
തങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യം റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ രണ്ടാമത്തെ റിപോ നിരക്കു കുറയ്ക്കല്‍ പ്രഖ്യാപിച്ച ഏപ്രില്‍ ഒന്‍പതു മുതല്‍ പലരും ചോദിക്കുന്നുണ്ട്. രണ്ടാമത്തെ നിരക്കു കുറയ്ക്കലോടെ ആറു പോയിന്റിലെത്തിയ റിപോ നിരക്കുകളുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും കുറയുമെന്നതു തന്നെയാണ് ഈ ആശങ്കയ്ക്കു പിന്നില്‍. പല ബാങ്കുകളും നിക്ഷേപ പലിശ നിരക്കു കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു തുടങ്ങിയിട്ടുമുണ്ട്. അതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ചോദ്യം കൂടുതല്‍ ശക്തമായിട്ടുണ്ട്.
സ്ഥിര നിക്ഷേപങ്ങള്‍ ഇപ്പോഴും എപ്പോഴും ആകര്‍ഷകം
സ്ഥിര നിക്ഷേപങ്ങള്‍ ഇപ്പോഴുമെന്നല്ല എപ്പോഴും ആകര്‍ഷകം തന്നെ എന്നതാണ് ഈ സംശയങ്ങള്ക്കിടെയും ആദ്യം മനസിലാക്കേണ്ടത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിച്ചത് എന്ന ചോദ്യം സ്വയം ചോദിച്ചു നോക്കുക.
∙കൃത്യമായി പ്രവചിക്കാനാവുന്ന ഏതാണ്ട് നൂറു ശതമാനം വിശ്വസനീയമായ റിട്ടേണ്‍ ലഭിക്കുന്നു എന്നതാണ് സ്ഥിര നിക്ഷേപത്തിന്റെ ആകര്‍ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. റിപ്പോ നിരക്കിലെ വ്യത്യാസത്തിന്റെ പശ്ചാത്തലത്തിലും സ്ഥിര നിക്ഷേപങ്ങളുടെ ആ സവിശേഷതയ്ക്ക് മാറ്റമൊന്നുമില്ല.
∙വിശ്വസനീയതയാണ് അടുത്ത പ്രധാന ഘടകങ്ങളിലൊന്ന്. പ്രധാനമായും ബാങ്കുകളില്‍, അല്ലെങ്കില്‍ അതിനു സമാനമായ വിശ്വസനീയമായ സ്ഥാപനങ്ങളിലാണല്ലോ നമ്മുടെ സ്ഥിര നിക്ഷേപങ്ങള്‍. ഈയൊരു ഘടകവും സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍ സുസ്ഥിരതയോടെ തുടരുകയാണ്.
∙നമ്മുടെ ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് സൗകര്യപ്രദമായ കാലത്തേക്കു നിക്ഷേപം നടത്താം എന്നതും സ്ഥിര നിക്ഷേപങ്ങളുടെ നേട്ടമാണ്. ഇവയെല്ലാം സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമായി നിലനിർത്തുന്നു.
നിങ്ങള്‍ക്കു കിട്ടുന്ന പലിശ കുറയുമോ?
ഫെബ്രുവരിയിലേയും ഏപ്രിലിലേയും റിപോ നിരക്കു കുറയ്ക്കലുകളുടെ തുടര്‍ച്ചയായി പല ബാങ്കുകളും പലിശ നിരക്കു കുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബാക്കി ബാങ്കുകളും ഇതേ രീതി തന്നെയാവും വരും ദിവസങ്ങളില്‍ പിന്തുടരുക. പക്ഷേ, അതിന്റെ ഫലമായി നിങ്ങളുടെ നിലവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വ്യത്യാസം ഉണ്ടാകില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. പലിശ നിരക്കില്‍ കുറവുണ്ടാകുമ്പോഴും നിങ്ങളുടെ നിലവിലെ സ്ഥിര നിക്ഷേപത്തിന് അങ്ങനെ കുറച്ച പുതിയ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ലഭിക്കുക. ഇതിനിടെ ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. കുറഞ്ഞ പലിശ നിരക്ക് ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലാത്ത ബാങ്കുകളിലേയോ ധനകാര്യ സ്ഥാപനങ്ങളിലേയോ നിങ്ങളുടെ സ്ഥിര നിക്ഷേപങ്ങള്‍ സമീപ ഭാവിയില്‍ കാലാവധിയെത്തുന്നവയാണെന്നു കരുതുക. അവ പുതുക്കി നിക്ഷേപിക്കുമ്പോള്‍ പുതിയ കുറഞ്ഞ പലിശ നിരക്കാവും ബാധകമാകുക. ഇതു മറികടക്കാനായി ഇപ്പോള്‍ തന്നെ നിലവിലെ സ്ഥിര നിക്ഷേപം പിന്‍വലിച്ച് പുതിയ നിക്ഷേപം ആരംഭിക്കാം. അങ്ങനെ ചെയ്യുമ്പോള്‍ നിലവിലുള്ള പലിശ നിരക്കില്‍ കൂടുതല്‍ കാലത്തേക്കു തുടരാനാവും. എങ്കിലും ഇപ്പോഴത്തെ നിക്ഷേപം കാലാവധി എത്തുന്നതിനു മുന്നേ പിന്‍വലിക്കുന്നതു മൂലമുള്ള പിഴ എത്രയെന്നത് പരിശോധിക്കണം. ഇങ്ങനെ നിങ്ങള്‍ക്കു ബാധകമാകുന്ന പിഴയും നിക്ഷേപത്തില്‍ നിന്നു ലഭിക്കുന്ന പലിശയുമെല്ലാം താരതമ്യം ചെയ്ത് നേട്ടമാണെങ്കില്‍ മാത്രമേ ഇത്തരമൊരു നീക്കത്തിനു മുതിരാവൂ.
