
ഡെബിറ്റ് കാർഡിന്റെ കാലാവധി 2022 ജൂണിൽ തീർന്നിട്ടും ബാങ്ക് ഉപഭോക്താവിന് പകരം പുതിയ ഡെബിറ്റ് കാർഡ് യഥാസമയം നൽകിയില്ല. ഇദ്ദേഹം തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകിയതുവഴി കാലതാമസത്തിനു പതിനായിരം രൂപയും, കോടതി നടപടികൾക്കായി അയ്യായിരം രൂപയും നൽകാൻ കമ്മിഷൻ ഉത്തരവിട്ടു. അതും കേസ് ഫയൽ ചെയ്ത തീയതി മുതൽ 9% പലിശസഹിതം.
യഥാസമയം ഡെബിറ്റ് കാർഡ് ലഭിക്കാഞ്ഞതിനാൽ കോവിഡ് കാലത്ത് വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതിനാലാണ് പരാതി നൽകിയത്. ഉപഭോക്താവ് നേരിട്ടാണ് കേസ് വാദിച്ചത്. ബാങ്കിനുവേണ്ടി നാലു വക്കീൽമാർ ഹാജരായിട്ടും അദ്ദേഹത്തിന് നീതികിട്ടി.
ഇതുപോലെ ഉപയോക്താവ് എന്നനിലയിൽ ദൈനം ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളിൽ നിങ്ങൾക്കും തെളിവുകൾസഹിതം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കാം. ഉപഭോക്തൃ സംരക്ഷണ നിയമം നമുക്കു തീർച്ചയായും നീതിയും നഷ്ടപരിഹാരവും നേടിത്തരും.
ഉപഭോക്തൃ സംരക്ഷണ നിയമം
ഉപയോക്താക്കളെ ചൂഷണത്തിൽ രക്ഷിക്കാനും അവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനുംവേണ്ടി 1986ലാണ് ഇന്ത്യൻ പാർലമെന്റ് ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കിയത്. പിന്നീട് ഇതു റദ്ദാക്കി 2019ൽ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പാക്കി.
പ്രതിഫലം കൊടുത്തോ കൊടുക്കാമെന്ന കരാറിലോ സാധനമോ സേവനമോ വാങ്ങി ഉപയോഗിക്കുന്ന ഏതൊരാളും ഉപയോക്താവാണ്. ഈ ഉപയോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാനായി ഉപഭോക്തൃ സംരക്ഷണ സമിതികൾ, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എന്നീ സംവിധാനങ്ങൾ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നു.
ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഓരോ ജില്ലകളിലും ജില്ലാ കമ്മിഷൻ എന്ന് അറിയപ്പെടുന്ന ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രവർത്തിക്കുന്നു. ഓരോ ജില്ലാ കമ്മിഷനിലും ഒരു പ്രസിഡന്റും രണ്ടിൽ കുറയാത്ത അംഗങ്ങളും ഉണ്ടാകും. ഈ കമ്മിഷനെ ‘ഉപഭോക്തൃകോടതി’ എന്നു തെറ്റായി വിളിക്കുന്നുണ്ട്. കോടതി നടപടികളുടെ നൂലാമാലകളില്ലാതെ പ്രവർത്തിക്കുന്നതിനാലാണ് കമ്മിഷൻ എന്ന പേര് ഇവയ്ക്കു നൽകിയത്.
ജില്ലാക്കമ്മീഷന്റെ പ്രവർത്തനം
∙ ഒരു കോടിരൂപയിൽ കവിയാത്ത പരാതികൾ ജില്ലാ കമ്മിഷൻ പരിഗണിക്കും.
∙ ഉപയോക്താവിനു നേരിട്ട് ഇവിടെ പരാതി നൽകാം, കേസ് വാദിക്കാം. നിയമസഹായത്തിനു സൗജന്യ സേവനം നൽകുന്ന വക്കീൽമാരും ഉണ്ട്.
∙ പരാതി സമർപ്പിച്ചാൽ 21 ദിവസത്തിനകം സ്വീകാര്യത സംബന്ധിച്ച് കമ്മിഷൻ ഒന്നും അറിയിച്ചിട്ടില്ല എങ്കിൽ പരാതി സ്വീകരിച്ചതായി കണക്കാക്കാം.
∙ പരാതികൾ ലഭിച്ചാൽ കഴിവതും വേഗം എതിർകക്ഷിക്കു നോട്ടിസ് അയയ്ക്കാനും പരാതി തീർപ്പാക്കാനും കമ്മിഷന് ഉത്തരവാദിത്തമുണ്ട്. ചരക്കുകളുടെ വിശകലനമോ പരിശോധനയോ ആവശ്യമുണ്ടെങ്കിൽ അഞ്ചു മാസവും അല്ലാത്തവയിൽ മൂന്നു മാസവുമാണ് സമയപരിധി. പലപ്പോഴും ഈ സമയക്ലിപ്തത പാലിക്കാനാകുന്നില്ല എന്നതു വസ്തുതയാണ്.
