ഉറപ്പുള്ള ജോലി; നാട്ടിൽ കിട്ടുന്നതിനേക്കാൾ പതിന്മടങ്ങ് ശമ്പളം. വിദേശത്ത് ജോലി മോഹിച്ച് ഇന്ത്യൻ നഴ്സുമാർ പറക്കുന്നു. ഇരുകൈയും നീട്ടി സ്വീകരിക്കാൻ ജർമനിയും അയർലൻഡും യുഎഇയുമൊക്കെ ക്യൂ നിൽക്കുകയാണ്. ഇന്ത്യയിൽ സ്വകാര്യ ആശുപത്രികൾ ശരാശരി 20,000 രൂപ മുതൽ 40,000 രൂപവരെ പ്രതിമാസം ശമ്പളം നൽകുമ്പോൾ യുഎഇയിലും ജർമനിയിലുമൊക്കെ രണ്ടര ലക്ഷവും 3 ലക്ഷവുമൊക്കെയാണ് വാഗ്ദാനം. 

ആഗോളതലത്തിൽ ആരോഗ്യരക്ഷാ മേഖലയിലെ ജീവനക്കാരുടെ കുറവുമൂലം ഇന്ത്യൻ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ജർമനി, അയർലൻഡ്, ബെൽജിയം, മാൾട്ട, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വലിയ താൽപര്യം കാട്ടുകയാണെന്ന് ബോർഡർപ്ലസ് എന്ന വർക്ക്ഫോഴ്സ് മൊബിലിറ്റി പ്ലാറ്റ്ഫോമിൽ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് പദ്ധതിയായ ‘ട്രിപ്പിൾ വിൻ കേരള’ അടുത്തിടെ ജർമനിയിലേക്കുള്ള 250 നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 38 വയസ്സു പ്രായപരിധിയിലായിരുന്നു ഇത്. 2,300 യൂറോ മുതൽ 2,900 യൂറോ വരെയായിരുന്നു ശമ്പള വാഗ്ദാനം. അതായത്, 2.61 ലക്ഷം രൂപ മുതൽ 2.80 ലക്ഷം രൂപവരെ.

ക്രിട്ടിക്കൽ കെയർ, പാരന്റൽ കെയർ തുടങ്ങിയ വിഭാഗങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് വലിയ ഡിമാൻഡുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. നഴ്സുമാരെ ആകർഷിക്കാനായി നിരവധി രാജ്യങ്ങൾ വീസ, ഭാഷ, ലൈസൻസിങ് പരീക്ഷ തുടങ്ങിയ ചട്ടങ്ങളിൽ ഇളവും വരുത്തിയിട്ടുണ്ട്. ജർമനി പ്രാരംഭ പ്രതിമാസ വേതനമായി 2.6 ലക്ഷം മുതൽ 3.2 ലക്ഷം രൂപവരെയാണ് നഴ്സുമാർക്ക് വാഗ്ദാനം ചെയ്യുന്നത്. 1.7 മുതൽ 2.5 ലക്ഷം രൂപവരെയ അയർലൻഡ് നൽകുന്നു.

മാൾട്ടയും ബെൽജിയവും അയർലൻഡിന് സമാനമായ പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. യുഎഇയിൽ 75,000 രൂപ മുതൽ 2.4 ലക്ഷം രൂപവരെയും. ജർമനിക്ക് ഈ വർഷം മാത്രം 1.50 ലക്ഷം നഴ്സുമാരെ ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ. 2030ഓടെ 5 ലക്ഷം നഴ്സുമാരെ റിക്രൂട്ട് ചെയ്യാനും ജർമനി ലക്ഷ്യമിടുന്നുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

High Salaries Lure Indian Nurses Abroad: Germany and UAE Lead the Way.