യുഎസിന്റെ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഏഷ്യാ സന്ദർശനത്തിനായി എത്തുന്ന ട്രംപിന്റെ ലക്ഷ്യം ‘ഇരട്ട പരിവേഷം’.
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ചൈനയുടെ സഹായം തേടും. കംബോഡിയ-തായ്ലൻഡ് സമാധാന ഉടമ്പടിക്കും ട്രംപ് സാക്ഷിയാകും.
ഇതുവഴി ‘സമാധാനദൂതൻ’ (പീസ്മേക്കർ) എന്ന പ്രതിച്ഛായ ഉറപ്പിക്കാനാണ് ശ്രമം.
പുറമേ, ചൈനയുമായി വ്യാപാരക്കരാരിൽ എത്താനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. കരാറിലെത്താനുള്ള സാധ്യത വിരളമാണെങ്കിലും വ്യാപാരയുദ്ധത്തിന്റെ ആക്കംകുറയ്ക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കാൻ ഇരുനേതാക്കളും തീരുമാനിച്ചേക്കും.
അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രണം ചൈന ഒഴിവാക്കണമെന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം. മറ്റൊന്ന്, യുഎസിന്റെ സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കണം.
മറ്റു രാജ്യങ്ങൾ വഴി യുഎസിലേക്ക് വേദനസംഹാരിയായ ഫെന്റാനിൽ കടത്തുന്നതും ചൈന അവസാനിപ്പിക്കണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവയ്ക്കും.
തിരികെ, ചൈനയുടെ ആവശ്യം താരിഫിൽ ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയാറാകണം എന്നതായിരിക്കും. നവംബർ ഒന്നിന് നടപ്പാകുംവിധം ചൈനയ്ക്കുമേൽ 155% അധികത്തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
പുറമേ, ചൈനയിലേക്കുള്ള യുഎസിന്റെ സോഫ്റ്റ്വെയർ കയറ്റുമതിയും നിർത്തും. ചൈനയുമായി ഒത്തുതീർപ്പിലെത്തിയാൽ അതു തന്റെ നേട്ടമായി ഉയർത്തിക്കാട്ടാൻ ട്രംപിന് കഴിയും.
യുഎസിൽ നിന്നുള്ള യാത്രയ്ക്കിടെ ദോഹയിൽ ഇറങ്ങുന്ന ട്രംപ് ഖത്തർ ഭരണാധികാരികളെ കാണുന്നുണ്ട്.
മലേഷ്യയിൽ ഇന്നാരംഭിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ട്രംപ് സംബന്ധിക്കും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ട്രംപ് പ്രത്യേകം കാണും.
തുടർന്ന് ദക്ഷിണ കൊറിയയും ജപ്പാനും സന്ദർശിക്കും. ദക്ഷിണ കൊറിയയിൽ വച്ചാണ് ഷിയുമായി കൂടിക്കാഴ്ച.
തുടർന്ന് ജപ്പാനിലെത്തുന്ന ട്രംപ്, ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സനയ് തകയ്ചിയുമായും ചർച്ച നടത്തും. ഈ ചർച്ചകൾ വഴി ‘മണിമേക്കർ’ എന്ന പരിവേഷവും സ്വന്തമാക്കുകയാണ് ട്രംപിന്റെ മോഹം.
റഷ്യ-യുക്രെയ്ൻ പോരാട്ടം രൂക്ഷം
റഷ്യയും യുക്രെയ്നും തമ്മിലെ സംഘർഷം അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെല്ലാം പാളുന്നത് ട്രംപിനെ അമർഷത്തിലാക്കിയിട്ടുണ്ട്.
റഷ്യയിലെ 2 വമ്പൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയതും ഇതിന്റെ ഭാഗമായിരുന്നു. ഉപരോധത്തിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നത് പുനരാലോചിക്കാൻ ഇന്ത്യൻ, ചൈനീസ് കമ്പനികൾ തീരുമാനിച്ചിരുന്നു.
ഇതിനിടെ, റഷ്യയിലെ നാലാമത്തെ വലിയ എണ്ണ റിഫൈനറിയായ റ്യാസൻ ഓയിൽ റിഫൈനറി ഡ്രോൺ ഉപയോഗിച്ച് യുക്രെയ്ൻ തകർത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ റിഫൈനറി പ്രതിവർഷം ഏതാണ്ട് 40 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ളതാണ്. ആക്രമണത്തിൽ സാരമായ നാശനഷ്ടം ഉണ്ടായതിനാൽ പ്രതിദിനം 80,000 ബാരൽ ക്രൂഡോയിലിന്റെ വിതരണം തടസ്സപ്പെട്ടേക്കും.
വെടിനിർത്തലിന് സജ്ജമാകാത്ത റഷ്യയുടെ, വരുമാനത്തിന്റെ മുഖ്യസ്രോതസ്സുകളായ എണ്ണ റിഫൈനറികളും ടാങ്കറുകളും പൈപ്പ്ലൈനുകളും ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇപ്പോൾ യുക്രെയ്ൻ പ്രധാനമായും നടത്തുന്നത്.
പല റിഫൈനറികളും പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ റഷ്യയിൽ പെട്രോൾ, ഡീസൽ ക്ഷാമവും രൂക്ഷമായിട്ടുണ്ട്. പല പെട്രോൾ പമ്പുകളിലും റേഷൻ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇന്ധന വിതരണം.
പരസ്യത്തിൽ വെട്ടിലായി; കാനഡയ്ക്ക് അധികച്ചുങ്കം
ഇറക്കുമതി തീരുവയ്ക്കെതിരെ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ സംസാരിക്കുന്നുവെന്ന് വ്യക്തമാക്കി അമേരിക്കൻ ടിവി ചാനലുകളിലും മറ്റും കാനഡ സംപ്രേഷണം ചെയ്ത പരസ്യത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഡോണൾഡ് ട്രംപ്.
കാനഡയുമായുള്ള എല്ലാ വ്യാപാരക്കരാർ ചർച്ചകളും വേണ്ടെന്നുവച്ച ട്രംപ്, അധികമായി 10% തീരുവയും പ്രഖ്യാപിച്ചു. കാനഡ നിലവിൽ നൽകുന്നത് 35% തീരുവയാണ്.
പുറമേ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50% തീരുവയുമുണ്ട്. ഇനിമുതൽ ഇത് യഥാക്രമം 45%, 60% എന്നിങ്ങനെയാകും.
റൊണാൾഡ് റീഗൻ തീരുവയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും കാനഡയുടേത് എഐ ഉപയോഗിച്ചുള്ളതോ മറ്റോ തട്ടിപ്പ് പരസ്യമാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
പരസ്യം പിൻവലിക്കാമെന്ന് കാനഡ പിന്നീട് വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും യുഎസുമായി വൈകാതെ വ്യാപാരക്കരാരിൽ ഒപ്പുവയ്ക്കാനാകുമെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതികരിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

