യുഎസ് – ഇറാൻ സംഘർഷം പരിഹാരമാകാതെ നീളുന്നതിൽ രാജ്യാന്തര തലത്തിൽ വിപണികൾക്ക് ആശങ്ക. മൂന്നാം ഘട്ട
ചർച്ചയും പരിഹാരാമാകാതെ പിരിഞ്ഞതോടെ ഇന്നലെ സ്വർണം, ക്രൂഡ് ഓയിൽ വില കുതിച്ചു. ഇറാനുമായുള്ള ചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തനാണ്.
ആണവ പരീക്ഷണം അവസാനിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതിൽ ഞാൻ തൃപ്തനല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് നടക്കുന്നതെന്ന് കാത്തിരുന്ന് കാണാം. സൈനിക നടപടിയിലൂടെ അല്ലാതെ കാര്യങ്ങൾ പരിഹരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
പക്ഷേ ചില സമയങ്ങളിൽ സൈനിക നടപടി അനിവാര്യമായി വരും. ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാണ് യുഎസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ യുഎസും ഇറാനും സേനാ വിന്യാസം നടത്തുന്നതിനിടെയാണ് മുന്നറിയിപ്പെന്നതും ശ്രദ്ധേയം.
അതിനിടെ ഇസ്രയേലിലെ എംബസിയിൽ നിന്ന് യുഎസും ഇറാനിൽ നിന്ന് യുകെയും ജീവനക്കാരെ പിൻവലിക്കാൻ തീരുമാനിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പല രാജ്യങ്ങളും ഇറാനിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേൽ സന്ദർശിക്കുന്നതും നിർണായകമാകും. ഇറാൻ അടക്കമുള്ള പ്രശ്നങ്ങൾ ഇസ്രയേലുമായി ചർച്ച ചെയ്യുമെന്നാണ് വിവരം.
സ്വര്‍ണവും ക്രൂഡും കുതിച്ചു
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളായതോടെ രാജ്യാന്തര വിപണിയിൽ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വില കുതിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് രണ്ടുശതമാനത്തോളം കയറി 5,278 ഡോളറിലെത്തി. ഒരുവേള ഔൺസിന് 5,280 ഡോളറിലേക്ക് വരെ എത്തി.
വെള്ളി വില 7.5 ശതമാനമാണ് കയറിയത്. ഇറാൻ – യുഎസ് യുദ്ധഭീഷണിക്കിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള വാങ്ങൽ കൂടിയതാണ് കാരണം.
കേരളത്തിൽ ഇന്നലെ സ്വർണവില ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇന്നും വില കൂടാനാണ് സാധ്യത.
ഇറാൻ – യുഎസ് യുദ്ധമുണ്ടായാൽ വിതരണത്തിൽ തടസം നേരിട്ടേക്കുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വിലയും രണ്ടു ശതമാനത്തോളം കുതിച്ചു.
ബ്രെന്റ് ക്രൂഡ് ബാരലിന് 2.45 ശതമാനം കയറി 72.48 ഡോളറിലെത്തി. മർബൻ ക്രൂഡ് 1.70 ശതമാനവും ഡബ്ല്യൂടിഐ 2.78 ശതമാനവും വർധിച്ചു.
ലോകത്തിലെ ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ പ്രധാന ഇടനാഴികളിൽ ഒന്നായ ഹൊര്‍മുസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന ഭീഷണിയും വിലക്കയറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചത് ഏഷ്യയിൽ ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് ഉയർത്തിയിട്ടുണ്ട്.
ഇതുകണക്കിലെടുത്ത് ഏപ്രിൽ ക്രൂഡ് ഓയിൽ വില സൗദി അറേബ്യ ബാരലിന് ഒരു ഡോളർ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
നഷ്ടത്തോടെ നിർത്തി വിപണി
ഫെബ്രുവരിയിലെ അവസാന വ്യാപാര ദിനം കനത്ത നഷ്ടത്തിലാണ് ഇന്ത്യൻ ഓഹരി വിപണി ക്ലോസ് ചെയ്തത്.
