ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന വിശേഷണത്തോടെ വമ്പൻ വ്യാപാരക്കരാർ പ്രഖ്യാപിച്ചതോടെ വെട്ടിലായത് യുഎസും പ്രസിഡന്റ് ട്രംപും. ഇന്ത്യ-ഇയു ഡീലിനോട് ഇതുവരെ ട്രംപ് പ്രതികരിച്ചിട്ടില്ല.
അദ്ദേഹം എന്തുപറയുമെന്നത് സംബന്ധിച്ച ആകാംക്ഷ ശക്തമാണ്. എന്നാൽ, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ഡീലിനെ ശക്തമായി വിമർശിച്ചിരുന്നു.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് എണ്ണ വാങ്ങി സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യമാണ് ഇന്ത്യയെന്ന യുഎസിന്റെ ആരോപണം വീണ്ടും ഉയർത്തിയായിരുന്നു ബെസ്സന്റിന്റെ പ്രതികരണം.
ഇന്ത്യയുമായി ഡീൽ ഒപ്പുവച്ചതിലൂടെ യൂറോപ്പ് യൂറോപ്പിനെതിരായ യുദ്ധത്തിനുതന്നെ ഫണ്ടിങ് നടത്തുകയാണെന്ന് ബെസ്സന്റ് പറഞ്ഞു.
ഇന്ത്യ-യുഎസ് കരാറും ഉടൻ
ഇന്ത്യയും യുഎസുമായുള്ള വ്യാപാരക്കരാറും ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പ്രതികരിച്ചു. ഇന്ത്യ-യുഎസ് ബന്ധം പോസിറ്റീവ് ആയി തുടരുമെന്നും ഡീലിന്മേൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ പങ്കാളികൾക്കും തുല്യ പരിഗണനയും നേട്ടവും ലഭിക്കുംവിധമുള്ള ഡീലാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യ-ഇയു ഡീലിനെ ഇന്ത്യയും ഇയുവും വിശേഷിപ്പിച്ചതും അങ്ങനെതന്നെ.
വഴങ്ങാതെ ഇന്ത്യ
യുഎസ് അതേസമയം അവരുടെ പങ്കാളികളുമായി ഇതിനകം ഒപ്പുവച്ചത് യുഎസിനു കൂടുതൽ നേട്ടം കിട്ടുന്ന ഡീലുകളാണ്.
ഇന്ത്യ അതിനുവഴങ്ങാത്തതാണ് ഡീൽ വൈകാനുള്ള പ്രധാന കാരണം. ഇന്ത്യയുടെ ക്ഷീര, കാർഷിക വിപണികളിലേക്ക് കടന്നുകയറാൻ അനുവദിക്കണമെന്നും അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ കുറയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇത് ഇന്ത്യ സമ്മതിച്ചിട്ടില്ല.
മറിച്ച് ഇന്ത്യയും ഇയുവും തന്ത്രപ്രധാനമേഖലകളെ സംരക്ഷിച്ചുകൊണ്ടുള്ള ഡീലാണ് യാഥാർഥ്യമാക്കിയത്. ഇന്ത്യ കാർഷിക, ക്ഷീര മേഖലകളെ ഡീലിൽ നിന്ന് ഒഴിവാക്കിയപ്പോൾ യൂറോപ്യൻ യൂണിയന്റെ സുപ്രധാനനേട്ടം അവരുടെ പെരുമയായ വാഹനങ്ങളുടെ ഇന്ത്യയിലെ തീരുവ കുത്തനെ കുറയുമെന്നതാണ്.
സമ്മർദത്തിൽ യുഎസ്
ഇന്ത്യയും ഇയുവും തമ്മിൽ വമ്പൻ കരാർ ഒപ്പുവച്ചത് ഒരേസമയം ഇന്ത്യയ്ക്കും ഇയുവും ആഗോള വ്യാപാരരംഗത്ത് വലിയ കരുത്താണ് സമ്മാനിച്ചത്.
യുഎസുമായുള്ള വ്യാപാര ഡീലിന്മേൽ ഇന്ത്യയ്ക്കും ഇയുവിനും മേൽക്കൈയും ലഭിച്ചു. യുഎസുമായുള്ള ചർച്ചകളിൽ വിട്ടുവീഴ്ചകൾ ആവശ്യമില്ലെന്ന നിലപാടിലേക്ക് എത്താനും ഇന്ത്യയ്ക്കും ഇയുവിനും ഈ ഡീൽ സഹായിക്കും.
