നിരവധി കമ്പനികൾ ഓഹരി വിപണി പ്രവേശനം നേടിയ വർഷമാണ് 2025. ഇതിലൂടെ പൊതുജനങ്ങൾക്ക് കോടികളുടെ നിക്ഷേപ അവസരമാണ് കൈവന്നത്.
എങ്കിലും രാജ്യത്തെ ഏറ്റവും വലിയ കമ്പനികൾ ഇപ്പോഴും സ്വകാര്യ മേഖലയിൽ തന്നെയാണെന്ന് റിപ്പോർട്ട്. 2025ലെ സാമ്പത്തിക പ്രകടനത്തിന്റെയും കമ്പനികളുടെ വലിപ്പത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ ‘അൺലിസ്റ്റഡ്’ കമ്പനികളുടെ പുതിയ റാങ്കിങിലാണ് ഇതുള്ളത്.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് കോഴിക്കോട് ആസ്ഥാനമായ ഒരു മലയാളി കമ്പനി ഉണ്ടെന്നതും ശ്രദ്ധേയം. ഇന്ത്യൻ ഓഹരി വിപണിയിലെ അടുത്ത ഐപിഒ തരംഗത്തിന് തുടക്കം കുറിക്കാൻ ഈ കമ്പനികൾക്ക് സാധിച്ചേക്കാമെന്നും ജെഎം ഫിനാൻഷ്യൽ ഹുറൂൺ ഇന്ത്യ അൺലിസ്റ്റഡ് ജെംസ് 2026 റിപ്പോർട്ട് പറയുന്നു.
കുറഞ്ഞത് 1,000 കോടി രൂപ വരുമാനമെങ്കിലും നേടിയ കമ്പനികളെയാണ് പട്ടിക തയാറാക്കാൻ പരിഗണിച്ചിരിക്കുന്നത്.
2.7 ലക്ഷം കോടി രൂപയുമായി റിലയൻസ് റീട്ടെയിലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. തൊട്ടുപിന്നില്‍ 83,000 കോടി രൂപയുമായി ഫ്ളിപ്കാർട്ട് സ്ഥാനം പിടിച്ചു.
മൂന്നാം സ്ഥാനത്തെത്തിയ മലബാർ ഗോൾഡിന് 66,000 കോടി രൂപയുടെ വരുമാനമാണുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
പട്ടികയിലെ ആദ്യ 100 കമ്പനികളുടെ മൊത്ത വരുമാനം 8.9 ലക്ഷം കോടി രൂപയാണ്. 2023ൽ ഇത് 6.7 ലക്ഷം കോടി രൂപയായിരുന്നു.
രണ്ട് വർഷത്തിനിടെ നേടിയത് 15.2 ശതമാനം വാർഷിക വളർച്ച. പട്ടികയിലെ എല്ലാ കമ്പനികളുടെയും വരുമാനം ചേർത്താൽ 28.5 ലക്ഷം കോടി രൂപയാകും.
ഇത് ഫിൻലൻഡിന്റെ ജിഡിപിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
ടോപ് 10 കമ്പനികളും വരുമാനവും
1.റിലയൻസ് റീട്ടെയിൽ – 2.71 ലക്ഷം കോടി
2.ഫ്ളിപ്കാർട് – 83,105 കോടി
3. മലബാർ ഗോൾഡ് – 66,872 കോടി
4.
ടാറ്റ ഇലക്ട്രോണിക്സ് – 66,601 കോടി
5.ടാറ്റ ഡിജിറ്റൽ – 32,188 കോടി
6.അദാനി പ്രോപർടീസ് – 22,726 കോടി
7.ഓഫ്ബിസിനസ് – 22,499 കോടി
8. ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി – 15,247 കോടി
9.എസ്ബിഐ ജനറൽ ഇൻഷുറൻസ് – 14,140 കോടി
10.
ഹൽദിറാം സ്നാക്സ് ഫുഡ് – 14,000 കോടി
(ജെഎം ഫിനാൻഷ്യൽ ഹുറൂൺ ഇന്ത്യ അൺലിസ്റ്റഡ് ജെംസ് 2026 റിപ്പോർട്ട്)
മുൻ വർഷത്തേക്കാൾ 38 ശതമാനം മുന്നേറ്റവുമായാണ് മലബാർ ഗോൾഡ് വരുമാന പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. ലാഭത്തിന്റെ കാര്യത്തിലും കമ്പനി 83 ശതമാനം മുന്നേറ്റമുണ്ടാക്കി.
മികച്ച ലാഭമുണ്ടാക്കിയ കമ്പനികളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് മലബാർ ഗോൾഡിനുള്ളത്. ഉപഭോക്താക്കളുടെ ഡിമാൻഡ് കൃത്യമായി മനസിലാക്കി അതു നേട്ടമാക്കി മാറ്റാനും കമ്പനിക്ക് കഴിഞ്ഞു.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭത്തിലും (എബിറ്റ്ഡ) മലബാർ ഗോൾഡ് ഏഴാം സ്ഥാനത്താണെന്നും റിപ്പോർട്ട് പറയുന്നു.
പട്ടികയിൽ മറ്റൊരു മലയാളി കമ്പനിയും മികച്ച നേട്ടമുണ്ടാക്കി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭ മാർജിനിലാണ് (എബിറ്റ്ഡ മാർജിൻ) കേരളത്തിലെ വികെസി ഗ്രൂപ്പിന് കീഴിലുള്ള ഫൂട്വെയർ ബ്രാൻഡായ വാക്കരൂ ഇടം പിടിച്ചത്.
മഹാൻരസിയ ടയേഴ്സ്, സാൻമർ ഷിപ്പിങ് എന്നീ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. നിശ്ചിത സമയത്ത് ഏത്ര വേഗത്തിലാണ് ഒരു കമ്പനി ലാഭത്തിലേക്ക് നീങ്ങുന്നതെന്ന് മനസിലാക്കാനാണ് എബിഡ്റ്റ മാർജിൻ ഉപയോഗിക്കുന്നത്.
കേരളത്തിലെ മൂന്ന് കമ്പനികൾ പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) തയാറാണെന്നും റിപ്പോർട്ട് പറയുന്നു.
മലബാർ ഗോള്‍ഡ്, മുത്തൂറ്റ് ഫിൻകോർപ്, ലുലു ഇന്റർനാഷണൽ എന്നീ കമ്പനികളാണിത്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളെയാണ് അൺലിസ്റ്റഡ് കമ്പനികളെന്ന് വിളിക്കുന്നത്. ഈ കമ്പനികളുടെ ഓഹരികള്‍ ബിഎസ്ഇ പോലുള്ള ഓഹരി വിപണികളിൽ നിന്ന് പൊതുജനങ്ങൾക്ക് വാങ്ങാനോ വിൽക്കാനോ കഴിയില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

