വെളിച്ചെണ്ണ വില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നു. കൊച്ചി വിപണിയിൽ ക്വിന്റലിന് 300 രൂപ കൂടി വർധിച്ചു. ആഗോളതലത്തിൽ തന്നെ , കൊപ്രാ ക്ഷാമം രൂക്ഷമായതും അതേസമയം വെളിച്ചെണ്ണയ്ക്ക് നല്ല ഡിമാൻഡ് ഉള്ളതുമാണ് വില കുതിച്ചുയരാൻ വഴിയൊരുക്കുന്നത്.

കൊച്ചിയിൽ കുരുമുളക് വില കുതിപ്പിനു ബ്രേക്കിട്ട് സ്ഥിരത പുലർത്തുന്നു. ആഭ്യന്തര റബർ വിലയും മാറിയില്ല. കർഷകർക്ക് മികച്ച പ്രതീക്ഷകൾ നൽകി 5 മാസത്തെ ഇടവേളയ്ക്കുശേഷം റബർവില വീണ്ടും ആർഎസ്എസ്-4ന് 200 രൂപ ഭേദിച്ചിട്ടുണ്ട്. നിലവിലെ ട്രെൻഡ് തുടരുമോയെന്നും 2024 ഓഗസ്റ്റ് 9ന് കുറിച്ച 255 രൂപയെന്ന റെക്കോർഡ് മറികടക്കാനാകുമോ എന്നുമാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞമാസത്തെ പ്രതികൂല കാലാവസ്ഥമൂലം ടാപ്പിങ് നിർജീവമായതും വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞതുമാണ് ആഭ്യന്തര റബർവിലയെ മുന്നോട്ടു നയിച്ചത്. മെച്ചപ്പെട്ട മഴ ലഭിച്ചാൽ ടാപ്പിങ് വീണ്ടും സജീവമാകും. ബാങ്കോക്ക് വില വീണ്ടും ഉയർന്നിട്ടുണ്ട്. 

കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില വൻ തകർച്ചയിലാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ 130 രൂപ നിലവാരത്തിലായിരുന്ന കൊക്കോവില, ഇപ്പോഴുള്ളത് 80 രൂപയിൽ‌. കൊക്കോ ഉണക്കയും നേരിടുന്നത് കനത്ത വിലയിടിവ്.

കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ നിൽക്കുന്നു. ഏലയ്ക്കായ്ക്ക് നല്ല ഡിമാൻഡ് കിട്ടുന്നുണ്ട്. ലേല കേന്ദ്രങ്ങളിലെത്തിയ ചരത്ത് ഏതാണ്ട് പൂർണമായി വിറ്റുപോയി. പ്രതീക്ഷയ്ക്കൊത്ത മഴ ലഭിച്ചില്ലെങ്കിൽ സ്റ്റോക്ക് വരവ് നിർജീവമായേക്കുമെന്ന ആശങ്കയുണ്ട്.

ഏലം സംഭരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും മത്സരിക്കുന്നുണ്ടെങ്കിലും വില കാര്യമായി ഉയരുന്നുമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Coconut oil breaks record, rubber and black pepper remain steady