
ആഗോളതലത്തിൽ സ്വർണവിലയുടെ കുതിപ്പിന് വഴിയൊരുക്കി യുഎസിൽ ‘പലിശ’ത്തർക്കം മുറുകുന്നു. ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റശേഷം യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറഞ്ഞിട്ടില്ല.
ട്രംപിന്റെ സാമ്പത്തിക നയങ്ങൾ യുഎസിന് തിരിച്ചടിയാണെന്നും പണപ്പെരുപ്പം കൂടുമെന്നുമാണ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ വാദം. പണപ്പെരുപ്പം കുറഞ്ഞാലേ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്നും സെപ്റ്റംബറോടെയേ ഇക്കാര്യത്തിൽ തീരുമാനമാകൂ എന്നും പവൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പലിശനിരക്ക് കുറയ്ക്കാതെ കടുംപിടിത്തം തുടരുന്ന പവലിനെ ട്രംപ് പലതവണ ‘വിഡ്ഢി’ എന്ന് പരസ്യമായി വിളിക്കുകയും അമേരിക്കയുടെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നയാൾ എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. 2026 പാതിവരെ പവലിന് ഗവർണർ പദവിയിൽ കാലാവധിയുണ്ട്.
എന്നാൽ, പവലിനെ ഉടൻ പുറത്താക്കി, തന്റെ വിശ്വസ്തരിൽ ഒരാളെ പകരം നിയമിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. ട്രംപിന്റെ ഈ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഡോളറും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി യീൽഡ്) നിലംപൊത്തിയത് സ്വർണത്തിന് കുതിക്കാനുള്ള അവസരമാണ്.
മാത്രമല്ല, പലിശനിരക്ക് കുത്തനെ കുറയ്ക്കണമെന്ന നിലപാടുള്ളയാൾ ഗവർണർ ആയാൽ സ്വർണത്തെ കാത്തിരിക്കുന്നതും വൻ കുതിച്ചുചാട്ടമായിരിക്കും. കാരണം, പലിശ കുറയുമ്പോൾ യുഎസ് ട്രഷറി യീൽഡും കുറയും.
അതോടെ അവയിലെ നിക്ഷേപം അനാകർഷകമാകും. പണമൊഴുക്ക് കുറയും.
ഇത് ഡോളറിനെയും തളർത്തും. ഫലത്തിൽ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് പണമൊഴുകുകയും വില കൂടുകയും ചെയ്യും.
രാജ്യാന്തര സ്വർണവില നിലവിൽ വ്യാപാരം ചെയ്യുന്നത് 5 ഡോളർ മാത്രം ഉയർന്ന് ഔൺസിന് 3,336 ഡോളറിൽ. ട്രംപ്-പവൽ തർക്കം, ഈയാഴ്ച പുറത്തുവരുന്ന പണപ്പെരുപ്പക്കണക്ക് എന്നിവയിലേക്ക് ഉറ്റുനോക്കുകയാണ് സ്വർണ വിപണി.
പലിശത്തർക്കം മുറുകിയാലോ പണപ്പെരുപ്പം കുറഞ്ഞ് പലിശനിരക്ക് കുറയാനുള്ള വഴിതെളിഞ്ഞാലോ സ്വർണവില ഉയരങ്ങളിലേക്ക് നീങ്ങും. കേരളത്തിൽ വില മാറിയില്ല കേരളത്തിൽ ഇന്ന് സ്വർണവില മാറിയില്ല.
രാജ്യാന്തര വില നേട്ടം നിജപ്പെടുത്തിയതും കേരളത്തിലെ വിലയെ സ്വാധീനിക്കുന്ന മുംബൈ വിപണിവില, ബാങ്ക് റേറ്റ് എന്നിവയിൽ കാര്യമായ മാറ്റമില്ലാത്തതും ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടതുമാണ് കേരളത്തിൽ സ്വർണവില കൂടാതെ നിൽക്കാൻ സഹായിച്ചത്. Image: Shutterstock/Akshay Ambadi
ഗ്രാമിന് 9,070 രൂപയിലും പവന് 72,560 രൂപയിലുമാണ് ഇന്നും വ്യാപാരം.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 7,475 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 118 രൂപയായി.
അതേസമയം, ചില ജ്വല്ലറികളിൽ 18 ഗ്രാം സ്വർണത്തിനു വില 7,440 രൂപയാണ്. വെള്ളി വില ഗ്രാമിന് 116 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]