ഇക്കഴിഞ്ഞ ജൂൺ അവസാനം തന്നെ കേരളത്തിലെ ബാങ്കുകൾ വഴി കൊടുത്തിട്ടുള്ള സ്വർണപ്പണയ വായ്പയുടെ തോത് (ഔട്സ്റ്റാൻഡിങ്) ഒരു ലക്ഷം കോടി രൂപ കടന്നു. മൊത്തം ബാങ്ക് വായ്പകളുടെ 15%. ഒട്ടുമിക്ക സംസ്ഥാനങ്ങളെക്കാൾ ഉയർന്ന തോതിലാണ് കേരളത്തിലെ സ്വർണ വായ്പകൾ.
ഓരോ വർഷവും പത്തിലധികം ശതമാനത്തിലാണ് ഇത്തരം വായ്പകളുടെ വളർച്ച.
ഈ കണക്കിൽ പെടാത്തതാണ് സ്വകാര്യ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ സംസ്ഥാനത്ത് കൊടുക്കുന്ന സ്വർണ വായ്പകൾ. ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ സ്വർണാഭരണ വ്യാപാര സ്ഥാപനങ്ങളും സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
പല സ്ഥലങ്ങളിലും സ്വർണാഭരണ കടകളും സ്വർണ വായ്പ കൊടുക്കുന്ന സ്ഥാപനങ്ങളും തോളോടുതോൾ ചേർന്നാണ് നിൽക്കുന്നത്. രണ്ടു സ്ഥലത്തും നല്ല തിരക്കും.
മലയാളിക്ക് കനകം ഒരു കരുതൽ ശേഖരവും, കല്യാണാവശ്യവും മാത്രമല്ല ഏതു കുടുംബച്ചെലവിനും ഉതകുന്ന കാമധേനു കൂടിയാണ്.
സ്വർണ വായ്പയുടെ നേട്ടം എന്തൊക്കെ? എന്തുകൊണ്ട് ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വളരെപ്പെട്ടെന്ന് താരതമ്യേന കുറഞ്ഞ പലിശ നിരക്കിൽ ഈ വായ്പകൾ കൊടുക്കുന്നു? വായ്പ എടുക്കുന്നവർ എന്തെല്ലാം കരുതൽ എടുക്കണം? സ്വർണ വായ്പയെക്കുറിച്ച് ആർബിഐ നിർദേശങ്ങൾ എന്തൊക്കെ? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
ബാങ്കുകളെ സമീപിച്ചാൽ ഏറ്റവും എളുപ്പത്തിൽ കിട്ടുന്ന വായ്പയാണ് സ്വർണപ്പണയ വായ്പ. പണയപ്പെടുത്തുന്ന സ്വർണത്തിന്റെ മാറ്റും തൂക്കവും നോക്കി വിപണിയിലെ വിലയ്ക്ക് ആനുപാതികമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള തുക വളരെപ്പെട്ടെന്നു തന്നെ വായ്പയായി അനുവദിക്കുന്നു.
സാധാരണ മറ്റു വായ്പകൾക്കുള്ള നൂലാമാലകൾ ഒന്നുമില്ല. ബാങ്കുകാർ കുറെ നടത്തിച്ചു എന്ന പ്രശ്നം ഇവിടെ നേരിടേണ്ടി വരുന്നില്ല.
കൂടാതെ, ഭവന വായ്പ അല്ലെങ്കിൽ വാഹന വായ്പ എന്നിവയ്ക്ക് നൽകേണ്ട മാർജിനു വേണ്ടിയും (15% ഒക്കെ വരുന്ന ഇടപാടുകാരന്റെ പങ്ക്) സ്വർണപ്പണയ വായ്പ ഉതകുന്നു.
കൈയിലുള്ള സ്വർണം പണയപ്പെടുത്തി പുതിയ ആഭരണങ്ങൾ വാങ്ങുന്നവരുമുണ്ടാകാം.
തിരിച്ചടച്ചുകഴിഞ്ഞാൽ കുടുംബത്തിന്റെ സ്വർണശേഖരം വർധിക്കുന്നു. ഫലത്തിൽ സ്വർണാഭരണം വാങ്ങാനുള്ള വായ്പയായി മാറുന്നു ഇത്തരം ഇടപാട്. സ്വർണവായ്പ പലിശ നിരക്കാണെങ്കിൽ മറ്റേതു വായ്പയെക്കാളും കുറവാണ്.
വ്യക്തിഗത വായ്പകൾക്ക് ഏറ്റവും കുറഞ്ഞത് 11 ശതമാനമെങ്കിലും പലിശയുള്ളപ്പോൾ സ്വർണ വായ്പയ്ക്ക് 8.5% ഒക്കെയേയുള്ളൂ. ഇതിന്റെ പ്രധാനപ്പെട്ട
കാരണം സ്വർണ വായ്പയ്ക്ക് ബാങ്കുകൾ മൂലധനമൊന്നും നീക്കിയിരുത്തേണ്ട എന്ന ആർബിഐ നിർദേശം തന്നെയാണ്.
സാധാരണ മറ്റേതു വായ്പയ്ക്കും 9% ആണ് മൂലധന നീക്കിയിരുപ്പ് (ക്യാപ്പിറ്റൽ അഡിക്വസി) വേണ്ടത്. മറ്റൊരാസ്തിക്കും റിസർവ് ബാങ്ക് ഈ പരിഗണന കൊടുത്തിട്ടില്ല.
നിക്ഷേപത്തിനെതിരെ കൊടുക്കുന്ന വായ്പ പോലെയാണ് സ്വർണപ്പണയ വായ്പകളും കണക്കാക്കപ്പെടുന്നത്.
പെട്ടെന്ന് കിട്ടുന്നതാണെങ്കിലും ഇടപാടുകാർ കരുതേണ്ട കാര്യം തിരിച്ചടവിനു വേണ്ടിവരുന്ന തുക തന്നെ.
മാസ വരുമാനത്തിന്റെ മൂന്നിൽ ഒന്നിൽ കവിയാതിരിക്കണം ആകെ എടുത്തിട്ടുള്ള മുഴുവൻ വായ്പകൾക്കും തിരിച്ചടവിന് വേണ്ടി വരുന്ന തുക. ഈ കണക്കിൽ നിൽക്കാത്ത വായ്പകളാണു മിക്കവാറും കുടുംബങ്ങൾക്കും തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുന്നത്.
റിസർവ് ബാങ്ക് അടുത്തകാലത്തു സ്വർണപ്പണയ വായ്പാ നിർദേശങ്ങൾ ഉദാരമാക്കി.
പണയപ്പെടുത്തുന്ന സ്വർണത്തിന്റെ 85% വരെ ബാങ്കുകൾക്ക് വായ്പ നൽകാം. നേരത്തെ ഇത് 75% മാത്രമായിരുന്നു.
പൊന്നിന്റെ ഈ വർഷത്തെ വിലക്കുതിപ്പാകട്ടെ സ്വർണം കൈയിലുള്ളവർക്കും പണയപ്പെടുത്തിയവർക്കും ഒരുപോലെ ഗുണകരം. പണയപ്പെടുത്തുന്ന സമയത്തുള്ളതിനെക്കാൾ നല്ല വില വ്യത്യാസം സ്വർണത്തിന് ഇപ്പോഴുണ്ടെങ്കിൽ, വായ്പ പുതുക്കിയെടുത്താൽ കൂടുതൽ തുകയും കിട്ടും.
(പ്രമുഖ ബാങ്കിങ് വിദഗ്ധനാണ് ലേഖകൻ) ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

