശമായോ 92077 49142 എന്ന നമ്പറിലേക്ക് അയയ്ക്കുക. സമ്പാദ്യം വരിക്കാരാകുന്നതിന് : https://subscribe.manoramaonline.com/content/subscription/subscriptionorderdetails.subscription.SB.digital.html