സെൻസെക്സ് 961 പോയിന്റുകൾ ഇടിഞ്ഞ് 81,287.19ലെത്തി. നിഫ്റ്റി 317.90 പോയിന്റ് നഷ്ടത്തിൽ 25,178.65ലുമായി.
ഇരുസൂചികകളും ഇടിഞ്ഞത് ഒരു ശതമാനത്തിന് മുകളിൽ. ബാങ്കിങ് ഓഹരികളാണ് ഇന്നലത്തെ ഇടിവിൽ മുന്നിൽ നിന്നത്.
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ രണ്ടു ശതമാനത്തോളം നഷ്ടത്തിലായി. എച്ച്ഡിഎഫ്സി ബാങ്ക് 1.3 ശതമാനവും ഇടിഞ്ഞു.
ഇന്നും നാളെയും വിപണിക്ക് അവധിയാണ്.
ഫെബ്രുവരിയിലെ മൊത്തം കണക്കെടുത്താൽ സെൻസെക്സ് 1.2 ശതമാനവും നിഫ്റ്റി 0.6 ശതമാനവും നഷ്ടത്തിലാണ്. യുഎസ് വ്യാപാര തർക്കം അയഞ്ഞതും കമ്പനികളുടെ മെച്ചപ്പെട്ട
പാദഫലവും ചെറിയ തോതിലെങ്കിലും വിദേശ നിക്ഷേപകർ തിരിച്ചെത്തിയതും വിപണിക്ക് അനുകൂല ഘടകങ്ങളായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആശങ്കയാണ് ഈ മാസം വിപണിയെ കൂടുതൽ നഷ്ടത്തിലേക്ക് നയിച്ചത്.
നിഫ്റ്റി ഐടി സൂചിക ഇടിഞ്ഞത് 19.5 ശതമാനം. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സൂചിക ഇടിഞ്ഞത് 20.9 ശതമാനമാണ്.
ഇന്നലെ യുഎസ് വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
പ്രതീക്ഷ തെറ്റിച്ച യുഎസ് ഉൽപാദന വില സൂചികയും എഐ പരിഭ്രാന്തിയുമാണ് വിപണിക്ക് കുരുക്കായത്. ഡോ സൂചിക 1.05 ശതമാനവും എസ് ആന്‍ഡ് പി 0.43 ശതമാനവും നാസ്ഡാക്ക് 0.92 ശതമാനവും ഇടിഞ്ഞു.
ഇപ്പോൾ ചില മേഖലകളിൽ മാത്രം ഒതുങ്ങിയിരിക്കുന്ന എഐ ഭീഷണി എല്ലായിടത്തേക്കും വ്യാപിക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്. ഫിൻടെക് കമ്പനിയായ ബ്ലോക്ക് ഇന്നലെ 4,000 പേരെ പിരിച്ചു വിട്ടതും ആശങ്കയ്ക്ക് കാരണമായി.
തിങ്കളാഴ്ച കുതിപ്പിന് വിപണി
ഇന്നലെ ഓഹരി വിപണി അടച്ച ശേഷം പുറത്തുവന്ന ജിഡിപി കണക്കുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചുണ്ടെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ – ഡിസംബർ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വളർച്ച നേടിയെന്ന റിപ്പോർട്ട് തിങ്കളാഴ്ച വിപണിയിൽ ആശ്വാസമാകും. ജിഡിപി കണക്കുകൾ പുറത്തു വന്നതിന് പിന്നാലെ ഗിഫ്റ്റി നിഫ്റ്റി കുതിച്ചു.
തിങ്കളാഴ്ച വിപണി ഉയർന്ന് വ്യാപാരം തുടങ്ങുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബാങ്കിങ് , ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി, ഓട്ടോ തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കും.
രാജ്യാന്തര സാഹചര്യങ്ങളും വിദേശ നിക്ഷേപരുടെ നിലപാടും വിപണിക്ക് നിർണായകമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