നേരത്തെയുള്ള പിന്‍വലിക്കലിന്റെ പിഴ ഒഴിവാക്കാം
ഇപ്പോഴത്തെ നിക്ഷേപങ്ങള്‍ കാലാവധിക്കു മുന്നേ പിന്‍വലിച്ചാല്‍ മിക്കവാറും പിഴ, അല്ലെങ്കില്‍ പലിശ കുറയ്ക്കല്‍ ബാധകമാകും. അതൊഴിവാക്കാനാകില്ല. പക്ഷേ, ഭാവിയില്‍ അത്തരമൊരു സാഹചര്യം ഇല്ലാതാക്കാന്‍ എന്തു ചെയ്യാനാവും? മുഴുവന്‍ തുകയും ഒറ്റ സ്ഥിര നിക്ഷേപമാക്കാതെ വിവിധ നിക്ഷേപങ്ങളാക്കുക എന്നത് ഇവിടെ പ്രായോഗികമായ ഒരു രീതിയാണ്. ഉദാഹരണത്തിന് നിങ്ങള്‍ 20 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മൂന്നു വര്‍ഷത്തേക്കു നടത്തുന്നതിനു പകരം അത് അഞ്ചു ലക്ഷം രൂപയുടെ നാലു നിക്ഷേപങ്ങളാക്കുകയും അവയില്‍ ചിലതെങ്കിലും മൂന്നു വര്‍ഷത്തിനു പകരം രണ്ടു വര്‍ഷമോ രണ്ടര വര്‍ഷമോ എല്ലാമായി നിശ്ചയിക്കുകയും ചെയ്യുക. അഞ്ചു ലക്ഷം രൂപയുടെ ഒരു നിക്ഷേപം പിന്നെയും വിഭജിച്ച് കുറച്ചു കൂടി ചെറിയ തുകകളാക്കി വിവിധ കാലയളവുകളിലെ സ്ഥിര നിക്ഷേപമാക്കുന്നതും ആലോചിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കാലവധിക്കു മുന്നേ എന്തെങ്കിലും അടിയന്തര ആവശ്യം വന്നാല്‍ കുറച്ചു തുക മാത്രമായി പിന്‍വലിക്കാനാവും. പഴയ രീതിയായിരുന്നു എങ്കില്‍ 20 ലക്ഷം രൂപയുടെ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിക്കുകയും അതിന്റെ പലിശ നഷ്ടമാകുകയും ചെയ്തേനെ. പിൻവലിച്ച തുക കൈയിലിരുന്ന് ചെലവായിപ്പോകാനും സാധ്യതയുണ്ട്. ഇതെല്ലാം ഒഴിവാക്കി ചെറിയ തുകകളായി ആവശ്യത്തിനു മാത്രം പിന്‍വലിക്കുകയും മറ്റുള്ള തുകകള്‍ സ്ഥിര നിക്ഷേപമായി തുടരുകയും ചെയ്യുന്നതിനാണ് ഇതു വഴിയൊരുക്കുന്നത്. ഏഴ് ദിവസം മുതൽ കാലാവധിയുള്ള നിക്ഷേപങ്ങളിങ്ങനെ ആരംഭിക്കാനാകും. നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ച് ഇത് എളുപ്പത്തിൽ ചെയ്യാനുമാകും.
ദീര്‍ഘകാല എഫ്ഡികള് ഗുണകരം
ഉറപ്പായ വരുമാനം ലഭിക്കുന്നു എന്നതും മൂലധനം ഏതാണ്ട് പൂര്‍ണമായും സുരക്ഷിതമാണെന്നതും കൂടുതല്‍ നീണ്ട കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ ഘടകമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ നീണ്ട കാലയളവിലേക്കായിരിക്കണം സ്ഥിര നിക്ഷേപങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ അതോടൊപ്പം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം എന്തെന്നതും പരിഗണിക്കണം.
സ്ഥിര നിക്ഷേപത്തില്‍ നിന്നു മാറി മറ്റു മേഖലകള്‍ കണ്ടെത്തണോ?
പലിശ നിരക്കു കുറയുന്നത് സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷണം കുറയ്ക്കുമെന്നതു വസ്തുത തന്നെ. പക്ഷേ, അവയുടെ മറ്റു സവിശേഷതകള്‍ കണക്കിലെടുക്കുമ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ഇനിയും ആകര്‍ഷകമാണ്. മറ്റു ചില കാര്യങ്ങള്‍ കൂടി കണക്കിലെടുത്തു വേണം സ്ഥിര നിക്ഷേപങ്ങളെ, പലിശ നിരക്കു കുറയുന്ന സാഹചര്യത്തില്‍ പോലും, ഉപേക്ഷിച്ചു മറ്റു മേഖലകള്‍ തേടാന്‍. എന്തു ലക്ഷ്യത്തോടെയായിരുന്നു നിങ്ങള്‍ സ്ഥിര നിക്ഷേപം ആരംഭിച്ചതെന്ന് ആദ്യമായി സ്വയം ചോദിക്കുക. പുതിയ മേഖലയിലും ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമായിരിക്കണം നിക്ഷേപമാറ്റം നടത്തേണ്ടത്. ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം എന്നും സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. അതെത്ര എന്നു തീരുമാനിക്കേണ്ടത് നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. സ്ഥിര നിക്ഷേപ വിഹിതം കുറയ്ക്കുകയാണെങ്കിലും ആ അനുപാതം പാലിക്കണം.