
ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി അടുത്ത കാലത്തായി ആഡംബര ഭവന വിഭാഗത്തിൽ നല്ല വളർച്ച കാണിക്കുന്നുണ്ട്. 2024 ജനുവരി മുതൽ ഒക്ടോബർ വരെ, മുംബൈ, ഗുഡ്ഗാവ്, ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രം കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നു. 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആഡംബര യൂണിറ്റുകളുടെ ആകെ വിൽപ്പന12,625 ആയി ഉയർന്നുവെന്നാണ് കണക്കുകൾ.
2019 മുതൽ 2024 വരെ 2 കോടി മുതൽ 5 കോടി രൂപ വരെ വിലയുള്ള അപ്പാർട്ടുമെന്റുകളുടെ വിൽപ്പന 400% വർദ്ധിച്ചു എന്നാണ് ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാരായ നൈറ്റ് ഫ്രാങ്കിന്റെ ഡാറ്റയിൽ കാണിക്കുന്നത്. 2024ൽ മാത്രം 82% വർധനവാണിത്. 1–10 കോടി രൂപ വിലയുള്ള ഫ്ളാറ്റുകളുടെയും വീടുകളുടെയും വില്പനയും കുത്തനെ കൂടുകയാണ്. 20 കോടി രൂപയ്ക്ക് മുകളിൽ വിലയുള്ള വീടുകളുടെ അൾട്രാ ആഡംബര വിഭാഗവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ഇവയുടെ വിൽപ്പന 270% വർദ്ധിച്ചു. മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ വിപണികളിൽ ഈ കുതിപ്പ് പ്രകടമാണ്.
40 കോടി രൂപയിൽ കൂടുതൽ വിലയുള്ള സൂപ്പർ ആഡംബര വീടുകളുടെ ആവശ്യം 2024 ൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതായി അനറോക്കിന്റെ റിപ്പോർട്ട് കാണിക്കുന്നു. വിറ്റഴിക്കപ്പെട്ട 59 അൾട്രാ ആഡംബര പ്രോപ്പർട്ടികളിൽ, മുംബൈയിൽ 52 യൂണിറ്റുകൾ 40 കോടി രൂപയിൽ കൂടുതൽ വിലയുള്ളവയാണ്.
ആഡംബര വീടുകൾക്ക് ഡിമാന്റേറെ
ഡിസ്പോസിബിൾ വരുമാനം വർധിക്കുന്നതും അതിസമ്പന്നരുടെ എണ്ണം ഉയരുന്നതും ഇന്ത്യയിലെ ആഡംബര ഭവനങ്ങളുടെ വില്പന കൂടുന്നതിന് കാരണമാകുന്നുണ്ട്. പ്രൊഫഷണലുകളും സംരംഭകരും കൂടുതൽ സമ്പത്ത് സൃഷ്ടിക്കുന്നതിനാൽ അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ വീടുകൾ വാങ്ങുന്നതും പ്രീമിയം ആഡംബര ഭവനങ്ങളുടെ വിൽപ്പന കൂട്ടുന്നു. ഓഹരി വിപണിയിൽ നിന്ന് ഉണ്ടാക്കുന്ന വരുമാനമാണ് ഇന്ത്യയിലെ ആഡംബര ഭവനങ്ങളുടെ വില്പന കൂട്ടിയ ഒരു ഘടകം എന്ന് നൈറ്റ് ഫ്രാങ്ക് പറയുന്നു.
ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ കൂടുതലും അതിസമ്പന്നരായതിനാൽ അവർക്ക് അതിൽനിന്നും കൂടുതൽ നേട്ടമെടുക്കാൻ സാധിക്കുന്നുണ്ട്. സമ്പന്നർക്ക് വീട് വാങ്ങുമ്പോൾ ‘ലൊക്കേഷൻ’ വളരെ പ്രധാനപ്പെട്ട ഘടകമായതിനാൽ കൂടുതൽ ആഡംബര താമസസ്ഥലങ്ങൾ വിറ്റു പോകാൻ എളുപ്പമാണ് എന്നും റിപ്പോർട്ടുകളുണ്ട്. ‘പ്രസ്റ്റീജിന് ‘ വേണ്ടി ഭവനങ്ങൾ വാങ്ങുമ്പോൾ ഇന്ത്യയിൽ അത്യാഡംബര ഭവന വിപണി മുന്നും പിന്നും നോക്കാതെ വളരുകയാണ്.
ആഗോളതലത്തിലും മുന്നിൽ
നൈറ്റ് ഫ്രാങ്കിന്റെ ‘പ്രൈം ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 ലെ നാലാം പാദം’ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ആഡംബര ഭവന വിപണി കുതിച്ചുയരുകയാണ്. ‘പ്രൈം റസിഡൻഷ്യൽ വില വളർച്ചയുടെ’ ആഗോള റാങ്കിങിൽ ഡൽഹി ആറാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ലോകമെമ്പാടുമുള്ള 44 നഗരങ്ങളിലെ ഉയർന്ന നിലവാരമുള്ള റസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ നിരീക്ഷിക്കുന്ന സൂചിക, കഴിഞ്ഞ വർഷം ഡൽഹിയിൽ ആഡംബര ഭവന വിലയിൽ 6.7 ശതമാനം വർധനവ് വെളിപ്പെടുത്തി.
കഴിഞ്ഞ ഡിസംബർ പാദത്തിൽ ആഗോള സൂചികയിൽ ന്യൂഡൽഹി 16-ാം സ്ഥാനത്തായിരുന്നു. എക്സ്ക്ലൂസീവ് പ്രോപ്പർട്ടികൾ അന്വേഷിക്കുന്ന ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിച്ചതാണ് ഡൽഹിയെ ആദ്യ പത്തിൽ എത്തിക്കാൻ സഹായിച്ചത്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ കുതിപ്പിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭൂമിയുടെ ലഭ്യതക്കുറവ് മത്സരം രൂക്ഷമാക്കിയിട്ടുണ്ടെന്നും ഇത് വിലകൾ ഇനിയും ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ.