ഇന്ത്യയുടെ ഓഹരി വിപണിയിൽ വീണ്ടുമൊരു ‘കൊറിയൻ ഡ്രാമ’ അരങ്ങേറുന്നു. ഹ്യുണ്ടായിക്ക് പിന്നാലെ എൽജി ഇലക്ട്രോണിക്സും ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്.
ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) കമ്പനി നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇടക്കാലത്ത് നടപടികൾ നിർത്തിവച്ചിരുന്നു. എന്നാലിപ്പോൾ ഐപിഒ ലക്ഷ്യം വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് എൽജി.
അടുത്തമാസം ആദ്യവാരം ഐപിഒ പ്രതീക്ഷിക്കാം.11,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.
ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലിയ ഐപിഒ അവതരിപ്പിച്ച് മികവ് പ്രകടിപ്പിക്കാനാണ് എൽ ജി ഒരുങ്ങുന്നത്. വമ്പന്മാരാണെങ്കിലും ദക്ഷിണ കൊറിയൻ കമ്പനികളുടെ പോരായ്മയെന്ന് വിശേഷപ്പിക്കാവുന്ന ‘കൊറിയൻ ഡിസ്കൗണ്ട്’ എൽജിക്ക് ഇന്ത്യയിൽ നേരിടേണ്ടി വരുമോ എന്നാണ് കോർപ്പറേറ്റ് മേഖല ഉറ്റുനോക്കുന്നത്.
കൊറിയൻ കമ്പനികൾ വിദേശത്തെ ഉപസ്ഥാപനങ്ങളുടെ ഐപിഒ നടത്തുന്നത് ഈ ‘കൊറിയൻ ഡിസ്കൗണ്ട്’ കാരണമാണെന്നാണ് പറയപ്പെടുന്നത്. ഈ കമ്പനികൾ ഇന്ത്യയില്‍ ഐപിഒയ്ക്ക് പ്രാധാന്യം നൽകുന്നതും അക്കാരണം തന്നെ.
എന്താണ് ‘കൊറിയൻ ഡിസ്കൗണ്ട്’?
കൊറിയൻ കമ്പനികൾ സ്വരാജ്യത്ത് നേരിടുന്ന ‘കൊറിയൻ ഡിസ്കൗണ്ട്’ എന്താണ്? ദക്ഷിണ കൊറിയയിൽ ഹ്യുണ്ടായിക്കും എൽജിക്കും സാംസംങ്ങിനുമൊക്കെ ഓഹരിമൂല്യം തീരെക്കുറവാണ്.
അതായത്, അവയുടെ ഓഹരി വില അത്ര ആകർഷകമല്ല. ഉത്തര കൊറിയയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ, സ്വന്തം രാജ്യത്തെ ഭരണപരമായ നയങ്ങൾ എന്നിങ്ങനെ ഇതിന് പല കാരണങ്ങളുണ്ട്.
കൊറിയൻ ഡിസ്കൗണ്ട് അഥവാ കൊറിയയിലെ കുറഞ്ഞമൂല്യം എന്ന ഈ പ്രശ്നത്തിൽ നിന്ന് കരകയറാനും ഉയർന്ന മൂല്യം നേടാനുമുള്ള മാർഗങ്ങളിലൊന്നാണ് കമ്പനികൾക്ക് വിദേശ വിപണികളിലെ ഐപിഒ.
ഇന്ത്യയിൽ ഉയർന്ന മൂല്യം പ്രതീക്ഷിച്ചാണ് ഹ്യുണ്ടായിയെ പോലെ എൽജിയും ഇവിടെ ഐപിഒ നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദങ്ങളിലെ വരുമാനം വിലയിരുത്തിയാൽ ഹ്യുണ്ടായിയുടെ പ്രൈസ് ടു ഏണിങ്സ് (പിഇ വാല്യൂവേഷൻ) 26 മടങ്ങായിരുന്നു (26x).
അതേസമയം, മാതൃകമ്പനിയായ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷന് കൊറിയയിൽ 5x മാത്രമേയുണ്ടായിരുന്നുള്ളു. ഇക്കാലയളവിൽ ഇന്ത്യയിലെ എതിരാളികളായ മാരുതി സുസുക്കിക്ക് ഇത് 30.4x, മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 37x, ടാറ്റ മോട്ടോഴ്സിന് 11.4x എന്നിങ്ങനെയായിരുന്നു പിഇ.
ഐപിഒയ്ക്കുള്ള തയാറെടുപ്പ്
ദക്ഷിണ കൊറിയൻ വമ്പന്മാരായുള്ള സാംസങ്, ഹ്യുണ്ടായ് തുടങ്ങിവര്ക്കെല്ലാമുള്ള കൊറിയൻ ഡിസ്കൗണ്ട് എൽജിയ്ക്കുമുണ്ട്.
ഓഹരി വിപണിയിൽ നിക്ഷേപകർ കണക്കിലെടുക്കുന്ന പോരായ്മയാണിത്. എൽജിയുടെ ഇന്ത്യൻ വിപണി പ്രവേശനത്തിലും ഇത് പ്രതിഫലിക്കുമോ എന്നാണറിയേണ്ടത്.
2024 ഡിസംബറിൽ പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ സമർപ്പിച്ച കമ്പനി വിപണിയിലെ അനിശ്ചിതാവസ്ഥ മാറാൻ കാത്തിരിക്കുകയായിരുന്നു. വിപണി സ്ഥിരതയാര്ജിച്ചില്ലെങ്കിലും ഇപ്പോഴത്തെ ഐപിഒ രംഗത്തെ പ്രകടനം കണക്കിലെടുത്താണ് ഐപിഒ നീക്കവുമായി കമ്പനി മുന്നേറുന്നത്.
എല്‍ജി 101.82 ദശലക്ഷം ഓഹരികള്‍ വില്‍ക്കാനാണ് നീക്കം നടത്തുന്നത്.
ഐപിഒ പൂർണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) ആയിരിക്കുമെന്നാണ് അറിയുന്നത്. ഒഎഫ്എസ് വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും ആയിരിക്കും ഓഹരി വില്‍പ്പന നടത്തുന്നത്.
ഇന്ത്യൻ കമ്പനിയിലെ 10.2 കോടി ഓഹരികളാണിങ്ങനെ വിറ്റഴിക്കാനുദ്ദേശിക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആന്ധ്രയിൽ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിനായി 60 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷമാണ് ഐപിഒ നടത്തിയത്.
ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ ഐപിഒ ആയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]