അതേസമയം, യുഎസ് കൂടുതൽ സമ്മർദത്തിലേക്കും വീണു.
ഇന്ത്യയുമായുള്ള ചർച്ചകളിൽ യുഎസ് ഇനി വിട്ടുവീഴ്ച ചെയ്യേണ്ടിവരും. കടുംപിടിത്തം തുടർന്നാൽ തീരുവയിളവുകളോടെ ഇന്ത്യയെന്ന ‘വമ്പൻ വിപണി’യിലേക്കുള്ള യുഎസ് കമ്പനികളുടെ പ്രവേശനമാകും വൈകുക.
ഇന്ത്യയാകട്ടെ ഇയുവിനും പുറമേ കാനഡ, ബ്രസീൽ തുടങ്ങി ഒട്ടേറെ രാജ്യങ്ങളുമായും ഡീൽ ഒപ്പുവയ്ക്കാനുള്ള ഒരുക്കത്തിലുമാണ്.
∙ ഇതാണ്, ഇന്ത്യ-ഇയു ഡീലിന്മേലുള്ള ട്രംപിന്റെ പ്രതികരണത്തെയും പ്രസക്തമാക്കുന്നത്.
∙ ഗ്രീൻലൻഡ് വിഷയത്തിൽ യുഎസും യൂറോപ്യൻ രാഷ്ട്രങ്ങളും തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായിരിക്കേയാണ് ഇന്ത്യ-ഇയു വമ്പൻ ഡീൽ പ്രഖ്യാപനമെന്നതും ട്രംപിനെ അസ്വസ്ഥനാക്കും.
സ്വർണം ‘തീ’യായി കുതിക്കുന്നു, ‘തീപിടിച്ച്’ എണ്ണ വിലയും
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ‘സുരക്ഷിത നിക്ഷേപ’ പെരുമനേടി കുതിച്ചുകയറുകയാണ് സ്വർണവില. രാജ്യാന്തരവില ഔൺസിന് 121 ഡോളറിലേറെ ഉയർന്ന് ഇന്നുരാവിലെ 5,224 ഡോളർ എന്ന സർവകാല ഉയരത്തിലെത്തി. കേരളത്തിൽ ഇന്നും വില കത്തിക്കയറാൻ ഈ മുന്നേറ്റം ധാരാളം.
പവൻ ഇന്ന് 1.20 ലക്ഷം രൂപ ഭേദിച്ചാലും അദ്ഭുതപ്പെടേണ്ട.
യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണത്തിന് കരുത്താകുന്നത്. യുഎസിൽ നിന്നുള്ളതടക്കം ക്രൂഡ് ഓയിൽ ഉൽപാദനവും വിതരണവും ഇടിയുമെന്ന ഭീതിയുടെ പശ്ചാത്തലത്തിൽ ക്രൂഡ് വിലയും കുതിക്കുകയാണ്.
ഡബ്ല്യുടിഐ ഇനത്തിന് വില ബാരലിന് 2.90% മുന്നേറി 62.39 ഡോളറിലെത്തി.
ബ്രെന്റ് വില 3.29% കത്തിക്കയറി 67.75 ഡോളറും. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇതു കനത്ത തിരിച്ചടിയാണ്.
ഓഹരി വിപണിയ്ക്കും ഇതു നിരാശയാകും.
ആഘോഷമാക്കാൻ ഇന്ത്യൻ വിപണി, ബജറ്റിലും പ്രതീക്ഷ
ഇന്ത്യ-ഇയു വ്യാപാര ഡീലും വിദേശ ഓഹരി വിപണികളുടെ മികച്ച പ്രകടനവും ഇന്ന് ഇന്ത്യൻ ഓഹരി വിപണിക്ക് വലിയ കരുത്തായേക്കും. ഇന്നുരാവിലെ ഒരു ഘട്ടത്തിൽ ഗിഫ്റ്റ് നിഫ്റ്റി ഒരു ശതമാനത്തിലേറെ മുന്നേറി.
സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടത്തിന്റെ ട്രാക്കിലായിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു. ഇന്നലെ സെൻസെക്സ് 319.78 പോയിന്റ് (+0.39%) നേട്ടവുമായി 81,857ലും നിഫ്റ്റി 126.75 പോയിന്റ് (+0.51%) ഉയർന്ന് 25,175ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
∙ ഐടി, ലോഹം, ധനകാര്യ ഓഹരികളാണ് ഇന്നലെ നേട്ടത്തിന് നേതൃത്വം നൽകിയത്.
