കൊച്ചി∙ ആഭ്യന്തര വരുമാനത്തിൽ (ജിഡിപി) ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്ത് നാലാം സ്ഥാനത്തെത്താൻ ശ്രമം നടത്തുമ്പോഴും  ആളോഹരി വരുമാനത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141. ഐഎംഎഫ് ആളോഹരി റിപ്പോർട്ട് അനുസരിച്ച് ആകെ 197 രാജ്യങ്ങളെ പരിഗണിക്കുമ്പോഴാണ് 141–ാം സ്ഥാനം.

 ആഭ്യന്തര വരുമാനത്തിൽ ലോകത്ത് പത്താം സ്ഥാനത്തുള്ള ബ്രസീലിനു പോലും ആളോഹരി വരുമാനം ഇന്ത്യയെക്കാൾ കൂടുതലുണ്ട്. ഇന്ത്യയുടെ ആളോഹരി വരുമാനം 2,44,800 രൂപ മാത്രമെങ്കിൽ ബ്രസീലിന്റെത് 8,46,600 രൂപയാണ്. ജിഡിപിയിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ആളോഹരി വരുമാനം 75.74 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തുള്ള ചൈനയുടേത് 11.6 ലക്ഷവുമാണ്. ഇന്ത്യ ജിഡിപിയിൽ പിറകിലാക്കിയ ജപ്പാന്റെ ആളോഹരി വരുമാനം 28.8 ലക്ഷം രൂപ. 

Image: Shutterstock/UnImages

എന്താണ് ജിഡിപി

ഒരു രാജ്യത്തെ ഉൽപന്നങ്ങളുടേയും സേവനങ്ങളുടെയും ഒരു വർഷത്തെ ആകെ മൂല്യമാണ് ആഭ്യന്തര വരുമാനം അഥവാ ജിഡിപി. സാധനങ്ങളും സേവനങ്ങളും ഉൽപാദിപ്പിക്കുകയും അവ ഇവിടെ തന്നെ വാങ്ങുകയും ചെയ്യുമ്പോൾ ലഭിക്കുന്ന വരുമാനവും കയറ്റുമതി വരുമാനവും  ചേർന്നുള്ള തുകയാണിത്. 2025ലെ ഐഎംഎഫ് കണക്ക് പ്രകാരം 4.187 ലക്ഷം കോടി രൂപ. ജപ്പാന് അൽപം കുറവേയുള്ളു. 4.186 ലക്ഷം കോടി രൂപ.

ആളോഹരിയിൽ താഴെ

വലിയ ജനസംഖ്യയുടെ ക്രയവിക്രയം മൂലം ജിഡിപി വലുതാകുമ്പോൾ അതുകൊണ്ടു തന്നെ ആളോഹരി വരുമാനം ഇടിയുകയും ചെയ്യുന്നു. ആകെ വരുമാനത്തെ ജനസംഖ്യ കൊണ്ടു ഹരിച്ചു കിട്ടുന്നതാണ് ആളോഹരി. 140 കോടിയിലേറെ ജനം ഉണ്ടാവുമ്പോൾ ആളോഹരി ഇടിയുന്നത് അതുകൊണ്ടാണ്.  വരുമാനത്തിലും ആസ്തിയിലുമുള്ള അന്തരമാണ് ആളോഹരിയിലെ ഇടിവിനു മറ്റൊരു കാരണമായി ആഗോള അസമത്വ ലാബ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

വരുമാന അന്തരം

ബ്രിട്ടീഷ് ഭരണ കാലത്തും ഇന്ത്യയിൽ ഇത്ര വരുമാന അന്തരം ഉണ്ടായിട്ടില്ലെന്ന് അസമത്വ ലാബ് പറയുന്നു. ആകെ വാർഷിക വരുമാനത്തിന്റെ 21% അക്കാലത്ത് ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന മുകൾ തട്ടിലെ 1% പേർ നേടിയിരുന്നെങ്കിൽ ഇന്ന് 22.6% വരുമാനം അവർ നേടുന്നുണ്ട്.

 ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 284 കവിഞ്ഞിട്ടുണ്ട്. 2023ൽ മാത്രം 94 പേർ ശതകോടീശ്വരന്മാരായി. (ആസ്തി 100 കോടി ഡോളറിലേറെ– 8,500 കോടി രൂപ). ഇന്ത്യയിൽ ആകെ ധനത്തിന്റെ 58% മുകൾ തട്ടിലെ 1% പേരിൽ കേന്ദ്രീകരിച്ചിരിക്കുന്നു.  മുകൾ തട്ടിലെ 10% പേരെ കണക്കിലെടുത്താൽ ആകെ ആസ്തിയുടെ 80% അവരുടെ കയ്യിലാണ്. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

India’s GDP surpasses Japan, but its per capita income lags significantly, ranking 141st globally. Learn about India’s income disparity and the reasons behind this economic paradox.