എന്തെല്ലാം നടപടികൾ?
പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് ജില്ലാ കമ്മിഷനു ബോധ്യപ്പെട്ടാൽ ഇനി പറയുന്നവയിൽ ഒന്നോ അതിലധികമോ കാര്യങ്ങൾ ചെയ്യാൻ എതിർകക്ഷിക്ക് ഉത്തരവു നൽകാം:
(എ) ചൂണ്ടിക്കാണിച്ച വൈകല്യം നീക്കംചെയ്യാൻ
(ബി) വൈകല്യങ്ങളില്ലാത്തതും സമാനവുമായവ സാധനം/സേവനം മാറ്റിനൽകാൻ
(സി) പലിശസഹിതം വില തിരികെനൽകാൻ
(ഡി) ഉപയോക്താവിനുണ്ടായ നഷ്ടത്തിനോ പരുക്കുകൾക്കോ നഷ്ടപരിഹാരം നൽകാൻ
ഉത്തരവിനെതിരെ അപ്പീൽ
ഇനി ജില്ലാ കമ്മിഷന്റെ ഉത്തരവ് നിങ്ങൾക്ക് അംഗീകരിക്കാനാകുന്നില്ലെങ്കിൽ നാൽപത്തിയഞ്ചു ദിവസത്തിനുള്ളിൽ സംസ്ഥാന കമ്മിഷനിൽ അപ്പീൽ നൽകാം. മതിയായ കാരണമുണ്ടെന്നു സംസ്ഥാന കമ്മിഷനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ 45 ദിവസത്തിനുശേഷവും അപ്പീൽ സ്വീകരിക്കും. എന്നാൽ ജില്ലാ കമ്മിഷൻ ഉത്തരവു പ്രകാരം അടയ്ക്കേണ്ട തുകയുടെ 50% കെട്ടിവച്ചശേഷമേ അപ്പീൽ സംസ്ഥാന കമ്മിഷൻ പരിഗണിക്കൂ.
എന്നാൽ ജില്ലാ കമ്മിഷൻ, സംസ്ഥാന കമ്മിഷൻ, ദേശീയ കമ്മിഷൻ എന്നിവ നടപടി സ്വീകരിച്ച തീയതി മുതൽ രണ്ടു വർഷത്തിനുള്ളിൽ പരാതി ഫയൽ ചെയ്തില്ലെങ്കിൽ അതു സ്വീകരിക്കില്ല.
പാലിച്ചില്ലെങ്കിൽ പിഴ
ജില്ലാ, സംസ്ഥാന, ദേശീയ കമ്മിഷനുകളുടെ ഉത്തരവു പാലിച്ചില്ലെങ്കിൽ ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഇരുപത്തയ്യായിരം രൂപമുതൽ ഒരു ലക്ഷം രൂപവരെ പിഴയും ഈടാക്കാം. പിഴയും തടവുംകൂടി നൽകുകയും ചെയ്യാം.
പരാതികൾക്കുള്ള ഫീസ്
വളരെ തുച്ഛമായ ഫീസ് മാത്രമാണ് പരാതി സമർപ്പിക്കാൻ നൽകേണ്ടത്. വാങ്ങിയ ചരക്കിന്റെ അഥവാ സേവനങ്ങളുടെയും മൂല്യം (വില) അടിസ്ഥാനമാക്കിയാണ് ഫീസ്. നൽകേണ്ട ഫീസ് പട്ടികയിൽ കാണുക:
ജില്ലാ കമ്മിഷൻ
∙ 5 ലക്ഷം രൂപവരെ: ഫീസ് ഇല്ല
∙ 5 ലക്ഷം–10 ലക്ഷം രൂപവരെ: 200 രൂപ
∙ 10 ലക്ഷം–20 ലക്ഷം രൂപവരെ: 400 രൂപ
∙ 20 ലക്ഷം-50 ലക്ഷം രൂപവരെ: 1,000 രൂപ
∙ 50 ലക്ഷം– ഒരു കോടി രൂപവരെ: 2,000 രൂപ.
ഒരു കോടി രൂപമുതൽ പത്തു കോടിവരെ മൂല്യമുള്ളതു സംബന്ധിച്ച പരാതി സംസ്ഥാന കമ്മിഷനിലും അതിനു മേലുള്ളവ ദേശീയ കമ്മിഷനിലുമാണ് നൽകേണ്ടത്.
തെറ്റായ പരസ്യം, 2 വർഷംവരെ തടവ്
ഉപഭോക്താവിന്റെ താൽപര്യത്തിനു വിരുദ്ധമായി തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യം നൽകുന്ന നിർമാതാവിന് അല്ലെങ്കിൽ സേവനദാതാവിന് രണ്ടു വർഷം വരെ തടവും പത്തു ലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാം; ആവർത്തിക്കുന്ന ഓരോ കുറ്റത്തിനും അഞ്ചു വർഷംവരെ തടവും അൻപതു ലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കും
ലേഖകന് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗമാണ്.
ഏപ്രിൽ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്
Member, Consumer Protection Council