വാഹനം, എഫ്എംസിജി ഓഹരികൾ വിൽപന സമ്മർദം നേരിട്ടു.
∙ ഇന്ത്യ-ഇയു ഡീൽ ഇന്നലെ യൂറോപ്യൻ ഓഹരി സൂചികകൾക്ക് ആവേശമായി. എഫ്ടിഎസ്ഇ 0.58% ഉയർന്നു.
യൂറോപ്യൻ വാഹന നിർമാണക്കമ്പനികളുടെ ഓഹരികളിൽ മികച്ച മുന്നേറ്റവുമുണ്ടായി. അതേസമയം ഇന്ത്യൻ, ജാപ്പനീസ് വാഹനക്കമ്പനികളുടെ ഓഹരികൾ താഴ്ന്നു.
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവ 1.3-4.2% വരെ നഷ്ടം കുറിച്ചു.
∙ ഇന്ത്യൻ വസ്ത്രമേഖലയാണ് ഡീൽ വഴി നേട്ടം ലഭിച്ചേക്കാവുന്ന മറ്റൊരു കൂട്ടർ. ഇന്ത്യ-ഇയു ഡീൽ വഴി 60-70 ലക്ഷം പുതിയ തൊഴിലവസരങ്ങളാകും ടെക്സ്റ്റൈൽ മേഖലയിൽ പുതുതായി പിറക്കുക.
കൃഷി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികംപേർ തൊഴിലെടുക്കുന്ന മേഖലയാണിതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞിരുന്നു.
∙ ഇന്ത്യ-ഇയു ഡീൽ ഇന്ത്യയിലേക്ക് വൻതോതിൽ വിദേശനിക്ഷേപമെത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ രൂപ ഇന്നലെ ഡോളറിനെതിരെ ഉയർന്നു. 0.2% നേട്ടവുമായി 91.72 ആണ് വ്യാപാരാന്ത്യ മൂല്യം.
കഴിഞ്ഞ വെള്ളിയാഴ്ച മൂല്യം സർവകാല താഴ്ചയായ 91.96 ആയിരുന്നു.
∙ വോഡഫോൺ-ഐഡിയയുടെ ഡിസംബർപാദ ഫലം പുറത്തുവന്നു. സംയോജിത നഷ്ടം 6,609 കോടിയിൽ നിന്ന് 5,286 കോടി രൂപയായി കുറഞ്ഞത് കമ്പനിക്ക് നേട്ടമായി.
പ്രവർത്തനവരുമാനം 2% ഉയർന്നു. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) 173 രൂപയിൽ നിന്ന് 186 രൂപയായി എന്നതും ‘വീ’ ഓഹരികളെ ആവേശത്തിലേക്കും.
∙ മാരുതി സുസുക്കിയുടെ പ്രവർത്തനഫലം ഉടൻ അറിയാം.
മികച്ച ലാഭ, വരുമാനക്കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.
ഡോളർ വീഴുന്നു, നിർണായക പണനയം ഇന്ന്
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിസ് എസ് ആൻഡ് പി500 സൂചിക 0.1%, നാസ്ഡാക് 0.3% എന്നിങ്ങനെ ഉയർന്നു. ഡൗ 0.1% താഴ്ന്നു.
ഏഷ്യൻ വിപണിയിൽ ജാപ്പനീസ് നിക്കേയ് 0.63% താഴ്ന്നു. ഹോങ്കോങ്, ചൈന സൂചികകൾ 1.18% വരെ ഉയർന്നു.
ദക്ഷിണ കൊറിയയുടെ കോസ്പി 1.6% ഉയർന്ന് റെക്കോർഡിട്ടു.
ലോകത്തെ 6 പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ചയാണ് ഇന്നലെ നേരിട്ടത്. ഇൻഡക്സ് 96.16ലേക്ക് താഴ്ന്നു.
2022 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മോശം മൂല്യവുമാണിത്. എന്നാൽ, ഡോളർ ഇപ്പോഴും ശക്തമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് പണനയം പ്രഖ്യാപിക്കും. ട്രംപിന്റെ സമ്മര്ദമുണ്ടെങ്കിലും പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയേറെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

